Loading ...

Home charity

ക്വാഡനെ ഡിസ്‌നിലാന്റിലേയ്ക്ക് അയക്കാന്‍ ജനങ്ങള്‍ സ്വരൂപിച്ചത് 50 ലക്ഷത്തോളം രൂപ; തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി ക്വാഡന്റെ കുടുംബം

ഓസ്ട്രേലിയ: ഉയരക്കുറവിന്റെ പേരില്‍ സുഹൃത്തുക്കള്‍ കളിയാക്കുന്നുവെന്ന് വിഷമിച്ച്‌ ലൈവില്‍ എത്തി തന്നെ ഒന്ന് കൊന്നു തരോ എന്ന് ചോദിച്ച്‌ സോഷ്യല്‍മീഡിയയുടെ കണ്ണ് നിറച്ച ഒമ്ബതുവയസ്സുകാരന്‍ ക്വാഡന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്വാഡനെ ഡിസ്‌നിലാന്റിലേയ്ക്ക് അയക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വരൂപിച്ച്‌ നല്‍കിയ പണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുക്കാന്‍ കുടുംബം തീരുമാനിച്ചതാണ് വീണ്ടും വാര്‍ത്തയില്‍ ഇടംനേടുന്നത്. ഹോളിവുഡ് നടനും കൊമേഡിയനുമായ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 70000 ഡോളറാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ) ഇവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. ' ഈ പണം അതിനാവശ്യമുള്ള കാരുണ്യപ്രവര്‍ത്തന സംഘടനകളുടെ കൈയ്യിലാണ് എത്തേണ്ടത്. ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് അവര്‍ക്കറിയാം,' ക്വാഡന്റെ അമ്മയുടെ സഹോദരി പറയുന്നു. 'ഏതു കുട്ടിക്കാണ് ഡിസ്നിലാന്റിലേക്ക് പോവാന്‍ താല്‍പര്യമില്ലാത്തത്? പ്രത്യേകിച്ച്‌ ക്വാഡനെ പോലൊരുകുട്ടിക്ക്. പക്ഷെ നമുക്ക് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കാം എന്നാണ് എന്റെ സഹോദരി പറഞ്ഞത്. ഈ ചെറിയ കുട്ടി കളിയാക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഉപദ്രവിക്കലും കളിയാക്കലും മൂലം എത്ര ആത്മഹത്യകളാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഞങ്ങളുടെ ഡിസ്നിലാന്റ് യാത്രയേക്കാളും കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്കാണ് ഈ പണം ആവശ്യം,' അവര്‍ കൂട്ടിച്ചേര്‍ത്തു. ഉയരക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസ് ആണ് ക്വാഡന് പിന്തുണയറിയിച്ചു കൊണ്ട് ഓണ്‍ലൈന്‍ മുഖേന സംഭാവന സ്വരൂപിക്കലിന് തുടക്കമിട്ടത്. ക്വാഡനെയും അമ്മയെയും ഡിസ്നിലാന്റിലേയ്ക്ക് അയക്കാന്‍ വേണ്ടിയായിരുന്നു ഇത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്വാഡന് സഹായമെത്തി. ബ്രാഡ് വില്യംസിനെ കൂടാതെ നിരവധി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിച്ച്‌ രംഗത്ത് വന്നു.

Related News