Loading ...

Home Education

കെ.എ.എസ്: പ്രിലിമിനറി ഫലം ഉടന്‍, മെയിന്‍ പരീക്ഷയ്ക്കായി ഒരുങ്ങാം

കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗത്തിന്റെ തിരഞ്ഞെടുപ്പിനുള്ള പ്രധാനപ്പെട്ടഘട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. കെ.എ.എസ്. (കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്) മെയിന്‍ പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ജൂലായില്‍ മെയിന്‍ പരീക്ഷ നടക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് അഞ്ചുമാസം വരെ തയ്യാറെടുപ്പിന് ഉദ്യോഗാര്‍ഥികള്‍ക്കു സമയം ലഭിച്ചേക്കും. വിവരണാത്മകമായ മെയിന്‍ പരീക്ഷയുടെ വിശാലമായ സിലബസിനെ നേരിടാന്‍ കൃത്യമായ ഗെയിംപ്ലാന്‍ കൂടിയേ തീരൂ. ജനറല്‍സ്റ്റഡീസ് മാത്രം പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. ജനറല്‍സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍. ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്‌കാരികപൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ന്റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍-2 ലെ പഠനമേഖലകള്‍. ഇക്കോണമി ആന്‍ഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍-3 ന്റെ വിഷയങ്ങള്‍. നിലവാരം ഉയര്‍ന്നുതന്നെ കെ.എ.എസി.ന്റെ പ്രിലിമിനറിയുടെ ചോദ്യങ്ങളുടെ സ്വഭാവം എങ്ങനെയാവും എന്നൊരു വ്യക്തതക്കുറവ് പരീക്ഷക്കു മുന്‍പ് വരെ ഉണ്ടായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയതുപോലെത്തന്നെ സിവില്‍ സര്‍വീസിലെ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്കുവന്നത്. മെയിന്‍ പരീക്ഷയ്ക്കും ചോദ്യങ്ങളില്‍ ഇതേ സ്വഭാവം പ്രതീക്ഷിക്കാം.
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടേതിന് സമാനമായ നിലവാരമുള്ള ചോദ്യങ്ങളാവും കെ.എ.എസ്. മെയിനിനും എന്നത് ഏറെക്കുറെ ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന നിലവാരത്തിലെ പരീക്ഷാ തയാറെടുപ്പുകളാണ് നടത്തേണ്ടത്.
ആരൊക്കെ പ്രിലിമിനറി കടക്കും വ്യത്യസ്തനിലവാരങ്ങളിലുള്ള ഉദ്യോഗാര്‍ഥികളാണ് കെ.എ.എസിന്റെ മൂന്നു സ്ട്രീമുകളില്‍ പ്രിലിമിനറി പരീക്ഷയെഴുതിയത്. 50 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് പ്രിലിമിനറിയുടെ രണ്ടു പേപ്പറുകള്‍ക്കുകൂടി ലഭിക്കുന്നവര്‍ സ്ട്രീം-1-ല്‍ നിന്നും മെയിനിനു യോഗ്യത നേടാനിടയുണ്ട്. സ്ട്രീം-2-ല്‍ നിന്നും 40 ശതമാനത്തിനുമുകളില്‍ പ്രിലിമിനറിക്കു സ്‌കോര്‍ചെയ്തവര്‍ കടന്നേക്കും. സ്ട്രീം-3 ല്‍ കട്ട് ഓഫ് മാര്‍ക്ക് നല്ലരീതിയില്‍ കുറയാനാണിട. 25 ശതമാനം വരെ മാര്‍ക്ക് പ്രിലിമിനറിക്കു സ്‌കോര്‍ ചെയ്യുന്നവര്‍ക്കും സ്ട്രീം-3ല്‍ നിന്നും മെയിന്‍ പരീക്ഷയ്ക്കു യോഗ്യത ലഭിച്ചേക്കും. ഒഴിവുകളും മെയിനിനു യോഗ്യത നേടുന്നവരും കെ.എ.എസി.ന്റെ ആദ്യത്തെ പടിയായ ജൂനിയര്‍ ടൈം സ്‌കെയില്‍ തസ്തികയില്‍ 90 വരെ ഒഴിവുകള്‍ ഇപ്പോള്‍ ഉണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 6000 മുതല്‍ 8000 വരെ ഉദ്യോഗാര്‍ഥികളെ മൂന്നു സ്ട്രീമുകളില്‍നിന്നുമായി മെയിന്‍ പരീക്ഷക്കു തിരഞ്ഞെടുക്കപ്പെടാനിടയുണ്ട്. സാധ്യതകള്‍ ഇങ്ങനെയായതിനാല്‍ പ്രിലിമിനറിക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവര്‍ മെയിന്‍ പരീക്ഷക്കുള്ള തയാറെടുപ്പ് ഊര്‍ജിതമാക്കണം. കറന്റ് അഫയേഴ്‌സിന്റെ കളി സിലബസിലെ പ്രധാന വിഷയങ്ങളിലെല്ലാം അവയുമായി ബന്ധമുള്ള സമകാലീനസംഭവങ്ങള്‍ (കറന്റ് ഇഷ്യൂസ്) കടന്നുകയറുന്നത് കേന്ദ്ര സര്‍വീസ് പരീക്ഷകളിലെ നിത്യസംഭവമാണ്. കെ.എ.എസിന്റെ പ്രിലിമിനറി പേപ്പറുകളിലും ഇതു കണ്ടതാണ്. കൂടാതെ മെയിനിന്റെ പേപ്പര്‍ 2, 3 എന്നിവയില്‍ സമാനമായ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് സിലബസിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചരിത്രം ഒഴികെയുള്ള വിഷയങ്ങളില്‍ കറന്റ് ഇഷ്യൂസിന് ഊന്നല്‍ നല്‍കി പഠനം ക്രമീകരിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഇക്കോണമി, പൊളിറ്റിക്കല്‍ സിസ്റ്റം, കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നീ മേഖലകളിലെല്ലാം ഇത്തരമൊരു പഠനരീതിയാവും ഗുണകരമായുള്ളത്.

Related News