Loading ...

Home Education

'വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം'

പുടയൂര്‍ ജയനാരായണന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ മഹാകവി അക്കിത്തം അച്ചുതന്‍ നമ്ബൂതിരി എഴുതിയ "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്ന വരികള്‍ 1950 കളിലെ കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളില്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചെറുതല്ല. അത് വരെ നമ്ബൂതിരി നവോദ്ധാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും അന്നത്തെ ഉല്‍പതിഷ്ണു യുവത്വത്തിന്റെ ശബ്ദമാവുകയും, കമ്യൂണിസ്റ്റ് സഹയാത്രികനാവുകയും ചെയ്തിരുന്ന അക്കിത്തം ഈ ഒരൊറ്റ വരി കൊണ്ട് പലര്‍ക്കും അനഭിമതനായി. പിന്തിരിപ്പന്‍ ബൂര്‍ഷ്വയായി അദ്ദേഹം മുദ്രകുത്തപ്പെട്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ല്‍ അക്കിത്തത്തെക്കുറിച്ച്‌ മുമ്ബ് ഒരു ലേഖനമെഴുത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ വസതിയില്‍ ചെല്ലുകയുണ്ടായി. പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും ഹൃദ്യമായിരുന്നു മഹാകവിയുടെ സ്വീകരണം. കവിതകള്‍, സമകാലിക സാഹചര്യങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംസാരിച്ചു. സംസാരമദ്ധ്യേ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒരു പ്രധാന ചോദ്യം അദ്ദേഹത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്ന വരികളെക്കുറിച്ചായിരുന്നു. എറെ വിവാദമാവുകയും, ചിലരെങ്കിലും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന ആ വരികള്‍ എഴുതുമ്ബോള്‍ എന്തായിരുന്നു മനസില്‍ എന്നായിരുന്നു എന്റെ ചോദ്യം. ചെറിയ ഒരു മൗനത്തിനു ശേഷം സ്വതസിദ്ധമായ ഒരു ചിരിയില്‍ അദ്ദേഹം മറുപടി തുടങ്ങി. തനി വള്ളുവനാടന്‍ ഭാഷയില്‍.

"അന്ന് അതെഴുതുമ്ബോ എന്താര്‍ന്നു ചിന്താന്ന് ഇപ്പോ കൃത്യായി നിശ്ശല്യ.. ന്നാലും ഞാന്‍ നിരീക്കണത്; ഇതാണ്. നാം വെളിച്ചം എന്നു കരുതി സ്വീകരിച്ചത്‌ യഥാര്‍ത്ഥ വെളിച്ചമാകണമെന്നൊന്നുമില്ല; യാഥാര്‍ത്ഥ്യം അറിയാതെ മിഥ്യാ ലോകത്ത്‌ കഴിയുന്നതിലും സുഖകരം ഇരുട്ട്‌ എന്ന് നാം ധരിച്ചിരിക്കുന്നത് തന്നെയാണ്. യഥാര്‍ത്ഥ വെളിച്ചം അവിടെത്തന്നെ
ആണെന്നും നമ്മള്‍ അറിയണം.

പിന്നീട് ഞാനതിനെ നിര്‍വ്വചിച്ചിട്ടുള്ളത് ഇങ്ങനെ തന്നെയാ.."ഇനി സമകാലിക കേരള സാമൂഹിക പശ്ചാത്തലത്തില്‍ ഇരുന്ന് മഹാകവി പറഞ്ഞ ഈ വാക്കുകളെ ഒന്ന് പുനര്‍വായന നടത്തി നോക്കൂ. അതിവിശാലമായ അര്‍ത്ഥ തലങ്ങള്‍ ഈ വരികള്‍ക്ക് കൈവരുന്നത് കാണാം.

