Loading ...

Home charity

അനാഥാലയത്തിൽ നിന്ന് സിവിൽ സർവിസിലേക്കുള്ള നോമ്പുദൂരം by മുഹമ്മദലി ശിഹാബ്

1991ലെ നോമ്പ് കാലത്താണ് പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ തനിച്ചാക്കിപ്പോകുന്നത്. ഉപ്പയുടെ വിടപറച്ചിലോടെ എന്‍െറ ബാല്യവും കൗമാരവും കോഴിക്കോട് മുക്കം അനാഥാലയത്തിലേക്ക് പറിച്ചുനടുകയായിരുന്നു. നോമ്പിനായുള്ള കാത്തിരിപ്പുകൂടിയായി ഇക്കാലങ്ങള്‍. വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് വീട്ടില്‍ പോകാന്‍ അനുവാദമുള്ളത്. അതിലൊന്ന് നോമ്പ് കാലത്താണെന്നതായിരുന്നു ആ സന്തോഷത്തിന്‍െറ രഹസ്യം. ഓര്‍ഫനേജില്‍ ചേര്‍ന്ന് രണ്ടാം വര്‍ഷത്തെ നോമ്പുകാലം ഇന്നും ഓര്‍ക്കാറുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാവരും തലേദിവസം തന്നെ വീട്ടിലേക്ക് പോയെങ്കിലും പനിബാധിച്ച് കിടപ്പിലായ ഞാന്‍ വീട്ടുകാരെയും കാത്തിരിക്കുകയായിരുന്നു. ഗേറ്റ് കടന്നുവരുന്ന മുഖങ്ങളില്‍ വീട്ടുകാരെയും തേടിയുള്ള ആ ഇരിപ്പ് ഇന്നും ഓര്‍ത്തെടുക്കാറുണ്ട്. ഉമ്മയല്ളെന്നറിയുമ്പോള്‍ കണ്ണീര്‍ തുടച്ച് വീണ്ടും കാത്തിരിപ്പായിരുന്നു. രണ്ടു ദിവസത്തിനുശേഷം ഉമ്മ എന്നെ കൊണ്ടുപോകാനത്തെുമ്പോള്‍ ആരെയും കാത്തിരിക്കാനില്ലാത്ത കുറച്ചുപേര്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.മതസൗഹാര്‍ദത്തിന്‍െറ നല്ല മാതൃകകള്‍ നോമ്പുകാലത്ത് അനുഭവിച്ചറിയുന്നത് ഡല്‍ഹിയിലെ സിവില്‍ സര്‍വിസ് പഠനകാലത്താണ്. മരംകോച്ചുന്ന തണുപ്പിലും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഓള്‍ഡ് ഡല്‍ഹിയിലെ റമദാന്‍ ദിനങ്ങളില്‍ സഹപാഠികളായ സന്ദീപും അഭിലാഷും എന്‍െറ നോമ്പ് കാര്യത്തില്‍ കാണിച്ച ആവേശം മറക്കാവുന്നതല്ല. അപരിചിതമായ ആ ചുറ്റുപാടില്‍ ഒരു നോമ്പുകാരനെന്ന നിലയില്‍ എനിക്കേറ്റവും സഹായം ലഭിച്ചത് അവരില്‍നിന്നായിരുന്നു. ഓരോ ദിവസത്തെയും അത്താഴവും നോമ്പുതുറയുമെല്ലാം ദൈവസഹായത്താല്‍ നടന്നിരുന്ന ദിനങ്ങള്‍. ഇതിനിടെയാണ് തങ്ങളുടെ പ്രയാസം നേരില്‍ കണ്ട ഒരു പൊതുപ്രവര്‍ത്തകന്‍ അടുത്തദിവസം നടക്കുന്ന ഇഫ്താറിലേക്ക് ഞങ്ങളെയും ക്ഷണിക്കുന്നത്. ലോധി റോഡിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. സുഭിക്ഷമായ നോമ്പുതുറ മനസ്സില്‍ കരുതി മുറിയില്‍നിന്ന് ഇറങ്ങിയെങ്കിലും ഹോട്ടലറിയാതെ കുഴങ്ങി. നിരവധി വിഭവങ്ങളുള്ള നോമ്പുതുറക്ക് ക്ഷണം ലഭിച്ചതിനിടയില്‍ വ്യക്തമായ മേല്‍വിലാസം ചോദിക്കാന്‍ മറന്നുപോയിരുന്നു. വഴിയറിയായെ കിലോമീറ്ററുകളോളം ഓടിയും നടന്നും ഹാളിലത്തെുമ്പോഴേക്കും നോമ്പുതുറ അവസാനിച്ചിരുന്നു. ഒടുവില്‍ അവിടെനിന്ന് മഗ്രിബ് നമസ്കരിച്ച് അതേ വിശപ്പും ദാഹവും ഉള്ളിലൊതുക്കി അത്രയും ദൂരം തിരിച്ചുനടക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സിവില്‍ സര്‍വിസ് ലഭിച്ച് അതേ ഹാളില്‍നിന്ന് സ്വീകരണം ഏറ്റുവാങ്ങുമ്പോഴും മനസ്സ് നിറയെ അന്നത്തെ നോമ്പുതുറയുടെ ഓര്‍മകളായിരുന്നു.