Loading ...

Home India

കേരളത്തിലെ കണിയാന്മാരുടെ പുരാതന ആചാര മര്യാദകളും, ജീവിത രീതിയും, സാമൂഹിക പ്രാധാന്യവും

സതീശന്‍ കൊല്ലം

പുരാതന കേരളത്തിലെ അവര്‍ണ്ണ സമുദായങ്ങള്‍ നിരക്ഷരായിരുന്നു എന്നു വിചാരിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ സത്യാവസ്ഥ അതല്ല. നിരക്ഷരരും സാക്ഷരരുമായ ആളുകള്‍ പണ്ട് സവര്‍ണ്ണര്‍ക്കിടയിലും അവര്‍ണ്ണര്‍ക്കിടയിലും ധാരാളമായുണ്ടായിരുന്നു.കേരളത്തിലെ അബ്രാഹ്മണ സമുദായങ്ങള്‍ക്ക് അക്ഷരജ്ഞാനവും ,കായികാഭ്യാസ വിജ്ഞാനവും പകര്‍ന്നു നല്കുകയും കൃഷിക്കും,കച്ചവടത്തിനും,കടല്‍യാത്രയ്ക്കും, ആര്, എപ്പോള്‍ ,എങ്ങനെ സാമൂഹിക ജീവിതത്തിലെ കാര്യങ്ങള്‍ നിര്‍വ്വഹിക്കണം എന്നൊക്കെ നിര്‍ദ്ദേശിച്ച്‌ ,സമൂഹത്തില്‍ അടിത്തട്ട് മുതല്‍ അധികാരകേന്ദ്രങ്ങള്‍ വരെയുള്ളവര്‍ക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കി ജീവിതവൃത്തി കഴിച്ചുവന്നിരുന്ന ഒരു സമുദായമുണ്ടായിരുന്നു.അതാണ് കണിയാന്മാര്‍.
പഴയകാല കേരളത്തില്‍ ജനങ്ങളുടെ ദൈനംദിനജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്ന സമുദായമായിരുന്നു കളരിപ്പണിക്കന്മാരെന്നും, ഗണകരെന്നും, കണിശ്ശരെന്നും,ബല്യായരെന്നും,എഴുത്തച്ഛരെന്നും,ആശാന്മാരെന്നു(ആചാര്യന്മാര്‍) എന്നൊക്കെയുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്ന ജ്യോതിശാസ്ത്രത്തിലും,ജ്യോതിഷത്തിലും കേമന്മാരായ കണിയാന്മാര്‍. അതുകൊണ്ട് തന്നെ മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല

ഗണകന്‍ (ഗണിക്കുന്ന ജ്യോതിഷി) എന്ന സംസ്കൃത പദത്തിന്റെ മലയാള രൂപമാണത്രേ 'കണിയാന്‍. 'കണിക്കുക' എന്നതിന് ഓലക്കുടയുടെ ചട്ടമുണ്ടാക്കുക എന്ന അര്‍ത്ഥവുമുണ്ട്. കണിയാന്മാരില്‍ തിന്ത എന്നൊരു വിഭാഗം ഓലക്കുട നിര്‍മ്മാണം തൊഴിലായി സ്വീകരിച്ചിരുന്നു. മനക്കുട, മറക്കുട, നെടിയകുട, വട്ടക്കുട,കന്നികുട,കുണ്ടന്‍കുട,തലക്കുട.. ഇങ്ങനെ പലതരം കുടകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നു. കണിയാര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ കണിയാട്ടികളെന്നും വിളിച്ചിരുന്നു. പൊട്ടുവന്‍ അഥവാ കണികുറുപ്പന്മാരാണ് ഇവര്‍ക്കിടയിലെ ക്ഷുരകന്മാര്‍.