ഹൈന്ദവ ആചാര അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണോ അതിനേയും ഉള്‍ക്കൊള്ളുന്ന ഹിന്ദു മതം നിലനില്‍ക്കണമൊ എന്നത് ഇന്ന് സജീവമായ ചര്‍ച്ചയാണ്. തേങ്ങയാണോ അതോ തെങ്ങാണോ ആദ്യമുണ്ടായത്‌ എന്നത്‌ പോലൊരു കുഴയ്ക്കുന്ന സമസ്യയാണത്‌. ഒപ്പം പരസ്പര പൂരകമായ ഒരു ഉത്തരവുമാണത്‌. അതായത് ഒന്നില്ലാതെ മറ്റൊന്നില്ല. ശിവന് ശക്തിയെന്ന പോലെ, പ്രകൃതിക്ക് പുരുഷനെന്ന പോലെ, രാവിന് പകല്‍ എന്ന പോലെ പാരസ്പര്യം പുലര്‍ത്തുന്ന ദന്ദ്വങ്ങളാണവ.

ഹിന്ദുക്കള്‍,(സനാതന ധര്‍മ്മ അനുശാസിക്കുന്ന ഒരു കൂട്ടം ആളുകള്‍ എന്ന് മാത്രമേ ഞാന്‍ അതിനെ കണക്കാക്കുന്നുള്ളൂ) പലപ്പോഴും ഈ അഴിയാ സമസ്യയില്‍ കാലിടറിപ്പോകുന്നത്‌ മുന്‍പും കണ്ടിട്ടുണ്ട്‌. ഒന്ന് നോക്കുക ഹിന്ദുക്കള്‍ എന്ന് വിവക്ഷിക്കുന്ന, മുഴുവന്‍ ജാതി വിഭാഗങ്ങളും തികച്ചും വ്യത്യസ്ഥമായ ആചാര ക്രമങ്ങള്‍ പാലിക്കുന്നവരും, വ്യത്യസ്ഥമായ ആഹാര്യവും, ആന്തരീകവും ആയ സാംസ്കാരിക ഘടനയുള്ളവരും ആണു. ഒരര്‍ത്ഥത്തില്‍ ഈ ജാതികള്‍ ഓരോന്നും വ്യത്യസ്ഥമായ മത സംഘങ്ങള്‍ തന്നെയാണു. അപ്പോള്‍ നിരവധിയായ മതങ്ങളുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെ പേരാണു ഹിന്ദുമതം എന്ന് വരും. മേല്‍ പ്രസ്താവിച്ച ഒരു കൂട്ടം മതങ്ങളുടെ അഥവാ ജാതികളുടെ ഒരു കൂട്ടം ആയത്‌ തന്നെയാണു നമ്മുടെ ഗുണവും, ഒപ്പം ദോഷവും. ഗുണം എന്നത്‌ തീര്‍ച്ചയായും നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും വിശ്വാസ പ്രമാണങ്ങളെ ഇഷ്ടമുള്ള വിധം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തന്നെയാണു. ന്യൂനത എന്നത്‌ സെമറ്റിക്ക്‌ മതങ്ങള്‍ക്ക്‌ ഉള്ളത്‌ മാതിരി ഒരു ചട്ടക്കൂട്‌ ഇല്ല, അത് കൊണ്ട് തന്നെ വിശ്വാസ പ്രമാണങ്ങളെക്കാള്‍ മറ്റ് പലതിനും പ്രാമുഖ്യത ഇവിടെ വന്നു. ഒപ്പം ആചാരാനുഷ്ഠാനങ്ങള്‍ക്കു ഒരു ഐക്യരൂപം ഇല്ലാത്തതും ന്യൂനത തന്നെ. ചുരുങ്ങിയ പക്ഷം സനാതന ധര്‍മ്മത്തില്‍ നമുക്ക്‌ അനുഭവ ഭേദ്യമാകുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ഒരു പരിധി നിശ്ചയിക്കാന്‍ പോലും നമുക്ക്‌ സാധിച്ചിട്ടില്ല എന്നും കാണാം. സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു ധര്‍മ്മ ബോധം നമ്മുടെ കുട്ടികള്‍ക്ക്‌ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക്‌ സാധിക്കുന്നില്ല.

