Loading ...

Home Education

സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും പ്രസവാവധി ആനുകൂല്യങ്ങള്‍; അന്തിമ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച്‌ തൊഴില്‍ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. സ്വകാര്യസ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തി കൊണ്ടുള്ളതാണ് ഇത്. സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം എന്ന നിലയ്ക്കാണ് ശനിയാഴ്ച അന്തിമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായ വിഷയം ആയതിനാലാണ് നടപടികള്‍ വൈകിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.



Related News