Loading ...

Home charity

ജീവിതം മാതൃകയാകണം

വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ അമേരിക്കയില്‍ നടന്ന സംഭവമാണ്‌. ചിക്കാഗോ മഹാനഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ ഉള്‍പ്രദേശത്തായി തിരക്കുപിടിച്ച ഒരു കോളനിയില്‍ അക്രമിസംഘം അനേകരെ കൊന്നൊടുക്കി. നാടു മുഴുവനും ഭീതി പരത്തിയ കിരാത കൊലപാതകങ്ങളായിരുന്നു അവ. സംഭ്രമജനകമായ ഈ വാര്‍ത്ത ദിനപത്രങ്ങളും ടെലിവിഷനും ചൂടോടെ ലോകത്തെ അറിയിച്ചു. അക്രമം അവസാനിപ്പിക്കുവാന്‍ പോലീസ്‌ കിണഞ്ഞു ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ചിക്കാഗോയുടെ അന്നത്തെ മേയറായിരുന്ന ജെയിനര്‍ പെയ്‌റന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തു, താനും തന്റെ കുടുംബവും ഈ കോളനിയുടെ ഉള്‍ഭാഗത്ത്‌, ഭീകരപ്രവര്‍ത്തകരായ ആളുകളുടെ മധ്യത്തില്‍ ഒരു ചെറിയ വീടെടുത്ത്‌ താമസമാക്കും. വിശ്വസിക്കുവാന്‍ പ്രയാസം തോന്നാമെങ്കിലും അവര്‍ അതു ചെയ്‌തു. ഇതു അറിഞ്ഞ ആളുകള്‍ അത്ഭുതപ്പെട്ടു. മേയറും കുടുംബവും അവിടെ താമസിച്ചു കൊണ്ട്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അക്രമി സംഘത്തിന്‌ വലിയ വ്യത്യാസം ഉണ്ടായി. വിമര്‍ശിച്ചവര്‍ മേയറേയും കുടുംബത്തെയും പ്രശംസിക്കുവാന്‍ ഇടയായി.
മറ്റൊരു സംഭവം. മഹാത്മാഗാന്ധി അഭിഭാഷകനായി ആഫ്രിക്കയില്‍ പ്രാക്‌ടീസ്‌ ചെയ്യുകയായിരുന്നു. ജീവിക്കുവാന്‍ ആവശ്യമായ എല്ലാ സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതെല്ലാം വിട്ട്‌ ഭാരതത്തില്‍ മടങ്ങി വന്ന്‌ ഇവിടുത്തെ ദരിദ്ര ജനകോടികളുടെ വേദനയൂറുന്ന ഹൃദയത്തുടിപ്പുകള്‍ തന്റെ കൂടി വേദനയായി സ്വയം ഏറ്റെടുത്തു. ആഡംബര പൂര്‍ണമായ പാശ്‌ചാത്യ വേഷവിധാനം നീക്കി വച്ചിട്ട്‌ തികച്ചും ഭാരതീയമായ, ഗ്രാമീണ വസ്‌ത്രധാരണം സ്വീകരിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. ഒരു ശരാശരി ഭാരതീയന്‌ ഉടുപ്പ്‌ ഇല്ലാത്തതിനാല്‍ അദ്ദേഹം വേഷ്‌ടി മാത്രം ഉടുത്ത്‌, ഉടുപ്പ്‌ ധരിക്കാതെ, ഗ്രാമീണരുടെ ഇടയിലേക്ക്‌ കടന്നു ചെന്നു. അവരോടൊപ്പം തറയില്‍ പടഞ്ഞിരുന്ന്‌ ആഹാരം കഴിച്ചു. അവരുടെ കുട്ടികളോടൊത്ത്‌ ചിരിച്ചു കളിച്ചു. അവരുടെ കഷ്‌ടതയും വേദനയും ദുഃഖവും എല്ലാം തന്റേതായി കണ്ടു. അങ്ങനെ താന്‍ പ്രസംഗിച്ച ഓരോ കാര്യവും സ്വന്തം ജീവിതത്തിലൂടെ പ്രവര്‍ത്തിച്ചു മാതൃക കാണിച്ചു. മഹാത്മജി, തന്റെ മാതൃകാപരമായ ജീവിതത്തിലൂടെ, പ്രവര്‍ത്തനത്തിലൂടെ, ഉപവാസത്തിലൂടെ, കണ്ണുനീരിലൂടെ ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം നേടിയെടുത്തു; അങ്ങനെ ഭാരതീയരുടെ ആദരണീയനായ നേതാവും മാതൃകാ മനുഷ്യനുമായിത്തീര്‍ന്നു. രാഷ്ര്‌ടപിതാവ്‌ എന്ന നിലയില്‍ ഭാരതീയ ജനസഞ്ചയത്തിന്റെ ഹൃദയത്തില്‍ അദ്ദേഹം ചിരപ്രതിഷ്‌ഠ നേടി.