സനാതന ധര്‍മ്മം എന്നത്‌ ഒരു മതശാസനമല്ലെന്നും അത്‌ ഒരു ജീവിത ക്രമമാണെന്നും ഈശ്വരനെ പ്രസാദിപ്പിച്ച്‌ എന്തെങ്കിലും നേടലല്ല പകരം ഈശ്വരീയതയിലേക്ക്‌ ഉയരലാണു അതിന്റെ പരമമായ ലക്ഷ്യമെന്നും നമ്മുടെ കുട്ടികളെ മനസിലാക്കിക്കാനും നമുക്ക്‌ സാധിക്കുന്നില്ല. സനാതന ധര്‍മ്മത്തെ ഒരു മതമാക്കി നിലനിര്‍ത്തുക എന്നത് രാഷ്ട്രീയ ഹിന്ദുത്വയുടെ ഭാഗമാണ്. അത് ആത്യന്തികമായി ധര്‍മ്മത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായമെനിക്കില്ല. Atheism അഥവാ നിരീശ്വരവാദം എന്ന പ്രസ്ഥാനം ആരംഭിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ് എന്നാണ് നിരീശ്വരവാദികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിനും ആയിരം കൊല്ലം മുമ്ബ്, BC ആറാം നൂറ്റാണ്ടില്‍ ചാര്‍വ്വാക ദര്‍ശനനത്തിന് വേരോട്ടമുണ്ടായിരുന്ന മണ്ണാണ് ഇത് എന്ന് ഓര്‍ക്കണം. അതായത് അത്രമേല്‍ ബഹുസ്വരമാണ് നമ്മുടെ സംസ്കാരം എന്നാണതിനര്‍ത്ഥം.

ഈ ഘട്ടത്തില്‍ ഏറ്റവും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത് ആചാരാനുഷ്ഠാനങ്ങളെ പ്രതിയാണ്. ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കണോ ഹൈന്ദവ ധര്‍മ്മത്തെ രക്ഷിക്കണോ എന്നത്‌ ചോദ്യം പ്രസക്തമാകുന്നത്‌ ഇവിടെയാണു. നാം നമ്മളിലേക്ക്‌ തന്നെ നോക്കുക. എവിടെയാണു ഇന്നത്തെ ആചാര ശുദ്ധിയിലും, ആചാര ക്രമങ്ങളിലും, എല്ലാം നമ്മള്‍ എത്രമാത്രം കൃത്യതയും ശ്രദ്ധയും പാലിച്ചിരുന്നു എന്നും നോക്കുക. ഇനി ഒന്ന് നമ്മുടെ പൂര്‍വ്വികരിലേക്ക്‌ തിരിഞ്ഞ്‌ നോക്കുക; അവര്‍ പുലര്‍ത്തിയ ശ്രദ്ധയും പരാശോധിക്കുക. നമുക്ക്‌ പിഴച്ചതെവിടെയെന്ന് അപ്പോള്‍ മനസിലാകും. പറ്റിയ പിഴവുകള്‍ ഓരോന്നും സനാതന സംസ്കാരത്തിന്റെ കൂടി അസ്തിവാരമിളക്കാന്‍ പോന്നതായിരുന്നു എന്ന് തിരിച്ചറിയുക. നാം നമ്മുടേതെന്ന് കരുതി ഇന്ന് കാട്ടിക്കൂട്ടുന്നതൊന്നുമല്ല നമ്മുടെ സ്വത്വം എന്നും, നമ്മുടെ സത്തയെന്നും മനസിലാക്കുക.

അതിനാല്‍ നമുക്ക്‌ ആദ്യം നമ്മുടെ അടിത്തറ ഭദ്രമാക്കാം. സനാതന സംസ്കൃതിയുടെ, ആചാര ക്രമങ്ങളുടെ അടിത്തറ ഭദ്രമാണെങ്കില്‍ ഹൈന്ദവ സമൂഹത്തെ മുഴുവനും അതി താങ്ങി നിന്ന് കൊള്ളും. യഥാര്‍ത്ത സത്തയെ അറിയാതെ, പൈതൃകത്തെ രാഷ്ട്രീയ ഹിന്ദുത്വത്തിനു മാത്രം സമരസപ്പെട്ടാല്‍ ഹൈന്ദവതയുടെ ബഹുസ്വരത നശിക്കും.

