Loading ...

Home charity

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ പൈസ വേണ്ട, കൂടപ്പിറപ്പുകളെയാണ് രക്ഷിച്ചത്: ഹീറോയായി മത്സ്യത്തൊഴിലാളി

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഖയാസ് മുഹമ്മദാണ് ഇപ്പോള്‍ കേരളത്തിലെ താരം. പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടും കൈപിടിച്ച്‌ ജീവിതത്തിന്റെ കരയ്ക്കെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് കേരളത്തിന്റെ പലദേശങ്ങളിലുളള​ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പണയം വച്ചുളള രക്ഷാപ്രവര്‍ത്തനമായിരുന്നു. ആ സംഘത്തിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രിയോട് നടത്തുന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ സ്വയം ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ പുതിയൊരു പാഠപുസ്തകമാവുകയായിരുന്നു. വിറങ്ങലിച്ചുപോയ കേരളത്തിന് ജീവശ്വാസം നല്‍കിയത് മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനമായിരുന്നു.
വളളത്തില്‍​ കയറാന്‍ സ്വന്തം മുതുക് കാണിച്ച്‌ വെളളത്തില്‍ കിടന്ന ജയ്‌സെല്‍ ​കെ.പിയെ പോലെ മത്സ്യത്തൊഴിലാളികള്‍ തൊഴിലിന്റെ മഹത്വവും മനുഷ്യജീവന്റെ മഹത്വവും ലോകത്തിന് പഠിപ്പിക്കുകയായിരുന്നു ഈ​ ദിവസങ്ങളില്‍. ആര്‍ക്കും വിലയിടാനാകാത്ത ആ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് ജീവനോടെയുളള​ കേരളം എന്ന് ആരും സമ്മതിക്കും.

ജയ്സെല്ലിനെ കുറിച്ച്‌ :

അവരുടെ പ്രവര്‍ത്തനം അംഗീകരിച്ച കേരള സര്‍ക്കാര്‍, കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മൂവായിരം രൂപാ വീതം നല്‍കുമെന്നും കേടായ ബോട്ടുകള്‍ നന്നാക്കി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തോടുളള മത്സ്യത്തൊഴിലാളിയും നടനും തിരക്കഥാകൃത്തുമായ ഖയാസിന്റെ പ്രതികരണമാണ് ഇപ്പോള്‍​ വൈറലായിരിക്കുന്നത്. ഫെയ്സ്ബുക്ക് വീഡിയോയിലാണ് ഖയാസ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

 à´–യാസ് മുഹമ്മദ് പറയുന്നു:

എന്റെ പേര് ഖയാസ്, വീട് ഫോര്‍ട്ട് കൊച്ചിയാണ്

മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഉപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് എന്റെ കുടുംബവും ഞാനും എന്റെ അനിയുമൊക്കെ ജീവിച്ചത്. വാപ്പ പണിയെടുത്ത ഹാര്‍ബറിലാണ് ആ പണി കൊണ്ട് ഞങ്ങള്‍ ജീവിച്ചത്.

ഇന്നലെ, എന്റെ കൂട്ടുകാരന്മാര്‍ക്കൊപ്പം എന്റെ കൂടപ്പിറപ്പുകള്‍ക്കൊപ്പം ബോട്ടെടുത്ത് ഒരുപാട് പേരെ രക്ഷിക്കാന്‍ പോയി. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊളളുന്നു. ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ ഞാന്‍ കേട്ടിരുന്നു ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്, ഞാന്‍ ഒരുപാട് അഭിമാനിച്ചു സാര്‍.

പക്ഷേ, ഇന്ന് വൈകിട്ട് ഞാന്‍​ അറിഞ്ഞു സാറെ മൂവായിരം രൂപവച്ച്‌ ഒരു മത്സ്യത്തൊഴിലാളിക്ക് കൊടുക്കുന്നു എന്ന്. വളരെ സങ്കടത്തോടെ പറയുന്നു സാര്‍ ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് പൈസ വേണ്ട സാര്‍. ബോട്ട് നന്നാക്കി തരുമെന്ന് സാര്‍ പറഞ്ഞു അത് നല്ല കാര്യം. ജീവിക്കാന്‍ വേറെ ഉപജീവന മാര്‍ഗമില്ല. സൗഹൃദങ്ങളെ രക്ഷിച്ചതിന് കാശ് വേണ്ട സാര്‍, കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ട സാര്‍ ഒരുപാട് നന്ദി സാര്‍ ഒരുപാട് ആദരവോട് കൂടി.

മലയോരത്തിന് കൈത്താങ്ങായി കടലോരം, പത്തനംതിട്ടയ്ക്ക് ജീവനേകിയത് മത്സ്യത്തൊഴിലാളി സമൂഹം

ഇത്രയും പറഞ്ഞ് ഖയാസ് അവസാനിപ്പിക്കുന്ന ലഘു വീഡിയോ നിരവധിപേര്‍ കണ്ട് കഴിഞ്ഞു. ആ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും അഭിനന്ദിച്ചും പുകഴ്ത്തിയും മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ശ്ലാഘിച്ചും നിരവധിപേര്‍ ഇതിന് കമന്റ് ചെയ്തു കഴിഞ്ഞു.

Related News