Loading ...

Home charity

അന്നദാനം, മോഹന്‍ പൂലാനിക്ക് മഹാദാനം

നന്നായി ഭക്ഷണം കഴിച്ചാല്‍ വയറ് നിറയും. എന്നാല്‍, മനസും കൂടെ നിറയണമെങ്കില്‍ തന്‍റെ ഗ്രാമത്തില്‍ പട്ടിണിക്കാരുണ്ടാവരുത്. ഈ ഒരു ചിന്തയാണ് ഡോ. മോഹന്‍ പൂലാനിയെ ഒരു ഗ്രാമത്തിന്‍റെ അന്നദാതാവായി വളര്‍ത്തിയത്. വളരെ യാദൃശ്ചികമായാണ് പ്രവാസിയായ മോഹന്‍ അന്നദാനത്തിലേക്ക് ഇറങ്ങുന്നത്. ഒരുതവണ സ്വദേശമായ ചാലക്കുടി പൂലാനിയില്‍ വന്നപ്പോഴാണ് രോഗികളും വാര്‍ധക്യം ചെന്നവരുമായ പലരും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവെന്ന വിവരം പൊതുപ്രവര്‍ത്തകര്‍ മുഖേന അറിയുന്നത്. ഇത് മോഹന്‍റെ മനസിനെ നോവിച്ചു. സംഭവങ്ങള്‍ക്ക് മുമ്ബില്‍ കാഴ്ചക്കാരന്‍ മാത്രമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അന്നെടുത്ത തീരുമാനമാണ് അന്നദാനം.അന്നദാനം നടത്തുന്നതിനെ കുറിച്ച്‌ വിശദമായി പഠിച്ചു. പ്രായോഗിക വശങ്ങളെ കുറിച്ച്‌ പൂലാനി സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം ഭാരവാഹികളുമായി സംസാരിച്ചു. എല്ലാവരുടെയും കട്ട സപ്പോര്‍ട്ട്. കുറഞ്ഞ അവധിക്ക് നാട്ടില്‍ വന്ന് പോവുന്ന ഡോ. മോഹന് അന്നദാനത്തിന് നേരിട്ട് എപ്പോഴും നേതൃത്വം നല്‍കാനാവില്ലല്ലൊ. പുതുമഴക്ക് പെയ്ത തകര പോലെ കുറച്ചു ദിവസങ്ങള്‍ അന്നദാനം നടത്തിയിട്ട് മുടങ്ങിപ്പോവരുത്. നല്ല മനസോടെ തീരുമാനമെടുത്ത മോഹന്‍റെ മുമ്ബില്‍ ക്ഷേത്രകവാടം തുറക്കപ്പെടുകയായിരുന്നു. മേല്‍നോട്ടം ക്ഷേത്രകമ്മിറ്റി ഏറ്റെടുത്തു. ഗള്‍ഫിലെ തന്‍റെ ബിസിനസ്‌ പോലെ തന്നെ പ്രഫഷണലിസം അന്നദാനത്തിലും വേണമെന്ന് മോഹന് നിര്‍ബന്ധമുണ്ടായിരുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന പാചകശാല ഓരോ ദിവസവും പുലരുന്നത് അനേകരുടെ വിശപ്പിന്‍റെ വിളിക്ക് ഉത്തരം നല്‍കാനാണ്.
