Loading ...

Home Education

എംജിസര്‍വകലാശാലയില്‍ 2020ലെ പരീക്ഷ കലണ്ടറായി

കോട്ടയം: അടുത്തവര്‍ഷം അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം ഏപ്രിലിലും ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം മെയ് 15ന് മുമ്ബും പ്രഖ്യാപിക്കാനാണ് ശ്രമമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. 2020 അക്കാദമിക വര്‍ഷത്തെ പരീക്ഷ കലണ്ടറിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനകളുടെയും സര്‍വകലാശാല ജീവനക്കാരുടെ സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും വിവിധ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ പഠനദിവസം ഉറപ്പാക്കി പരീക്ഷകള്‍ കൃത്യമായി നടത്തി ഫലം അതിവേഗത്തില്‍ നല്‍കാനുള്ള കഠിന പരിശ്രമമാണ് സര്‍വകലാശാല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും സര്‍വകലാശാല ജീവനക്കാരും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് വളരെ വേഗം പരീക്ഷയും ഫലപ്രഖ്യാപനവും നടത്താന്‍ കഴിയുന്നതെന്ന് പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി റ്റി അരവിന്ദകുമാര്‍ പറഞ്ഞു. ബിരുദം ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്‌ടോബറില്‍ പൂര്‍ത്തീകരിച്ച്‌ നവംബറില്‍ മൂല്യനിര്‍ണയ ക്യാമ്ബുകള്‍ സംഘടിപ്പിക്കാനും രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച്‌ ഏപ്രിലില്‍ മൂല്യനിര്‍ണയ ക്യാമ്ബുകള്‍ സംഘടിപ്പിക്കുമെന്ന്‌ സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍ പ്രഗാഷ് പറഞ്ഞു. ബിരുദാനന്തര ബിരുദ ഒന്ന്, മൂന്ന്, സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍- --നവംബറില്‍ നടക്കും. രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രിലില്‍ നടക്കും. മൂല്യനിര്‍ണയമടക്കമുള്ള പരീക്ഷജോലികള്‍ മെയ് മാസത്തിന് മുമ്ബ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ബിരുദം (പ്രൈവറ്റ്) അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം ഏപ്രിലിലും ബിരുദാനന്തര ബിരുദം (പ്രൈവറ്റ്) മൂന്ന്, നാല് സെമസ്റ്ററുകളുടെ ഫലം മെയ് 15ന് മുമ്ബും പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന് ഒന്നാം സെമസ്റ്റര്‍ ബിരുദക്ലാസുകള്‍ ആരംഭിക്കും. മതിയായ പഠനദിവസം ഉറപ്പാക്കാനും കലോത്സവങ്ങള്‍ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം സമയബന്ധിതമായി പ്രഖ്യാപിക്കും. 2020 അഡ്മിഷന്‍ മുതല്‍ എല്‍എല്‍ബി പരീക്ഷ നടത്തിപ്പും ടാബുലേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും ഓണ്‍ലൈനാക്കും.

Related News