Loading ...

Home Education

സാബിയന്‍ മാന്‍ഡയിനുകള്‍- സ്നാപക യോഹന്നാന്റെ പിന്‍ഗാമികള്‍

വിപിന്‍ കുമാര്‍

ദൈവപുത്രന് വീഥിയൊരുക്കുവാന്‍ വന്നയാളായിരുന്നു സ്നാപക യോഹന്നാന്‍ എന്നാണ് ക്രൈസ്തവ വിശ്വാസം. എന്നാല്‍ യേശുവിനെ കള്ളപ്രവാചകനായും സ്നാപക യോഹന്നാനെ ആരാധ്യപുരുഷനായും കാണുന്ന ഒരു മതവിഭാഗമുണ്ട് മദ്ധ്യപൂര്‍വദേശത്ത്. ഇറാന്‍-ഇറാക്ക് അതിര്‍ത്തി പ്രദേശത്തുള്ള ചെറുന്യൂനപക്ഷ മതസമൂഹമായ മാന്‍ഡയിനുകള്‍ (Mandaeans) ആണ് അവര്‍.


 
ഇന്ന് ലോകത്ത് അവശേഷിക്കുന്ന ജ്ഞാനവാദ (Gnostic) മതവിഭാഗമാണ് മാന്‍ഡയിനുകള്‍. മനുഷ്യന് രക്ഷയിലേക്കുള്ള വഴി ഒരു പ്രത്യേകതരം രഹസ്യജ്ഞാനത്തിലൂടെയാണെന്ന വിശ്വാസമായിരുന്നു ജ്ഞാനവാദത്തിന്റെ അടിസ്ഥാനം. എഡി ആദ്യ നൂറ്റാണ്ടുകളിലായിരുന്നു ജ്ഞാനവാദം ഏറെ പ്രചാരം നേടിയത്. സെമിറ്റിക് മതങ്ങളുടെ ദൈവമായ യഹോവയെ ദുഷ്ടദേവതയായാണ് ജ്ഞാനവാദികള്‍ കണ്ടത്. ജ്ഞാനവാദികളുടെ ദൈവം അറിയപ്പെടാത്തവനും ശുദ്ധനും സൃഷ്ടികള്‍ക്കതീതനും സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെടാത്തവനുമാണ്.


 
ദൈവത്തിന്റെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ദുഷ്ടദേവത ഭൗതികപ്രപഞ്ചമാകുന്ന തിന്മയില്‍ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. ഭൗതികബന്ധനത്തിന്റെ നഷ്ടാവസ്ഥയില്‍ നിന്നുള്ള മോചനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുമാത്രം വിധിച്ചിട്ടുള്ള രഹസ്യജ്ഞാനം പ്രാപ്തമാക്കുക എന്നതാണ് ജ്ഞാനവാദികള്‍ കണ്ട പോംവഴി. വിവിധ ജ്ഞാനവാദ വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍ ഏറെ വൈവിദ്ധ്യം ഉണ്ടായിരുന്നു.


 
മനുഷ്യനെ മോചനമാര്‍ഗമായ രഹസ്യജ്ഞാനത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്ന ദുഷ്ടദേവതയായാണ് പഴയനിയമത്തിലെ 'വിലക്കപ്പെട്ട കനി'യുടെ കഥയിലും മറ്റും യഹോവ പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു അവരുടെ വാദം. അതിനാല്‍ തന്നെ യഹോവ പറഞ്ഞുവിട്ടുവെന്ന് സെമിറ്റിക് വിശ്വാസികള്‍ കരുതുന്ന മിക്ക പ്രവാചകരും ഇവര്‍ക്ക് വ്യാജന്മാരാണ്. എന്നാല്‍ ഇതേ പ്രവാചക പരമ്ബരയില്‍ വരുന്ന സ്നാപക യോഹന്നാന്‍ (John the bapist) ഇവരുടെ വിശുദ്ധ പുരുഷനാണ്. യോഹന്നാന്‍ ദൈവത്തിന്റെ പ്രവാചകന്‍ തന്നെ എന്നാണ് ഇവരുടെ വിശ്വാസം.