സിവില്‍ സര്‍വിസ് പരീക്ഷ പാസായി പരിശീലനത്തിനായി ഉത്തരാഖണ്ഡിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അക്കാദമിയില്‍ ആദ്യമായി എത്തുന്നതും ഒരു നോമ്പ് കാലത്താണ്. 2011ല്‍ നോമ്പിന്‍െറ അവസാന പത്തില്‍. തിരക്കേറിയ പരിശീലന ദിനങ്ങള്‍ക്കിടയിലും നോമ്പിന്‍െറ സായാഹ്നങ്ങള്‍ അവിസ്മരണീയമായിരുന്നു. ‘നര്‍മദ’ ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം നോമ്പുതുറക്കാന്‍ ഒരുമിച്ചുകൂടിയ നാളുകള്‍. വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ഓരോരുത്തരും ശേഖരിച്ച് പരസ്പരം പങ്കുവെക്കുന്നതായിരുന്നു അന്നത്തെ നോമ്പുതുറകള്‍. അക്കാദമി ജീവനക്കാരനായ സുല്‍ഫിക്കര്‍ അലിയുടെ പരിപ്പ് പായസവും അക്കാദമി മെസില്‍നിന്ന് ഈത്തപ്പഴമടക്കമുള്ള വിവിധ ഇനം പഴങ്ങളും. അക്കാദമിയിലെ നോമ്പിന്‍െറ മാധുര്യം തിരിച്ചറിയുന്നത് അതിര്‍വരമ്പുകളില്ലാത്ത സൗഹാര്‍ദത്തിന്‍െറ സാധ്യതകള്‍ തന്നെയായിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യത്യസ്തമായ സംസ്കാരത്തിന്‍െറ ഭാഗമായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ചിരുന്ന് സ്നേഹം പങ്കുവെക്കുന്ന വേദികൂടിയായിരുന്നു ഞങ്ങളുടെ നോമ്പ് തുറകള്‍.സിവില്‍ സര്‍വിസ് പരിശീലനത്തിന്‍െറ ഭാഗമായി വിദേശയാത്രക്കും അവസരം ലഭിച്ചിരുന്നു. 2013 ജൂലൈയില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ വിമാനമിറങ്ങിയതും ഒരു നോമ്പുകാലത്തായിരുന്നു. യാത്രയിലുടനീളം സഹപാഠികള്‍ സമ്മാനിച്ച സ്നേഹവായ്പ് ഈ നോമ്പ് കാലത്തിന്‍െറ മധുരമൂറുന്ന ഓര്‍മകളാണ്. പള്ളികളാല്‍ സമ്പുഷ്ടമായ ജകാര്‍ത്തയിലെ നിരവധി ആരാധനാലയങ്ങളില്‍ പോകാനായെങ്കിലും ദേശീയ പള്ളിയായ ‘മസ്ജിദ് ഇസ്തിഖ്ലാല്‍’ സന്ദര്‍ശിക്കാനായതും അവിടെനിന്ന് നോമ്പുതുറക്കാനായതും വ്യത്യസ്ത അനുഭവമായിരുന്നു. രാജ്യത്തിന് സ്വതന്ത്ര്യം ലഭിച്ചതിന്‍െറ സ്മരണയിലാണ് ഈ പള്ളിക്ക് ‘സ്വാതന്ത്ര്യത്തിന്‍െറ പള്ളി ’എന്ന പേര് നല്‍കിയത്. ഇത് സ്ഥിതിചെയ്യുന്നത് മെര്‍സേക്ക ചത്വരത്തിനും ജകാര്‍ത്ത കത്തീഡ്രലിനുമകത്താണ്. റമദാനിലെ രാത്രിയില്‍ അവിടെ ചെലവഴിക്കാനായത് ഒരു നവ്യാനുഭവമായിരുന്നു.ആ യാത്രയിലെ മറക്കാനാകാത്ത ഒരു മുഖമാണ് ഹോട്ടലിലെ റൂം ബോയി ആയിരുന്ന ആരിഫ് റഹ്മാന്‍േറത്. ഇന്ത്യക്കാരെ വളരെയധികം ഇഷ്ടപ്പെടുന്ന ആരിഫ് അവന്‍െറ നാട്ടിലെ കൊതിയൂറുന്ന നോമ്പ് വിഭവങ്ങളെല്ലാം എനിക്ക് എത്തിച്ചുതരുമായിരുന്നു. കൂടാതെ, അതിന്‍െറ പ്രത്യേകതയും മനോഹരമായി അവതരിപ്പിക്കുമായിരുന്നു ആ കൊച്ചുപയ്യന്‍. നേരത്തേ, ഞങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോയില്‍ ‘ഹാപ്പി ഫാസ്റ്റിങ് ഡേ’ എന്നെഴുതി ഫ്രെയിം ചെയ്ത ഫോട്ടോയും അവന്‍ സമ്മാനിച്ചു.