 ക്ഷേത്രത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍, അവിടെ വന്ന് കഴിക്കാന്‍ എല്ലാവര്‍ക്കും ആവില്ലല്ലോ. മാനാഭിമാനത്തിന്‍റെ പേരില്‍ വിശപ്പ് പുറത്തറിയിക്കാതെ കഷ്ടപ്പെടുന്നവര്‍, രോഗം, പ്രായാധിക്യം എന്നിവ കാരണം വീട്ടില്‍ കിടപ്പിലായവര്‍ തുടങ്ങിയവരുടെ പട്ടിക തയ്യാറാക്കി. അവരുടെ താമസസ്ഥലങ്ങളില്‍ എല്ലാ ദിവസവും ഭക്ഷണമെത്തിച്ച്‌ കൊടുക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തി. വീടില്ലാത്തവര്‍ ക്ഷേത്രത്തില്‍ വന്ന് കഴിക്കുന്നു. അന്നദാനം ഒരു ദിവസം പോലും മുടങ്ങാതെ നടന്നുവരുന്നു.അഞ്ചു വര്‍ഷമായി മുടങ്ങാതെ അനേകം പേര്‍ക്ക് ഈ സേവനം ലഭിച്ചുവരുന്നു. ആയിരം കാതങ്ങളുള്ള യാത്രയും ആരംഭിക്കുന്നത് ആദ്യത്തെ ചുവടവെയ്പില്‍ നിന്നാണല്ലോ. പടിപടിയായി മോഹന്‍ തന്‍റെ ഗ്രാമത്തെ പട്ടിണിമുക്ത ഗ്രാമമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു. പട്ടിണിയില്ലാത്ത ഗ്രാമമായി പൂലാനിയെ മാറ്റിയെടുത്തതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മോഹന്‍. ചാലക്കുടി പൂലാനിയിലൂടെ യാത്ര ചെയ്യുമ്ബോള്‍ ഭക്ഷണ സമയത്ത് നിങ്ങളൊന്ന് പൂലാനിയില്‍ ഇറങ്ങി നോക്കൂ. നിങ്ങള്‍ എത്രപേരുണ്ടെങ്കിലും അവിടെ ഹോട്ടല്‍ തേടി അലയേണ്ടതില്ല. നിങ്ങള്‍ക്ക് ഭക്ഷണം ഡോ. മോഹന്‍ പൂലാനിയുടെ വകയായി ലഭിക്കും. "മോനെ ജാതിയും മതവുമൊന്നും ചോദിക്കുന്നില്ല, വിശക്കുന്ന വയറാണെങ്കില്‍ ക്ഷേത്രത്തിലേക്ക് വാ, അവിടെക്കിട്ടും വയറുനിറയെ ഭക്ഷണമെന്ന്" പറഞ്ഞ് നിങ്ങളെ വിളിക്കാന്‍ ആളുണ്ടാവും. പൂലാനി സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെത്തിയാല്‍ അന്നപുണ്യം നേരിട്ടറിയാം. നൂറുനാക്കാണ് അവര്‍ക്ക് മോഹന്‍ പൂലാനിയെ കുറിച്ച്‌ പറയാന്‍. 'ഇത് ഈ ക്ഷേത്രത്തിലെ ദൈവം വകയല്ല. അങ്ങ് ഒമാനിലെ മോഹന്‍ പൂലാനിയുടെ വകയാ. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ രണ്ട് നേരം അന്നദാനമുണ്ട്, ഉച്ചക്കും വൈകീട്ടും. ആ മകന്‍ മണലാരണ്യത്തില്‍ ഒഴുക്കുന്ന വിയര്‍പ്പില്‍ നിന്നും ഞങ്ങളെപ്പോലുള്ളവര്‍ക്കായി നീക്കിവെക്കുന്ന വിഹിതത്തില്‍ നിന്നാണീ ഭക്ഷണം. വിശക്കുന്ന ഏത് വയറിനും എപ്പോഴും കയറിവരാം. ഭക്ഷണം ആവശ്യമുള്ള എല്ലാവര്‍ക്കും കഴിക്കാനുണ്ടാവും...'. നാട്ടുകാര്‍ക്കെല്ലാം മോഹനെക്കുറിച്ച്‌ പറയാന്‍ നൂറ് നാവ്. ഒരുനാടിന്‍റെ വിശപ്പ് മാറ്റാന്‍ യത്‌നിക്കുന്ന മോഹന്‍പൂലാനിയുടെ പ്രവര്‍ത്തനങ്ങള്‍ ബിസിനസുകാര്‍ക്ക് മാതൃകയാണ്.