 
യോഹന്നാനാണ് യേശുവിനെ ജ്ഞാനസ്നാനം ചെയ്യിക്കുന്നത്. പക്ഷെ യേശുവിനെ ഇവര്‍ അംഗീകരിക്കുന്നില്ല. യേശുവിനെ വിശ്വാസത്തില്‍ മായം ചേര്‍ത്തവനും രഹസ്യജ്ഞാനത്തോട് കൂറില്ലായ്മ കാണിച്ചവനുമായാണ് കരുതുന്നത്. വിശ്വാസത്തിന്റെ സവിശേഷത കാരണം സ്നാപകന്റെ കാലശേഷം യേശുവിന്റെ കൂടെ ചേരാതിരുന്ന സ്നാപകന്റെ അനുയായികളാണ് ഇവര്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്.
 
'ദര്‍ഫാഷ്' (darfash) എന്നാണ് ഇവരുടെ മതചിഹ്നം അറിയപ്പെടുന്നത്. ഒലിവു തടിയുടെ കുരിശില്‍ ഒരു പട്ടുതോര്‍ത്ത് മടക്കിയിട്ടിരിക്കും. കെട്ടുഭാഗത്ത് ഒലിവിലത്തണ്ട് കോര്‍ത്തുവെച്ചിരിക്കും. കുരിശിന്റെ നാലു കൈകള്‍ പ്രപഞ്ചത്തിന്റെ നാല് അതിരുകളെ സൂചിപ്പിക്കുന്നു. പട്ടുതുണി ദൈവത്തിന്റെ പ്രകാശത്തെയും ഒലിവില സാഹോദര്യത്തെയും അടയാളപ്പെടുത്തുന്നു.


 
മാന്‍ഡിയന്‍ ദര്‍ശനത്തിന് അഞ്ച് അടിസ്ഥാനങ്ങളാണുള്ളത്. 1. ഏകനും നിത്യനുമായുള്ള ദൈവത്തിലുള്ള വിശ്വാസം 2. ജ്ഞാനസ്നാനം 3. അംഗശുദ്ധിയും നമസ്കാര പ്രാര്‍ഥനയും 4. ദാനധര്‍മ്മവും സകാത്തും 5. നോമ്ബ് എന്നിവയാണവ. പാപരഹിതരായ മലക്കുകളുടെ വാസസ്ഥലമെന്ന പരിഗണനയില്‍ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും മാന്‍ഡിയനിസം വിശുദ്ധി കല്പിക്കുന്നുണ്ട്. ഇഹലോകത്ത് ധാര്‍മ്മികമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്ന മാന്‍ഡിയനുകള്‍ കുടുംബജീവിതത്തിന്റെ അസ്വാദനത്തിന് മുന്‍ഗണന നല്‍കുന്നു. അതിനാല്‍ തന്നെ ബ്രഹ്മചര്യവും സന്ന്യാസവും അവരുടെ മതജീവിതത്തിന്റെ ഭാഗമല്ല. എങ്കിലും മദ്യത്തിന്റെയും മാട്ടിറച്ചിയുടെയും ഉപഭോഗത്തിന് ചില നിയന്ത്രണങ്ങളുണ്ട്.


 
അരാമിക്കിനോട് സാദൃശ്യമുള്ള മാന്‍ഡിയക് ആണ് ഇവരുടെ ഭാഷ. 'മന്‍ഡ'എന്നാല്‍ ജ്ഞാനം എന്നാണര്‍ഥം. മാന്‍ഡിയനുകള്‍ മധ്യപൂര്‍വ്വദേശത്ത് 'സ്വബ്ബ' എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വബ്ബ എന്നാല്‍ മാന്‍ഡിയക് ഭാഷയില്‍ വെള്ളത്തില്‍ മുങ്ങുക എന്നര്‍ഥം. സ്നാപനം അവരുടെ മതചര്യകളില്‍ പ്രധാനപ്പെട്ടത് ആയതുകൊണ്ടാകാമങ്ങനെ. ഖുറാനില്‍ മൂന്നുതവണ (2:62, 5:69, 22:17) പരാമര്‍ശിക്കപ്പെടുന്ന സാബിയനന്‍സ് (സാബിഇകള്‍) ഇവര്‍ തന്നെയെന്ന് ചില ഇസ്ലാമിക ഗവേഷകര്‍ കരുതുന്നു.