ഇവിടെനിന്നും നേരെ സിംഗപ്പൂരിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. വൈകുന്നേരങ്ങളില്‍ അടുത്തുള്ള പള്ളികളില്‍ പോയി നോമ്പുതുറക്കും. പകല്‍ സിംഗപ്പൂര്‍ സിവില്‍ സര്‍വിസ് അക്കാദമിയിലും വൈകുന്നേരങ്ങളില്‍ കാഴ്ചകള്‍ കാണാന്‍ പോകുന്നതുമായിരുന്നു കൂടെയുണ്ടായിരുന്നവരുടെ രീതി. സിംഗപ്പൂരില്‍ ഞാന്‍ അധികവും നോമ്പുതുറക്കാന്‍ പോയിരുന്നത് ഇന്ത്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ എന്ന സ്ഥലത്തെ പള്ളിയിലായിരുന്നു. ബംഗാളി സംസാരിക്കുന്നവരായിരുന്നു കൂടുതലായും അവിടെ നോമ്പ് തുറക്കാന്‍ എത്തിയിരുന്നത്. ചെറുകിട കച്ചവടക്കാരും മറ്റു തൊഴിലുകള്‍ ചെയ്ത് ഉപജീവനം തേടുന്നവരുമായിരുന്നു ഇവരില്‍ ഭൂരിഭാഗവും.പരസ്പരം സ്നേഹത്തോടെ നോമ്പുതുറപ്പിക്കാന്‍ മത്സരിക്കുന്ന ഒരു പറ്റം മനുഷ്യരെയായിരുന്നു അവിടെ കാണാനായത്. ലിറ്റില്‍ ഇന്ത്യയെ കൂടാതെ ചൈന ടൗണിലെ പള്ളിയിലും നോമ്പുതുറക്കാന്‍ സാധിച്ചിരുന്നു. അവിടെ ഒരു പാത്രത്തില്‍നിന്നുതന്നെ രണ്ടും മൂന്നും പേര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന രീതിയാണുണ്ടായിരുന്നത്. നേരത്തേ, നമ്മുടെ നാട്ടിലുണ്ടായിരുന്ന സംവിധാനം വികസിത രാജ്യമായ സിംഗപ്പൂരിലെ പള്ളിയില്‍നിന്ന് അനുഭവിച്ചറിഞ്ഞപ്പോള്‍ നന്മയും സ്നേഹവുമെല്ലാം ലോകത്തിന്‍െറ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന പ്രതീതിയായിരുന്നു. അവസാന പത്തിലായിരുന്നു സിംഗപ്പൂര്‍ ദിനങ്ങള്‍. മിക്ക പള്ളികളിലും സകാത്തിന്‍െറ പ്രാധാന്യം അറിയിക്കുന്ന നോട്ടീസുകള്‍ പതിച്ചിരുന്നു.പരിശീലനത്തിന്‍െറ ഭാഗമായി നാഗാലന്‍ഡിലെ ദിമാപൂരിലും പിന്നീട് സബ്കലക്ടറായി കൊഹിമയിലത്തെുന്നതുമെല്ലാം ഒരു നോമ്പ് കാലത്താണ്. ഇന്ത്യയില്‍ അരുണോദയം ആദ്യം ദൃശ്യമാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് നാഗാലാന്‍ഡ്. ഗിരിശൃംഗങ്ങളും മലമണിക്കാടും കൊണ്ട് അതിമനോഹരമായ നാഗാ പ്രകൃതിയുടെ മഞ്ഞണിഞ്ഞ പുലര്‍കാലത്ത് നേരത്തേ തന്നെ സൂര്യന്‍ ഉദിച്ചുതുടങ്ങും. ഇവിടെ അത്താഴസമയം നാട്ടില്‍നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ മൂന്നുമണിയോടെയാണ്. 15 മണിക്കൂറോളം ദൈര്‍ഘ്യമേറിയ പകലുകളാണ് നാഗാലന്‍ഡിലെ നോമ്പിന്‍െറ പ്രത്യേകത. കേരളത്തിലെ നോമ്പ് സങ്കല്‍പങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇവിടെ നോമ്പ് കാലം. ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് നോമ്പുതുറകളിലുണ്ടാകുക.

തയാറാക്കിയത്: അബ്ദുല്‍ റഊഫ്

Related News