Loading ...

Home charity

റോഡില്‍ നിന്ന് കിട്ടിയ 25000 രൂപ ഉടമസ്ഥനെ ഏല്‍പ്പിച്ചു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി

പെരുമ്ബാവൂര്‍: ഈ കാലത്ത് നന്‍മയും മൂല്യങ്ങളുമെല്ലാം ഇന്നും മനുഷ്യനില്‍ അവശേഷിക്കുന്നെണ്ടെന്ന് തോന്നുക ചില സംഭവങ്ങളിലൂടെയാണ്. തന്റെ മികച്ച സ്വഭാവം കൊണ്ട് മാത്രം കൊച്ചിയിലൊരു ആണ്‍കുട്ടി നാടിന് മാതൃകയായിരിക്കുകയാണ്. റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ 25000 രൂപ ഉടമസ്ഥനു തിരികെ നല്‍കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നാടിന്റെ അഭിമാനമായി മാറിയത്.

വെങ്ങോല ശാലേം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും വളയന്‍ചിറങ്ങര വാരിക്കാട് ആലുക്കല്‍ വേണുവിന്റെ മകനുമായ വിനയ് വേണു ആണ് പണം തിരികെ നല്‍കി നാടിന്റെ അഭിമാനമായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ശാലേം സ്‌കൂളിലെ കായിക പരിശീലനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്ബോഴാണ് പണം കിട്ടിയത്. അപ്പോള്‍ തന്നെ കായികാധ്യാപകനായ ജിജോ ജെയിംസിനെ വിളിച്ച്‌ വിവരം പറഞ്ഞു. അദ്ദേഹം പെരുമ്ബാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിനയ് വേണുവിനെ അനുമോദിച്ചു. കളഞ്ഞു കിട്ടിയ തുക ഉയമസ്ഥയായ ഇന്ദിര രാജന് പെരുമ്ബാവൂര്‍ എസ്‌ഐ ടി.എം. സുഫി കൈമാറി. വിദ്യാര്‍ഥിക്ക് സ്‌കൂളിന്റെ ഉപഹാരം കെ.സി. ജോസഫ് നല്‍കി. സി.പി. ഐസക്, സാജുപോള്‍, പ്രധാനാധ്യാപിക പ്രീതമാത്യ, പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ്, ജിജോ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related News