പഴയകാല ഗ്രാമവ്യവസ്ഥിതിയില്‍ അദ്ധ്യാപനത്തിനും(ആശാന്‍ പള്ളിക്കൂടങ്ങള്‍), ജ്യോതിഷ സംബന്ധമായ സംശയനിവാരണത്തിനുമായി ഒന്നോ, രണ്ടോ കണിയാന്‍ കുടുംബങ്ങള്‍ ഗ്രാമത്തില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. രാജ്യഭരണകാര്യങ്ങളില്‍ കാലപ്പിഴയും,ഗ്രഹപ്പിഴയും മറ്റും അറിയാന്‍ നാടുവാഴിക്കും,വിത്തുവിതയ്ക്കാനും,നെല്ലുകൊയ്യാനുള്ള കാലം അറിയാനായി കര്‍ഷകനും, വിവാഹങ്ങള്‍ക്ക് ജാതകം നോക്കാനും ,ചടങ്ങുകള്‍ക്ക് നല്ലസമയം കുറിക്കാനും,കച്ചവടത്തിനായി പുറപ്പെട്ടു പോകും മുന്‍പ് ഭാവികാര്യം അറിയാനായി വ്യാപാരികള്‍ക്കും,പടയ്ക്കുപുറപ്പെടും മുന്‍പ് നല്ലതും കെട്ടതുമായ കാലം അറിയാനായി പടയാളിക്കും കണിയാനെ ആവശ്യമായിരുന്നു.

അഹിന്ദുക്കളും ഉപദേശങ്ങള്‍ക്കായി കണിയാന്മാരെ സമീപിച്ചിരുന്നു. അടുത്തകാലംവരെ സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങളുടെ കുട്ടികളുടെ ജാതകം കണിയാന്മാരെക്കൊണ്ടെഴുതിച്ചിരുന്നു.

ജ്യോതിഷത്തില്‍ അതീവ പ്രഗത്ഭരായ കണിയാന്മാര്‍ ഭ്രഷ്ടരാക്കപ്പെട്ട ബ്രാഹ്മണരാണെന്ന് ചില പുരാവൃത്തങ്ങള്‍ അടിസ്ഥാനമാക്കി അവകാശവാദങ്ങളുണ്ട് .തലക്കുളത്ത് ഭട്ടതിരി എന്ന ബ്രാഹ്ണന്‍ പാഴൂര്‍ കുടുംബത്തിലുള്ള കണിയാട്ടിയുമായുള്ള ബന്ധത്തില്‍ നിന്നാണ് പ്രശസ്തമായ പാഴൂര്‍കണിയാന്മാരുടെ ഉദയം എന്നാണ് പറയപ്പെടുന്നത്.

കണിയാന്മാര്‍ തങ്ങളുടെ ഗോത്രങ്ങളെ ഇല്ലങ്ങളെന്നും ,കിരിയങ്ങളെന്നും പറയുന്നുണ്ട്.പാമ്ബരില്ലം,തച്ചാരില്ലം,തിരുവെള്ളൂരില്ലം,തോന്നിക്കലില്ലം,മുടപുരയില്ലം,വെമ്ബായയില്ലം,ചെമ്ബഴന്തിയില്ലം,അണ്ണായക്കണ്ണയില്ലം...തുടങ്ങി ഇങ്ങിനെ പോകുന്നു ഇവരുടെ ഇല്ലങ്ങളുടെ നാമങ്ങള്‍. നന്ന,അണവിക്കാണം,കരിവെട്ടം,പെരുമാന്‍,വെളമ്ബര്... ഇങ്ങനെയാണ് കിരിയങ്ങളുടെ നാമങ്ങള്‍. മുന്‍കാലങ്ങളില്‍ ഒരേ കിരിയങ്ങളിലോ,ഇല്ലങ്ങളിലോ ഉള്ളവര്‍ പരസ്പരം വിവാഹം ചെയ്തിരുന്നില്ല. 'പുര'കളെന്നാണ് ഇവരുടെ ഭവനങ്ങളെ സാധാരണ വിളിച്ചു വന്നത്.

അനന്തകൃഷ്ണ അയ്യരുടെ അഭിപ്രായത്തില്‍ വിഷ്ണുവിനെ കൈവിടാത്ത ശൈവ വിശ്വാസികളാണ് കണിയാന്മാര്‍. കളരികളുടെ നീളം നാല്പത്തിരണ്ടടിയാണ്. നാല്പ്പത്തി രണ്ട് ദേവതകളെ കളരികളില്‍ ഉപാസിക്കുന്നുണ്ടത്രേ. സുബ്രഹ്മണ്യന്‍, ശാസ്താവ്,വീരഭദ്രന്‍,അഷ്ടഭൈരവന്മാര്‍,ഭദ്രകാളി,നരസിംഹം, ഹനുമാന്‍ തുടങ്ങിയവരാണ് അതില്‍ പ്രധാനികള്‍. മണ്ഡലകാലത്ത് (40 ദിവസം) കളരികളില്‍ പ്രത്യേക പൂജാദി കര്‍മ്മങ്ങള്‍ പണിക്കര്‍മാര്‍ നടത്താറുണ്ട്.

