Loading ...

Home charity

ഫുട്ബോള്‍ മാന്ത്രികത മനസിലേറിയപ്പോള്‍ ചിരട്ടകള്‍ കൊണ്ട് ഫുട്ബോള്‍; നിര്‍ദ്ദനര്‍ക്ക് സഹായമെത്തിക്കാന്‍ ലേല തീരുമാനവുമായി ബദറുദ്ദീന്‍

എം. മനോജ് കുമാര്‍

തിരുവനന്തപുരം: ഫുട്ബോള്‍ മാന്ത്രികത മനസിലേറിയപ്പോള്‍ ചിരട്ടകള്‍ കൊണ്ട് രൂപം നല്‍കിയ ഫുട്ബോള്‍ ഇപ്പോള്‍ ശില്പി ബദറുദ്ദീന്‍ ലേലത്തിന് വെക്കുന്നു.

കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് സമയത്ത് പൂര്‍ത്തീകരിച്ച ഫുട്ബോള്‍ ശില്‍പം ആണ് പാലക്കാട്‌ മണപ്പാടം സ്വദേശിയായ ബദറുദ്ദീന്‍ ലേലത്തിന് വയ്ക്കുന്നത്.
ചികിത്സാ സഹായത്തിനു നിവൃത്തിയില്ലാത്ത ഒരു കിടപ്പ് രോഗിക്ക് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ രോഗിക്ക് ആലംബമാകാനാണ് ബദറുദ്ദീന്‍ ഫുട്ബോള്‍ ശില്‍പം ലേലത്തിന് വയ്ക്കുന്നത്.

ഒരു വലിയ സര്‍ഗ സാഫല്യത്തിന്നൊടുവിലാണ് ഈ ഫുട്ബോള്‍ ചിരട്ടയില്‍ നിന്നും രൂപം കൊണ്ടത്. അത് മനോഹരമായ ഫുട്ബോള്‍ ആക്കി മാറ്റാന്‍ പിന്നെയും സമയമെടുത്തു. ഇപ്പോള്‍ ഈ ഫുട്ബോള്‍ ലേലത്തിന് വയ്ക്കുകയാണ്. ചികിത്സാ സഹായത്തിനു വെമ്ബുന്ന ഒരു രോഗിക്ക് മുഴുവന്‍ തുകയും നല്‍കും-ബദറുദ്ദീന്‍ 24 കേരളയോടു പറഞ്ഞു.


 
കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ സീസണിലാണ് ചിരട്ടകള്‍ കൊണ്ട് മനോഹരമായ ഒരു ഫുട്ബോളിനു ശില്‍പി ബദറുദ്ദീന്‍ രൂപം നല്‍കുന്നത്. വളരെ ക്ലേശകരമായ അധ്വാനങ്ങള്‍ക്കൊടുവിലാണ് ഈ ഫുട്ബോള്‍ പൂര്‍ത്തീകരിച്ചത്. ഫുട്ബോള്‍ സീസണ്‍ സമയത്ത് തന്നെ പൂര്‍ത്തീകരിച്ച ഈ ഫുട്ബോള്‍ ശില്‍പ്പത്തിനു നാല് ലക്ഷം രൂപവരെ അന്ന് ചിലര്‍ വില പറഞ്ഞിരുന്നു.

അന്ന് പക്ഷെ പണത്തിനു ഈ ഫുട്ബോള്‍ ലേലത്തിന് നല്‍കേണ്ടതില്ലാ എന്നാണ് ബദറുദ്ദീന്‍ തീരുമാനിച്ചത്. ഫുട്ബോളിനോട് തോന്നിയ ഭ്രമത്തിന്നൊടുവില്‍ ചിരട്ടകള്‍ കൊണ്ട് ഫുട്ബോളിനു രൂപം നല്‍കുമ്ബോള്‍ ബദറുദ്ദീന്‍റെ മനസ്സില്‍ പ്രത്യേകിച്ച്‌ ആശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഫുട്ബോള്‍ എന്ന ശില്പത്തിന്റെ പൂര്‍ണതയ്ക്ക് മനസും അധ്വാനവും പൂര്‍ണമായി സമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പാലക്കാട്‌ മണപ്പാടം വില്ലേജ് ഓഫീസര്‍ ആണ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ അപകടത്തെ തുടര്‍ന്ന് വെന്റിലെറ്ററില്‍ തുടരുന്ന ഒരു രോഗിയുടെ കാര്യം ബദറുദ്ദീനോട് പറയുന്നത്. പണത്തിനു ഇവര്‍ക്ക് ഞെരുക്കമുണ്ടെന്നു പറഞ്ഞപ്പോള്‍ ബദറുദ്ദീന് തന്റെ ഫുട്ബോളിന്റെ കാര്യം ഓര്‍മ വന്നു. നാല് ലക്ഷം വരെ പറഞ്ഞിട്ടും ആര്‍ക്കും നല്‍കാതെ വെച്ച ഫുട്ബോള്‍.ഈ രോഗിയുടെ കാര്യം കേട്ടപ്പോള്‍ ഫുട്ബോള്‍ ബദറുദ്ദീന്റെ മനസിലേക്ക് ഓടിയെത്തി. അത് വീണ്ടും ലേലത്തിന് വെയ്ക്കാമെന്ന് തോന്നി.