പട്ടാതിപറമ്ബില്‍ (ചില്ലിക്കാടന്‍) രാമന്‍-ലക്ഷ്മി ദമ്ബതികളുടെ മകനായി സാധാരണ കുടുംബത്തിലാണ് മോഹന്‍റെ ജനനം. പാടത്തും പറമ്ബിലുമായി കളിച്ചു നടന്ന പതിവ് ബാല്യം. നിറയെ ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പമായിരുന്നു സ്‌കൂള്‍ ജീവിതം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അച്ഛനെ സഹായിച്ചും മറ്റും യൗവ്വനം മുന്നോട്ടു പോകുമ്ബോഴാണ് കടല്‍കടക്കണമെന്ന മോഹമുണ്ടാവുന്നത്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാവല്‍ ആന്‍റ് ടൂറിസം (കിറ്റ്‌സ്) കോളജിലെ ഡിപ്ലോമയുമായി 1991ല്‍ ഒമാനിലേക്ക് വിമാനം കയറി. ചെറിയ ജോലി ലഭിച്ചു. അവിടെ നിന്ന് ഒമാനിന്‍റെ പള്‍സ് മനസിലാക്കി സ്വന്തമായി ഒരു കാറ്ററിങ് ആന്‍റ് ട്രേഡിങ് ആരംഭിക്കുകയായിരുന്നു. നിരവിധി പേരാണ് മോഹന്‍റെ കാറ്ററിങ് ആന്‍റ് ട്രേഡിങ്ങിനെ ആശ്രയിച്ച്‌ ജീവിക്കുന്നത്. അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതി-കയറ്റുമതി ബിസിനസ് തുടങ്ങി വിവിധ കച്ചവടങ്ങളില്‍ വ്യാപൃതനായ മോഹന്‍ പൂലാനി, അറബ്‌നാട്ടില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് സ്വന്തം നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്കായി രണ്ടു നേരത്തെ ഭക്ഷണം വെച്ചുവിളമ്ബി കൊടുക്കുന്നത്.
 ഇനി മോഹന്‍റെ വാക്കുകളിലേക്ക്. 'വലിയ വലിയ മോഹങ്ങളൊന്നുമില്ല. ഒരു പാട് സമ്ബാദിച്ച്‌ കോടിശ്വരനായി സുഖിച്ച്‌ ജീവിക്കാനല്ല ഞാനീ മണ്ണിലേക്ക് വന്നത്. വര്‍ഷങ്ങളോളം മുണ്ടുമുറുക്കിയുടുത്ത് എല്ലുമുറുകെ പണി ചെയ്താണ് ഇന്ന് കാണുന്ന തൊഴില്‍ സംരംഭമുണ്ടാക്കിയത്. അതിന്‍റെ വിജയത്തിന് പിന്നില്‍ എന്‍റെ കുടുംബത്തിന്‍റെ മാത്രമല്ല, നാട്ടുകാരുടെയും പ്രാര്‍ഥനയുണ്ട്. അതുകൊണ്ടാണ് നാട്ടില്‍ പാവങ്ങള്‍ക്ക് ഭക്ഷണമെന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ നിന്ന് കിട്ടുന്ന സംതൃപ്തിയും മനസമാധാനവും മറ്റെവിടെയും കിട്ടുന്നില്ല. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ വലിയ പുണ്യമൊന്നുമില്ലെന്ന് അച്ഛനെപ്പോഴും പറയാറുണ്ട്. അച്ഛന്‍റെ വാക്കുകള്‍ക്ക് പിറകേയാണ് എന്‍റെയീ യാത്ര...'.മോഹന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂലാനി à´Ž.ബി. എല്‍.പി, യു.പി സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങളും ഗ്ലാസുകളും സംഭാവന ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. à´ˆ വര്‍ഷം സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമിലേക്കുള്ള മുഴുവന്‍ മേശയും കസേരകളും സംഭാവന നല്‍കി. ഇവിടം കൊണ്ട് തീരുന്നില്ല പൂലാനിയുടെ സാമൂഹ്യ സേവനം. ഒമാനിലും നാട്ടിലുമായി നിരവധി പേര്‍ക്ക് ചികിത്സാ സഹായവും വീല്‍ചെയര്‍ വിതരണവുമെല്ലാം നടത്തുന്നുണ്ട്. ഭീമമായ സംഖ്യ ചെലവുവരുന്ന ചികിത്സാരംഗത്ത് ലക്ഷങ്ങളുടെ സഹായമാണ് അദ്ദേഹം നടത്തി വരുന്നത്. 

പൂലാനിയിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയാണ്. തണല്‍ മുഖേന ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഒമാനിലെ 'തണല്‍ മലയാളി കൂട്ടായ്മ'യുടെ വൈസ് പ്രസിഡന്‍റാണ്. കേരള യുനൈറ്റഡ് അസോസിയേഷന്‍റെയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെയും ചാരിറ്റി എക്‌സിക്യൂട്ടീവായും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇതിനകം നിരവധി പുരസ്‌കാരങ്ങളും മോഹനനെ തേടിയെത്തി. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കൊടകര എസ്.എന്‍. ട്രസ്റ്റ് അവാര്‍ഡാണ് കേരളത്തില്‍ നിന്നും ആദ്യം ലഭിക്കുന്ന അവാര്‍ഡ്. മികച്ച കാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2017ലെ രാജന്‍ബാബു ട്രസ്റ്റ് പുരസ്‌കാരം, കേരള യുനൈറ്റഡ് അസോസിയേഷന്‍ പുരസ്‌കാരം എന്നിവ ഇതില്‍ ചിലതുമാത്രം. യു.എസിലെ മെറിലാന്‍റ് ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് കഴിഞ്ഞ വര്‍ഷം ലഭിച്ചു.
 മനുഷ്യബന്ധങ്ങള്‍ മതത്തിന്‍റെയും ജാതിയുടെയും വംശത്തിന്‍റെയും പേരില്‍ തകരാതിരിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഡോ. മോഹന്‍, തന്നാലാവുന്ന ഒരു പരിഹാരമെന്ന നിലക്ക് മതമൈത്രിയുടെ ആവശ്യകഥയെ കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനായി ഒരു ഗ്രന്ഥം ഈ മാസം അനുവാചകരുടെ കൈകളിലെത്തും. തന്‍റെ ബാല്യവും നാടും കുടുംബവും പ്രവാസവും മതസൗഹാര്‍ദ്ധത്തിന് നല്‍കിയ അനുഭവങ്ങളുടെ കരുത്തിലും പ്രതീക്ഷയിലുമാരംഭിച്ച പുസ്തകം അന്ധകാരം മുറ്റിനില്‍ക്കുന്ന സമകാലിക സമൂഹത്തിന് നന്‍മയുടെ വെളിച്ചം പകരാനുപകരിക്കട്ടെ എന്നാണ് അദ്ദേഹത്തിന്‍റെ പ്രാര്‍ഥന.സേവനത്തിനിടെ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് തുടങ്ങിയവരുമായൊക്കെ സൗഹൃദം പങ്കുവെക്കാനായത് ജീവിതത്തില്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട് ഈ ചാലക്കുടിക്കാരന്‍. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം പ്രചോദനമാവുമ്ബോള്‍ തന്നെ ഒമാനെന്ന കൊച്ചു രാജ്യത്തോടും അവിടുത്തെ സുല്‍ത്താനോടുമുള്ള നന്ദിയും കടപ്പാടും മറക്കുന്നുമില്ല ഇദ്ദേഹം. ഒമാനും ഒമാനികളും അന്നം തരുന്ന നാടെന്നതിനേക്കാള്‍ മോഹന്‍പൂലാനിക്ക് പുണ്യഭൂമിയാണ്. ഒമാനികളെ വഞ്ചിച്ച്‌ അവരെ സാമ്ബത്തിക പ്രയാസത്തിലാക്കി നാടുവിടുന്നവരോട് മോഹന്‍ പറയുന്നു, അരുത്; ദൈവം വെറുതെ വിടില്ല.
