Loading ...

Home India

ചികിത്സ കിട്ടാത്തതുകൊണ്ട് ഇനി പാവപ്പെട്ടവരാരും ഈ രാജ്യത്ത് മരിച്ച്‌ വീഴരുത്!

ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന ദേശീയാരോഗ്യ പരിരക്ഷാ പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമെന്ന് സൂചന. പാവപ്പെട്ടവര്‍ക്ക് ചികിത്സ കിട്ടാതാവുന്ന അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് തന്റെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ പദ്ധതി മോദി പ്രഖ്യാപിക്കുന്നത്. വര്‍ഷം 1050 രൂപയടച്ചാല്‍, അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ഒരു കുടുംബത്തിന് ലഭിക്കുക.സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു കുടുംബത്തിനാവശ്യമായ എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇത്തരത്തിലൊരു ബൃഹദ് പദ്ധതി നിലനില്‍ക്കണമെങ്കില്‍ പ്രീമിയം 1500-നും 2000-നും ഇടയ്ക്കുവേണമെന്ന് കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കമ്ബനികള്‍ പ്രീമിയം കുറയ്ക്കാന്‍ തയ്യാറാവുകയായിരുന്നു. 

ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം എന്ന പദ്ധതി നടപ്പിലാക്കുന്നത് നിതി ആയോഗ് മുഖേനയാണ്. പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ചുള്ള അവസാനവട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്ബനികളുമായും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ പദ്ധതിക്ക് അന്തിമ രൂപമാകും. അടുത്തമാസം ഇന്‍ഷുറന്‍സ് കമ്ബനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചുതുടങ്ങുമെന്നാണ് സൂചന.

വാര്‍ഷിക പ്രീമിയം ആയിരം രൂപയില്‍ നിലനിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ താത്പര്യം. 1500-ന് മുകളിലേക്ക് പോയാല്‍ അതില്‍ ആളുകള്‍ക്കുള്ള താത്പര്യം കുറയുമെന്നുകണ്ടാണ് പ്രീമിയം കുറയ്ക്കാന്‍ തയ്യാറായത്. 1100 രൂപയില്‍ കുറയണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അതനുസരിച്ചാണ് ഇപ്പോള്‍ ഏകദേശം 1050 രൂപയെന്ന ധാരണയിലെത്തിയിരിക്കുന്നത്. ഒരുവര്‍ഷത്തേക്കാണ് ഈ തുക തീരുമാനിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ആവശ്യമെങ്കില്‍ പുനപരിശോധിക്കും.

പ്രീമിയത്തിലെ കുറവ് മറ്റ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വന്‍തോതില്‍ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയ്ക്ക് 330 രൂപയും പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജനയ്ക്ക് 12 രൂപയുമേ പ്രീമിയമുള്ളൂ. രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കായുള്ള പദ്ധതിയെന്ന നിലയില്‍, ദേശീയാരോഗ്യ പരിരക്ഷാ പദ്ധതിയും ജനപ്രിയമായിരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇക്കൊല്ലത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

Related News