Loading ...

Home Education

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയുടെ വീട് സന്ദര്‍ശിച്ച്‌ സന്തോഷ് പണ്ഡിറ്റ്; വെറും സന്ദര്‍ശനം മാത്രമല്ല, കുടുംബത്തിന് കട്ടിലും മെത്തയും കസേരയും താരം നല്‍കി

കല്‍പറ്റ: ( 10.04.2019) ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടുകാരി ശ്രീധന്യയെ സന്ദര്‍ശിച്ച്‌ നടന്‍ സന്തോഷ് പണ്ഡിറ്റ്. വെറും സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ വീട്ടിലെത്തി അഭിനന്ദനങ്ങള്‍ അറിയിക്കുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകള്‍ നേരിട്ട് മനസ്സിലാക്കിയ പണ്ഡിറ്റ് ഉടന്‍ തന്നെ അതിനുള്ള മാര്‍ഗവും കണ്ടെത്തി. കുട്ടികള്‍ക്ക് കിടക്കാന്‍ കട്ടിലും സാധനങ്ങള്‍ വയ്ക്കാന്‍ അലമാരയും അദ്ദേഹം നല്‍കി.

സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതല്‍ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. കുടുംബത്തിന്റെ മോശം പശ്ചാത്തലത്തിലും വെച്ച കാല്‍ പിന്നോട്ടെടുക്കാതെ പഠനം മാത്രം മുന്നില്‍ കണ്ടാണ് ധന്യ ഈ വിജയം നേടിയത്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം;

ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദര്‍ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച്‌ ചെറിയൊരു വീട്ടില്‍ താമസിച്ച്‌ അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Related News