 മോഹന്‍ ഭാര്യ മിനി, മകള്‍ കീര്‍ത്തന എന്നിവര്‍ക്കൊപ്പംസുല്‍ത്താന്‍ ഖാബൂസിനെ മനസിന്‍റെ അടിത്തട്ടില്‍ സ്‌നേഹിക്കുന്ന മോഹന്‍ പൂലാനിക്കുള്ള അവസാനത്തെ ആഗ്രഹവും ഒമാനില്‍ തന്നെ അന്ത്യവിശ്രമം വേണമെന്നാണ്. ആളൂരിലെ പ്രശസ്തമായ എടത്തനാടന്‍ കുടുംബത്തിലെ അംഗവും കോളജ് ലെക്ചറുമായിരുന്ന മിനിയാണ് ഭാര്യ. ബിടെക് ബിരുദധാരിയും വാഗമണ്‍ ബി.സി കോളജില്‍ എം.ബി.എ ആദ്യവര്‍ഷ വിദ്യാര്‍ഥിനിയുമായ കീര്‍ത്തന മോഹന്‍ ഏക മകളാണ്. ഇരുവരും മോഹന്‍റെ ബിസിനസിലും സൂമൂഹ്യ പ്രവര്‍ത്തനത്തിലും താങ്ങും തണലുമായി കൂടെത്തന്നെയുണ്ട്. മിനിയുടെ സാമൂഹ്യ സേവനത്തിന് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുളിന്‍റെ പ്രത്യേക ആദരവ് ലഭിച്ചിട്ടുണ്ട്. ഏക സഹോദരന്‍ രാജപ്പനും ഭാര്യ ചാലക്കുടി ഓമംഗലത്ത് കുടുംബാംഗം ഭാരതിയും ഏക സഹോദരി ശോഭനയും ഭര്‍ത്താവ് യശശീരനായ സുബ്രഹ്മണ്യന്‍ മാക്കാട്ടില്‍ കാടുകുറ്റിയും പ്രചോദനവും പ്രോത്സാഹനവുമായി നാട്ടിലുണ്ട്.പിന്നിട്ട വഴികളേയും ജീവിതയാത്രയില്‍ സഹായിച്ചവരെയും മോഹന്‍ പൂലാനി ഒരിക്കലും മറക്കുകയില്ല. ഭാര്യ മിനിയുടെ അമ്മയുടെ വീടായ പൂലാനി ചെറ്റക്കല്‍ തറവാട്, ലുസിയ (സാജ് ഗ്രൂപ്പ്, ഹോട്ടല്‍ ഇന്‍റര്‍ നാഷണല്‍, തിരുവന്തപുരം), ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി, രാധാകൃഷ്ണന്‍ അടിയാരത്തുമല, യുസുഫ് അലവി, സുലൈമാന്‍ അല്‍ഹബ്‌സി, ഖലീഫ അല്‍സൈദി, സലീം അല്‍മസ്‌കരി, പി.കെ രമേശ് ബ്രൂണെ, ജിത്തു പ്രഭാകരന്‍ (കൊച്ചിന്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്, മസ്‌ക്കറ്റ്), അഡ്വ. എം.കെ പ്രസാദ് (ഇന്ത്യന്‍ എംബസി അഭിഭാഷകന്‍, മസ്‌കറ്റ്), പറമ്ബിക്കാട്ടില്‍ കുമരഞ്ചിറ ഭഗവതി മഹാക്ഷേത്രം ഭാരവാഹികള്‍..... തുടങ്ങി ഒരു പാട് പേരുടെ അനുഗ്രഹവും പ്രോത്സാഹനവും എന്നും നന്ദിയോടെ സ്മരിക്കുന്ന നന്‍മയുള്ള മനസിന്‍റെ ഉടമയാണ് ഡോ. മോഹന്‍ പൂലാനി. 'വിശക്കുന്ന വയറിന് ഭക്ഷണം വിളമ്ബുന്നതിനേക്കാള്‍ വലിയ പുണ്യമെന്തുണ്ട്? ' ഡോ. മോഹനന്‍റെ ചോദ്യത്തിന് ചൈതന്യമേറെ.

Courtesy: Madhyamam

Related News