Loading ...

Home Education

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും കുതിപ്പ് തുടരുന്നു

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കം കാഞ്ഞങ്ങാട് പുരോഗമിക്കുമ്ബോള്‍ സ്വര്‍ണകപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച്‌ വടക്കന്‍ ജില്ലകള്‍. 60-ാമത് സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും കോഴിക്കോട് ജില്ലയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ആദ്യ ദിനം മുതല്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കോഴിക്കോടിന് നിലവില്‍ 600 പോയിന്രാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 592 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 589 പോയിന്റുമാണുള്ളത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്ലെത്തിയതോടെ സദസിലെ പങ്കാളിത്തവും വര്‍ധിച്ചു. കലോത്സവ വേദിയിലെ ഏറ്റവും പ്രിയപ്പെട്ട ഇനമായ ഒപ്പനയായിരുന്നു എന്നത്തെ പ്രധാന സവിശേഷത. ആയിരകണക്കിന് ആളുകളാണ് മൊഞ്ചത്തിമാരായ മണിവാട്ടികളെയും കൂട്ടുകരികളെയും അവരുടെ ചടുലമായ നൃത്തചുവടുകളും കാണാന്‍ പ്രധാന വേദിയിലെത്തിയത്.അറബനമുട്ട്, പരിചമുട്ട് എന്നിങ്ങനെ വേദിയെ ഇളക്കിമറിക്കുന്ന കുട്ടികളുടെ പ്രകടനങ്ങള്‍ കാണാനും വലിയ തിരക്ക് അനുഭവപ്പെട്ടു. അതേസമയം നാടന്‍ പാട്ട് വേദിയില്‍ നേരിയതോതില്‍ സംഘര്‍ഷം ഉണ്ടായി. ശബ്ദ സംവിധാനത്തില്‍ പോരായ്മയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നാല് പരിശീലകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍ പാട്ട് മത്സരം നടന്ന 27-ാം വേദിയിലാണ് പ്രതിഷേധമുണ്ടായത്. 2000 വാട്‌സ് ശബ്ദസംവിധാനം അപര്യാപ്തമാണെന്നാരോപിച്ചാണ് പരിശീലകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. കുറച്ച്‌ പേര്‍ വേദിക്ക് മുന്നില്‍ നാടന്‍ പാട്ട് പാടി പ്രതിഷേധിച്ചു. അതേസമയം കലോത്സവ വേദിയിലേക്ക് കാണികള്‍ ഒഴുകിയെത്തിയതോടെ നഗരത്തില്‍ ഗതാഗതവും തടസപ്പെട്ടു. ഗതാഗതപ്രശ്നം രൂക്ഷമായതോടെ ജില്ലാകളക്ടര്‍ വരെ ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങി.

Related News