കണിയാന്മാരില്‍ തന്നെയുള്ള കളരപ്പണിക്കന്മാര്‍ കൂടുതലായി കാണപ്പെടുന്നത് വടക്കേ മലബാറിലാണ്. ഇവര്‍ തങ്ങളുടെ സഹജാതിക്കാരെക്കാള്‍ ഉന്നതമായ സാമൂഹിക സ്ഥാനമുള്ളതായി അവകാശപ്പെടുന്നു. കേരളോല്‍പ്പത്തി പ്രകാരം ഇവരാണത്രേ യഥാര്‍ത്ഥ കളരിഗുരുക്കന്മാരും കളരികളുടെ അവകാശികളും. ഇവരില്‍ നിന്നാണത്രേ നായന്മാരും,തീയ്യരും ,ഈഴവരും മറ്റും കളരിവിദ്യ കൈവശമാക്കിയത്. മുന്‍കാലങ്ങളില്‍ വടക്കേമലബാറിലെ നായന്മാര്‍ കളരിപ്പണിക്കന്മാരോട് ഗുരുസ്ഥാനീയരെന്ന നിലയില്‍ വലിയ ബഹുമാനം കാണിച്ചിരുന്നതായി "ട്രൈബ്സ് ആന്‍ഡ് കാസ്റ്റസ് ഓഫ് കൊച്ചിനി"ല്‍ അനന്തകൃഷ്ണ അയ്യര്‍ രേഖപ്പെടുത്തുന്നു.

കണിയാന്മാര്‍ക്കിടയില്‍ പഴയകാലത്ത് ബഹുഭര്‍ത്തൃത്വം ഉണ്ടായിരുന്നതായി കാസ്റ്റസ് ആന്‍ഡ് ട്രൈബ്സ് ഓഫ് സൗത്തിന്‍ന്ത്യ എന്ന പുസ്തകത്തില്‍ രേഖപെടുത്തിയിരിക്കുന്നു . ആദ്യകാലത്ത് മരുമക്കത്തായമായിരുന്നു ദായക്രമമെങ്കിലും പില്‍ക്കാലത്ത് മക്കത്തായം ഇവര്‍ സ്വീകരിച്ചു. ഇവരുടെ ഇടയിലുണ്ടായിരുന്ന ഗര്‍ഭകാലച്ചടങ്ങായിരുന്നു പുളികുടി അഥവാ പുളിയൂണ്. ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസമോ ഏഴാം മാസമോ ആണ് ഈ ചടങ്ങു നടത്തുന്നത്. നവജാതശിശുവിനെ ആദ്യമായി പേറ്റച്ചികള്‍ കുളിപ്പിക്കുമ്ബോള്‍ പാട്ട് പാടുന്ന ഒരു ചടങ്ങുണ്ട് ഇതിനെ 'കലശമാടല്‍' എന്നാണ് പറഞ്ഞിരുന്നത്.

പ്രസവത്തോടനുബന്ധിച്ച്‌ അശുദ്ധയാകുന്ന സ്ത്രീയെ ശുദ്ധമാക്കാനുള്ള.ചടങ്ങുകളാണ് 'കുടയല്‍' ,' ഇരുപത്തിയെട്ടുകുളി , 'കലംതൊടീക്കല്‍' ,എന്നിവ. കുട്ടികളുടെ കാതുകുത്തുന്ന ചടങ്ങാണ് 'കാതുകുത്തുമംഗലം '.