സങ്കീര്‍ണമായ ഇന്നത്തെ സാഹചര്യത്തില്‍ വളര്‍ന്നു വന്നിരിക്കുന്ന പുതിയ സാംസ്കാരിക മണ്ഡലം നിശിതവും ശക്തമായ പുനര്‍ വിചിന്തനങ്ങള്‍ക്ക് തയ്യാറാവേണ്ടിയിരിക്കുന്നു. അതി വിദൂരമായ ഒരു കാലത്തേക്കായിട്ടാണ് എങ്കിലും ഹൈന്ദവ സമൂഹത്തിന്റെ ബഹുതലങ്ങളില്‍ ചര്‍ച്ചകളിലൂടെ വികസിക്കേണ്ട ചില ആശയ സംവാദങ്ങള്‍ക്ക് ഉള്ള നിര്‍ദ്ദേശങ്ങള്‍ ആണ് ഇവ.

1) സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം എന്ന സ്ഥാപനത്തിന്റെ അടിസ്ഥാനമായ നിത്യനിദാനങ്ങള്‍, കുടുംബത്തില്‍ പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക. സ്വന്തം മക്കളില്‍ ക്ഷേത്രം, ആചാരം, അനുഷ്ഠാനങ്ങള്‍ എന്ന സാമാന്യ വിവക്ഷകള്‍ അപഹാസ്യമാണെന്ന ധാരണ നല്‍കുന്ന വ്യവസ്ഥകള്‍ മാറ്റുക. അച്ഛനമ്മമാരെ കണ്ടാണ് കുഞ്ഞുങ്ങള്‍ വളരുന്നത് എന്ന ബോധം എല്ലാ രക്ഷാകര്‍ത്താക്കളിലും ഉണ്ടാവുക.

2) ഹൈന്ദവത ഒരു മതമല്ല എന്നും ഒരു സംസ്കാരമാണ് അഥവാ സനാതന ധര്‍മ്മമാണ് എന്നതും സമൂഹത്തെ ബോധ്യപ്പെടുത്തുക.

3) ഒരേസമയം ഹിന്ദുത്വ രാഷ്ട്രീയവും ഹൈന്ദവ ധര്‍മ്മവും (സനാതന ധര്‍മ്മവും) നേരിടുന്ന ഐഡന്റിക്കല്‍ ക്ലാഷ്‌ ഒഴിവാക്കുക. ഹിന്ദുത്വ രാഷട്രീയമല്ല ഹൈന്ദവ ധര്‍മ്മമാണ് സനാതനം എന്നും, ഇന്ത്യന്‍ സ്പിരിച്വാലിറ്റി എന്നാല്‍ ധര്‍മ്മമാണ് എന്ന് കുട്ടികളെക്കൂടി ബോധ്യപ്പടുത്തുക.

4) ആചാരാനുഷ്ഠാനങ്ങള്‍ പിന്തിരിപ്പനല്ല എന്ന് ബോധ്യപ്പെടുത്തുകയും അതിന്റെ ആന്തരീക സത്തയെ തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.

5) സംസ്ഥാന തലത്തില്‍ തന്നെ മുഴുവന്‍ ക്ഷേത്രങ്ങളെയും കോര്‍ത്തിണക്കി പൂര്‍ണ്ണമായും കക്ഷി രാഷട്രീയത്തിനതീതമായി ഒരു ആദ്ധ്യാത്മിക /ധര്‍മ്മ സമിതി രൂപീകരിക്കുക.

കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഒരു നെറ്റ് വര്‍ക്കായി ഇതിനെ മാറ്റുക. ഇവയുടെ നേതൃത്വത്തില്‍ ഒരു കരിക്കുലം കമ്മറ്റി രൂീകരിക്കുകയും, കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര സങ്കേതങ്ങളില്‍ ഏകീകൃത സ്വഭാവത്തോടെയുള്ള ആദ്ധ്യാത്മിക പാഠശാലകള്‍ ആരംഭിക്കുകയും ചെയ്യുക. മതബോധത്തിന് പകരം സനാതന ധര്‍മ്മബോധത്തിന് ഈ പഠ്യപദ്ധതിയില്‍ പ്രാമുഖ്യത കൊടുക്കുക.

അതി വിദൂര കാലം ലക്ഷ്യമിട്ട് ബഹുതലങ്ങളില്‍ വികസിക്കേണ്ട അനേകം സംവാദങ്ങള്‍ക്ക് ആമുഖമാണ് ഇവ.

Related News