Loading ...

Home Education

ഇനി അവര്‍ കാഴ്ചക്കാരല്ല, പങ്കാളികള്‍; സ്‌കൂള്‍ കായിക മേള ഭിന്നശേഷി സൗഹൃദമാകുന്നു

കോഴിക്കോട്: സ്‌കൂള്‍ കായികമേളകള്‍ ഭിന്നശേഷി സൗഹൃദമാകുന്നു. നിലവിലെ രീതിയിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ കളിക്കളങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ് പതിവ്. അവരെ കായിക മത്സരങ്ങളിലേക്കും കളിക്കളങ്ങളിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സര്‍വ ശിക്ഷ അഭിയാനും എസ് സി ഇ ആര്‍ ടിയും നടത്തുന്നത്. ഇതിനായി ഭിന്നശേഷിക്കാര്‍ക്ക് പങ്കെടുക്കാനാകും വിധം കായിക ഇനങ്ങളുടെ രൂപംമാറ്റിയെടുക്കും. "ഭിന്നശേഷിക്കാര്‍ക്ക് മാത്രം കളിക്കാന്‍ കഴിയുന്ന ഇനങ്ങളുടെ രൂപകല്‍പനയല്ല ലക്ഷ്യം. ശാരീരിക പരിമിതികളുള്ള കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയും വിധമുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. കുട്ടികളെ എങ്ങനെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും എന്ത് മാറ്റങ്ങളാണ് വേണ്ടതെന്നുമുള്ള പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിട്ടുണ്ട്‌," എസ് എസ് എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഷൂജ എസ് വൈ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

നൂറോളം ഗെയിംസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ സ്‌പോര്‍ട്‌സ്‌, ഗെയിംസ് ഇനങ്ങളെ ഭിന്നശേഷിക്കാര്‍ക്ക് അനുരൂപമാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇനവും കുട്ടികളുടെ ഭിന്നശേഷികള്‍ക്ക് അനുസരിച്ചാണ് രൂപം മാറുന്നത്. ഉദാഹരണമായി, വോളിബോള്‍ തന്നെ നാലഞ്ച് രൂപത്തിലേക്ക് മാറ്റുന്നുണ്ട്. ഇരുന്ന് കളിക്കാന്‍ പറ്റുന്നതും വീല്‍ ചെയറില്‍ ഇരുന്ന് കളിക്കാന്‍ പറ്റുന്നതുമൊക്കെയുള്ള ഇനങ്ങള്‍ ഉണ്ടാകും. അത്‌ലറ്റിക്‌സിലും ഇത്തരത്തിലുള്ള അഡോപ്‌റ്റേഷന്‍ ഉണ്ടാകും. അതുപോലെ കളിനിയമങ്ങളിലും മാറ്റം കൊണ്ടുവരും. അന്താരാഷ്ട്ര പാരാലിമ്ബിക്‌സ് ചട്ടങ്ങള്‍ പാലിച്ചാകും മത്സരങ്ങള്‍ നടത്തുക. കരട് തയ്യാറാക്കിയപ്പോള്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്തെ ഡോക്ടര്‍മാരുടെ അഭിപ്രായവും തേടിയിരുന്നു. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള കരട് കുട്ടികളില്‍ നേരിട്ട് പരീക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഷൂജ പറഞ്ഞു. സാധാരണ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഒരു പദ്ധതി തയ്യാറാക്കിയാല്‍ അവരില്‍ അതിന്റെ പരീക്ഷണം നടത്താറുണ്ടെന്നും എന്നാല്‍ അപകട സാധ്യത കൂടുതലുള്ളതിനാല്‍ നിലവിലെ പരിശീലകരും അധ്യാപകരും കായിക അധ്യാപകരും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ആദ്യം പദ്ധതി പരിചയപ്പെടുത്തുന്നത്. വാര്‍ഷിക പരീക്ഷയ്ക്കുശേഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലന നല്‍കിയശേഷം ഏപ്രില്‍ അവസാനത്തോടെ മത്സരങ്ങള്‍ നടത്താനാണ് എസ് എസ് എ പദ്ധതി. ഈ മത്സരങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തി കരട് പുതുക്കിയെഴുതി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിനും സമര്‍പ്പിക്കും. എസ് എസ് എയുടെ പദ്ധതിയുടെ ഭാഗമായിട്ടാകും കേന്ദ്ര സര്‍ക്കാരിന് കരട് സമര്‍പ്പിക്കുക. അക്കാദമിക മേഖലയിലും കലാ മത്സരങ്ങളിലും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് അവരെ കായിക മത്സരങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഈ മാറ്റങ്ങളെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ എടുത്താകും ഭിന്നശേഷിക്കാരുടെ കായിക ഇനങ്ങളില്‍ പൂര്‍ണത കൈവരിക്കാന്‍ ആകുകയുള്ളൂ. എല്ലാ ഡിആര്‍സികളിലും പരിശീലനക്കളരികള്‍ വരും. ഡിആര്‍സികള്‍ തമ്മിലും മത്സരങ്ങള്‍ നടത്തും. ഇപ്പോള്‍ ഭിന്നശേഷിക്കാരെ കായിക മത്സരത്തില്‍ ഇറക്കാനുള്ള പേടി അധ്യാപകരില്‍ നിന്നും ഇല്ലാതാക്കേണ്ടതുമുണ്ട്. മത്സരങ്ങള്‍ സുരക്ഷിതമാണെന്ന വിശ്വാസം അധ്യാപകരിലും രക്ഷിതാക്കളിലും ഉണ്ടാകാന്‍ വര്‍ഷങ്ങളെടുക്കും.

Related News