 
ഫെയിസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ തന്നെ അന്വേഷണങ്ങള്‍ വന്നു തുടങ്ങി. തൃശൂരിലെ എലൈറ്റ് ആശുപത്രിയില്‍ എത്തി രോഗിയെ കണ്ടപ്പോള്‍ അദ്ദേഹം. വെന്റിലെറ്ററില്‍ ആണ്. പൂര്‍ണ ധനസഹായം ഇന്‍ഷൂറന്‍സ് കമ്ബനിക്കാര്‍ നല്‍കാമെന്നും ഏറ്റിട്ടുണ്ട്‌. അവിടെ ഒരു തുക നല്‍കി ബദറുദ്ദീനും സുഹുത്തുകളും മടങ്ങി. ലേലത്തുക ഇനി മറ്റാര്‍ക്കെങ്കിലും നല്‍കണം. കിഡ്നി മാറ്റി വയ്ക്കാന്‍ സഹായം ആവശ്യം വരുന്ന ഒരു രോഗിക്ക് ഈ തുക നല്‍കാനാണ് ഇപ്പോള്‍ ബദറുദ്ദീന്‍ ഉദ്ദേശിക്കുന്നത്.


 
ഇപ്പോള്‍ ലേലത്തിനെ പ്രതീക്ഷയോടെ കാണുകയാണ് ബദറുദ്ദീന്‍. ക്ലബുകളോ സംഘടനകളോ ഈ ഫുട്ബോള്‍ ഏറ്റുവാങ്ങണമെന്നാണ് ബദറുദ്ദീന്‍ ആഗ്രഹിക്കുന്നത്. ശില്പകല സ്വയം അഭ്യസിച്ച്‌ ശില്പ്പിയായി മാറിയതാണ് ബദറുദ്ദീന്‍. ഒട്ടുവളരെ പുരസ്ക്കാരങ്ങളും ശില്‍പ്പിയെന്ന നിലയില്‍ ബദറുദ്ദീന് ലഭിച്ചു.


 
ശില്‍പ്പ നിര്‍മ്മിതിയുടെ പേരില്‍ മന്ത്രി എ.കെ.ബാലനില്‍ നിന്നും ബദറുദ്ദീന്‍ പുരസ്ക്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളില്‍ വിവിധ ശില്‍പ്പങ്ങള്‍ ബദറുദ്ദീന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരിങ്കല്ല്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് മാധ്യമങ്ങളില്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന ബദറുദ്ദീന്‍ ഇപ്പോള്‍ ചിരട്ടയിലെ ശില്‍പ്പ നിര്‍മ്മിതിയിലാണ് ശ്രദ്ധയൂന്നുന്നത്. സ്ത്രീ സൌന്ദര്യം ആസ്പദമാക്കി എട്ടടി ഉയരത്തില്‍ ചിരട്ടകള്‍ക്കൊണ്ട്

ഒരു സ്ത്രീ ശില്‍പ്പത്തിന്റെ നിര്‍മ്മിതിയിലാണ് ബദറുദ്ദീന്‍ ഇപ്പോള്‍. ഈ ശില്‍പം പൂര്‍ത്തിയാക്കിയാല്‍ ഗിന്നസ് റെക്കോര്‍ഡിലേക്കാണ് ബദറുദ്ദീന്‍ കടന്നു കയറുന്നത്.

ചിരട്ടകള്‍ കൊണ്ട് എട്ടടി ഉയരത്തിലുള്ള സ്ത്രീ ശില്‍പം ഇതേവരെ മറ്റാരും തീര്‍ത്തിട്ടില്ല.

Related News