 
ബഹായ് മതസാഹിത്യത്തിലും സാബിയന്‍ വിശ്വാസികളെക്കുറിച്ച്‌ പരാമര്‍ശമുണ്ട്. ഒഴുകുന്ന ജലത്തിലുള്ള സ്നാപനം ഇവരുടെ മതജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. മതാരംഭം, വിവാഹം, ശവസംസ്കാരം, പിതൃസ്മരണ, പുണ്യദിനങ്ങള്‍ കൂടാതെ സാബത്ത് ദിവസമായ ഞായറാഴ്ചകളിലും വിശ്വാസികളുടെ സ്നാപനത്തിന് പുരോഹിതര്‍ നേതൃത്വം നല്‍കുന്നു. ജൂതര്‍ ജെറുസലെമിനെയും മുസ്ലീങ്ങള്‍ മെക്കയെയും അഭിമുഖീകരിച്ച്‌ പ്രാര്‍ഥിക്കുന്നതുപോലെ മാന്‍ഡിയനുകള്‍ ധ്രുവനക്ഷത്രത്തിന്റെ ദിശയില്‍ പ്രാര്‍ഥന നടത്തുന്നു.


 
ഇറാഖിലെ നസിറിയയും ഇറാനിലെ അഹ്വാസും കേന്ദ്രീകരിച്ചാണ് മാന്‍ഡിയന്‍ ജനത മുഖ്യമായും കാണപ്പെട്ടിരുന്നത്. അധികം പേരും സ്വര്‍ണം, വെള്ളി ആഭരണ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നു. 1979 വിപ്ലവത്തിനുശേഷം ഇറാനിലും 2003 യുദ്ധത്തിനുശേഷം ഇറാഖിലും ജീവിതം കൂടൂതല്‍ ദുഷ്കരമായി. തുടര്‍ന്ന് മാന്‍ഡിയനുകള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറി. ആസ്ത്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് മാന്‍ഡിയനുകള്‍ ഏറിയ പങ്കും കുടിയേറിയത്. ഇന്ന് ലോകത്ത് ആകമാനം 70,000ത്തിനടുത്ത് മാന്‍ഡിയനുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ഇറാഖില്‍ ഇപ്പോള്‍ 5000ത്തോളാം മാന്‍ഡിയനുകളെ അവശേഷിക്കുന്നുള്ളൂ. ഇറാനില്‍ ഇവരെ ക്രിസ്ത്യാനികളായി തന്നെ പരിഗണിക്കുന്നതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.


 
സ്നാപക യോഹന്നാനെ 'യഹ്യ യൂഹാനാ' എന്നാണിവര്‍ വിളിക്കുന്നത്. മാന്ഡിയാക് ഭാഷയിലുള്ള അവരുടെ പ്രധാന മതഗ്രന്ഥം 'ദ്രാഷാഇദ് യഹ്യ' (Drāšā D-Yaḥyā യഹ്യയുടെ പുസ്തകം) ആണ്. യഹ്യയുടെ പുസ്തകത്തില്‍ യോഹന്നാനും യേശുവും തമ്മിലുള്ള ഒരു സംവാദവും കാണാന്‍ സാധിക്കും. മാന്ഡിയന് സമൂഹത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് ഹരണ്‍ ഗവൈത (Haran Gawaita). വേദശാസ്ത്രം ഉള്‍ക്കൊള്ളുന്ന ഗിന്‍സാ റബ്ബാ (Ginza Rabba), പ്രമാണ പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്ന ഖൊലുസ്ത (Qolusta) എന്നിവയാണ് മറ്റു പ്രധാന ഗ്രന്ഥങ്ങള്‍. യോഹന്നാന്റെ ജന്മദിനമായ Dehwa daymaneh, പുതുവത്സര സായാഹ്നമായ Kahsh-u-zahly, Eed al Banjah (വസന്ത വിഷുവത്തിനു മുന്പുള്ള അഞ്ചു ദിനങ്ങള്‍) എന്നിവയാണ് പ്രധാന മാന്ഡിയന്‍ ആഘോഷദിവസങ്ങള്‍.

Related News