ജ്യോതിഷം കുലത്തൊഴിലായതിനാല്‍ ഇവരുടെ വിദ്യാരംഭച്ചടങ്ങിനെ 'കവടിയിടല്‍' എന്നാണ് പറയുക. പെണ്‍കുട്ടികള്‍ തിരളുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് 'പന്തല്‍കല്യാണം'(കെട്ടുകല്യാണം). കൂടാതെ പെണ്‍കുട്ടി ഋതുമതിയായി അഞ്ചാംദിനമോ,ഏഴാംദിനമോ നടത്തുന്ന 'തെരണ്ടുമംഗല'ത്തില്‍ തെരണ്ടുപാട്ടുകള്‍ എന്ന പതിവ്രത പ്രകീര്‍ത്തനഗാനങ്ങള്‍ ആലപിക്കാറുണ്ട്. വിവാഹം ഉറപ്പിക്കുന്ന ചടങ്ങുകളാണ് 'ജാതകം വാങ്ങലും ' , 'വീടുകാഴ്ച'യും. വധുഗൃഹത്തില്‍ വെച്ചു നടത്തുന്ന പുടമുറി കല്യാണമാണ് ഇവരുടെ വിവാഹരീതി. കളരിപ്പണിക്കന്മാര്‍ വിവാഹച്ചടങ്ങുകള്‍ കളരിയില്‍ വെച്ച്‌ നടത്താറുണ്ട്.

അനുഷ്ഠാനങ്ങള്‍

പൂമാലക്കാവുകളില്‍ പൂമാല ഭഗവതിയെ പ്രീണിപ്പിക്കാനായി കണിയാന്മാര്‍ നടത്തുന്ന അനുഷ്ഠാനച്ചടങ്ങാണ് 'പാട്ടുത്സവം അഥവാ കളത്തിലരിയും പാട്ടും'. തിരുവിതാംകൂറിലെ ഊരുട്ടമ്ബലങ്ങളില്‍ പരേതരായ മഹാത്മാക്കളെ പുരസ്‌കരിച്ചു കണിയാന്മാര്‍ നടത്തുന്ന അനുഷ്ഠാനമാണ് 'തമ്ബുരാനൂട്ട്'. പത്തനംതിട്ടയിലെ മണ്ണടിക്കാവിലും സമീപപ്രദേശങ്ങളിലും ഗണകന്മാര്‍ നടത്തുന്ന ചടങ്ങാണ് 'മുടിപ്പേച്ച്‌ '.സന്താന ലാഭത്തിനായി നടത്തുന്ന കളത്തിനും പാട്ടിനും പ്രാധാന്യമുള്ള ചടങ്ങാണ് 'കളംപാട്ട്'. ഹൈന്ദവ ഗൃഹങ്ങളില്‍ ബാധയൊഴിപ്പിക്കാനായി കണിയാന്മാരെ വരുത്തി നടത്തുന്ന മാന്ത്രികാനുഷ്ഠാനമാണ് 'കോലംതുള്ളല്‍'.

ഗന്ധര്‍വ്വന്മാരെ പ്രീതിപ്പെടുത്താനുള്ള കണിയാന്മാരുടെ ചടങ്ങാണ് 'ഗന്ധര്‍വ്വന്‍ തുള്ളല്‍'. ഗര്‍ഭിണികളിലെ ബാധയൊഴിപ്പിക്കാനായി അവര്‍ നടത്തുന്ന അനുഷ്ഠാനമാണ് 'പൂപ്പടപ്പാട്ട് '.

മാര്‍ക്കണ്ഡേയ കഥ നാടകീയമായി പറയുന്ന അനുഷ്ഠാനകലയാണ് 'കാലന്‍തുള്ളല്‍'. കണിയാന്മാരുടെ കലാരൂപമാണ് കണിയാട്ടം അഥവാ കണിയാന്‍ കൂത്ത്. മകുടവും കുഴിത്താളവുമാണ് വാദ്യങ്ങള്‍.

"കൂകിത്തെളിഞ്ഞുള്ള പൂവന്‍കോഴി
കരളെയറുത്തു ഞാന്‍ ബലിതരുവേന്‍
ബലിപൂജാകര്‍മ്മങ്ങള്‍ ഞാന്‍ തരുമ്ബോള്‍
പൂത്തിര സമ്ബത്ത് നീ നല്കേണം
ഇവരുടെ മെയ്മേലെ ബാധ തീര്‍ന്നാല്‍
സന്തതിഫലത്തോടെ സുഖം വരിക".

ഉത്തരകേരളത്തിലെ കണിശന്മാരുടെ കളമിറക്കു പാട്ടിലെ വരികളാണിവ.

Related News