വേദപുസ്‌തകത്തില്‍ നെഹെമ്യാവ്‌ എന്ന ഒരു മനുഷ്യനെപ്പറ്റി നാം വായിക്കുന്നു. പേര്‍ഷ്യന്‍ രാജാവായിരുന്ന അര്‍ത്ഥഹ്‌ശഷ്‌ടാവിന്റെ കൊട്ടാരത്തില്‍ ഉന്നത സ്‌ഥാനം വഹിച്ചിരുന്ന ഒരു യെഹൂദനായിരുന്നു ഇദ്ദേഹം. നെഹെമ്യാവിനെ സംബന്ധിച്ചിടത്തോളം മറ്റാരുടെയും വിഷയങ്ങളിലൊന്നും തലയിടേണ്ട ആവശ്യമില്ല. തന്നെ ആരും ഉപദ്രവിക്കാന്‍ വരികയില്ല. സുരക്ഷിതനായി കൊട്ടാരത്തിന്റെ കോട്ടമതിലുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടാം. ഈ ഭൂമിയില്‍ ലഭിക്കാവുന്ന സകല സുഖസൗകര്യങ്ങളും തനിക്കിപ്പോള്‍ അവിടെയുണ്ട്‌. എന്നാല്‍ നെഹെമ്യാവ്‌ അതുമതി എന്നു വിചാരിച്ചില്ല. തന്റെ നാട്ടുകാര്‍, തന്റെ സ്വന്തജനം കഷ്‌ടതയനുഭവിക്കുന്നു. അവര്‍ നിരാശയിലും വേദനയിലും ആയിരിക്കുന്നു. അവരുടെ സുരക്ഷിതത്വത്തിനായി നിര്‍മ്മിച്ചിരുന്ന പട്ടണ മതിലുകള്‍ എല്ലാം പൊളിഞ്ഞു, നശിച്ചു, തീ വെന്തു കിടക്കുകയാണ്‌. ഈ വിവരം കേട്ടറിഞ്ഞ നെഹെമ്യാവ്‌ വലിയ ദുഃഖത്താല്‍ നിലവിളിക്കുന്നു, കരയുന്നു, ഉപവസിക്കുന്നു. ഇന്ന്‌ നമുക്ക്‌ ആവശ്യമായിരിക്കുന്നത്‌ സ്വന്തം ജീവിതംകൊണ്ട്‌ മാതൃക കാണിച്ചു കൊടുക്കാന്‍ കഴിയുന്ന വ്യക്‌തികളെയാണ്‌. വിദ്യാഭ്യാസ മണ്ഡലത്തില്‍ - സ്‌കൂള്‍ അധ്യാപകര്‍, കോളേജ്‌ അധ്യാപകര്‍ തുടങ്ങിയവരില്‍, വൈദ്യരംഗത്ത്‌ - ഡോക്‌ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവരില്‍, നിയമരംഗത്ത്‌- ന്യായാധിപന്മാര്‍, അഭിഭാഷകര്‍ തുടങ്ങിയവരില്‍, വൈദികശുശ്രൂഷാ വേദികളില്‍- ബിഷപ്പുമാര്‍, പട്ടക്കാര്‍, പാസ്‌റ്റര്‍മാര്‍ തുടങ്ങിയവരില്‍ ആവശ്യമായിരിക്കുന്നത്‌ ഏറ്റവും മേന്മയേറിയ മാതൃകാപരമായ ജീവിതമാണ്‌.
ഇങ്ങനെ മാതൃകാപരമായ ഒരു ജീവിതം നയിക്കുവാന്‍ സ്വന്തമായ തീരുമാനംകൊണ്ടോ കഴിവുകൊണ്ടോ നമുക്കു സാധ്യമല്ല. അതുകൊണ്ടാണ്‌ യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായത്തില്‍ യേശുക്രിസ്‌തു പറഞ്ഞത്‌: എന്നില്‍ വസിപ്പിന്‍, ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്ബിന്‌ മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്‌പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴിയുകയില്ല. ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്ബുകളും ആകുന്നു. ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്‌ക്കും. എന്നെപ്പിരിഞ്ഞ്‌ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്‌വാന്‍ കഴികയില്ല. ദൈവത്തെക്കൂടാതെ, ഒരുവന്റെ ജീവിതം ധന്യമായിത്തീരുകയില്ല. സ്‌നേഹിക്കുവാന്‍, കരുതുവാന്‍, സഹായിക്കുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്‌ടമാക്കാതെ ഉപയോഗിച്ച്‌, കുടുംബത്തിന്‌, സമൂഹത്തിന്‌, രാഷ്ര്‌ടത്തിന്‌ ഒരു മാതൃകാജീവിതം കാഴ്‌ച വയ്‌ക്കുവാന്‍ ശ്രമിക്കുക.

Related News