Loading ...

Home health

ഹൈപ്പോതൈറോയ്‌ഡിസം കാരണം ബുദ്ധിമുട്ടുന്നുണ്ടോ.?

ഡോ. ഷിംന അസീസ് പുരുഷു ഇങ്ങ്‌ വരൂ, അല്ലേല്‍ ഒപ്പമുള്ള പുരുഷനെ വിളിച്ചോണ്ടിങ്ങ്‌ വരൂ. അവന്‍മാരുടെ കഴുത്തില്‍ കാണുന്ന ആ ഉണ്ടയില്ലേ? അത്‌ തന്നെ, ആദംസ്‌ ആപ്പിള്‍. അരുത്‌, അത്‌ പിടിച്ച്‌ ഞെക്കാനല്ല അവരേം കൊണ്ട്‌ വരാന്‍ പറഞ്ഞത്‌. കഴുത്തില്‍ അയ്‌ന്റെ തൊട്ടു ചോട്ടിലുള്ള പൊസിഷനില്‍ അവര്‍ക്കും നമുക്കും പമ്മിയിരിക്കുന്ന ഒരു കുഞ്ഞിപ്പൂമ്ബാറ്റയുണ്ട്‌. പേര്‌, തൈറോയ്‌ഡ്‌ ഗ്രന്‌ഥി. ആള്‍ പൂമ്ബാറ്റ ഷേപ്പിലൊക്കെ ആണെന്നത്‌ നേര്‌, പക്ഷേങ്കില് ഒരു മാതിരി കൃഷ്‌ണപ്പരുന്തിന്റെ ഗമയാണ്‌. വേറൊന്നും കൊണ്ടല്ല കേട്ടോ, ശരീരത്തിന്റെ മൊത്തം മെറ്റബോളിസം നോക്കുന്ന കൊണാണ്ടറാണ്‌ തൈറോയ്‌ഡ്‌ ഗ്രന്‌ഥി. തലച്ചോറിലെ ഹൈപ്പോതലാമസ്‌ ഗ്രന്ഥി വഴി പിറ്റ്യൂറ്ററി ഗ്രന്‌ഥീടെ കീഴിലാണ്‌ ജോലിയെങ്കിലും പിറ്റ്യൂറ്ററി പണി മുടക്കീട്ട്‌ തൈറോയ്‌ഡ്‌ ഗ്രന്‌ഥിയുടെ ഫങ്‌ഷന്‍ നടക്കാതിരിക്കാന്‍ സാധ്യത പൊതുവേ കുറവാണ്‌. ഇതിനും മാത്രം അവിടെയെന്താ നടക്കുന്നേ എന്നാണോ? T3, T4 എന്നീ ഹോര്‍മോണുകളാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്‌. ഹൃദയമിടിപ്പ്‌, കുടലില്‍ ഭക്ഷണം ദഹിക്കുന്നതിന്റെ സ്‌പീഡ്‌ തുടങ്ങി ദേഹത്തെ സകല പ്രോസസും ഈ ഹോര്‍മോണുകളുടെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോ അളവ്‌ കുറഞ്ഞാല്‍ എന്ത് സംഭവിക്കും? മിടിപ്പ്‌ കുറയും, ദഹനം പതുക്കെയായി മലബന്ധമുണ്ടാകും, വണ്ണം കൂടും, ശരീരത്തില്‍ തൊട്ടാല്‍ കുഴിയാത്ത നീരുണ്ടാകും, ആധി കൂടും, കൊളസ്‌ട്രോള്‍ കൂടലും മുടി കൊഴിച്ചിലും ഉറക്കക്കുറവും ആര്‍ത്തവക്രമക്കേടും തണുപ്പ്‌ സഹിക്കാന്‍ വയ്യായ്‌കയും ക്രമേണ ഹൃദയത്തില്‍ പ്രശ്‌നങ്ങളുമൊക്കെ വരും. തൈറോയ്‌ഡ്‌ ഗ്രന്‌ഥിയോട്‌ ശരീരം പ്രതിപ്രവര്‍ത്തിക്കുന്ന അവസ്‌ഥ, സര്‍ജറി വഴി ഗ്രന്‌ഥി നീക്കം ചെയ്യുന്നത്‌, ചില മരുന്നുകള്‍, അയഡിന്റെ കുറവ്‌ തുടങ്ങി അനേകം കാരണം കൊണ്ട്‌ ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാം. കുഴപ്പമായാല്‍ വന്‍പണിയാണ്‌. നിയന്ത്രിച്ച്‌ കൊണ്ട്‌ പോകാന്‍ വളരെയെളുപ്പവുമാണ്‌. ഹോര്‍മോണ്‍ കൂടിയാലോ? അപ്പഴും കുഴപ്പങ്ങളാണ്‌. പൊതുവേ ഹോര്‍മോണ്‍ കുറയുന്ന ഹൈപ്പോതൈറോയ്‌ഡിസമാണ്‌ സാധാരണം എന്നത്‌ കൊണ്ട്‌ അത്‌ വിശദീകരിക്കുന്നെന്ന്‌ മാത്രം. ഇത്തരക്കാര്‍ കഴിച്ചാലും കഴിച്ചില്ലേലും വണ്ണം വെക്കും. എന്ത് ചെയ്യും? ചെയ്യേണ്ടത്‌ സിമ്ബിളാണ്‌. കൃത്യമായി മുടങ്ങാതെ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ ടാബ്ലറ്റ്‌ രാവിലെ തന്നെയങ്ങ്‌ കഴിച്ചേക്കുക. ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ ഡോക്‌ടറെ കണ്ടിരിക്കണം, ഹോര്‍മോണ്‍ അളവറിയാനുള്ള ടെസ്‌റ്റുകള്‍ ചെയ്യണം, ഡോസുകള്‍ ഡോക്ടര്‍ പറയുന്നതിനനുസരിച്ച്‌ കൃത്യമായി നോക്കുക. നിങ്ങളുടെ ഫിറ്റ്‌നസ്‌ എക്‌സ്‌പേര്‍ട്ട്‌ പറയുന്ന ഡയറ്റും വ്യായാമവും കൃത്യമായി പിന്‍തുടരുക. പട്ടിണി കിടന്ന്‌ വണ്ണം കുറയ്‌ക്കാന്‍ നോക്കി പണി വാങ്ങരുത്‌. അത്‌ ദോഷമേ ചെയ്യൂ. കൂട്ടത്തില്‍ ഒന്നൂടി പറയട്ടെ. ഗര്‍ഭിണികള്‍ക്ക്‌ ഹൈപ്പോതൈറോയ്‌ഡിസം വരുന്നത്‌ സര്‍വ്വസാധാരണമാണ്‌. 'കണ്ണില്‍ കണ്ട ഗുളികയൊന്നും കഴിക്കേണ്ട' എന്ന്‌ പറഞ്ഞ്‌ പരീക്ഷണം നടത്തരുത്‌. ഡോക്ടര്‍ തന്ന ഗുളിക നേരത്തിനും കാലത്തിനും വിഴുങ്ങി സന്തോഷായിട്ടിരിക്കുക. ഇതില്‍ അശ്രദ്ധ കാണിച്ചാല്‍ ബുദ്ധിമാന്ദ്യമുള്ള, ശാരീരികവൈകല്യമുള്ള കുഞ്ഞിന്റെ ജന്മത്തിന്‌ കാരണമാകാം. 'ക്രെറ്റിനിസം' എന്ന്‌ പേരുള്ള ഈ ഡിഫക്‌ട്‌ പല കാരണങ്ങള്‍ കൊണ്ട്‌ ഉണ്ടാകാം. ഇതില്‍ ഗുളിക കൊണ്ട്‌ തടയാനാവുന്നത്‌ നമ്മള്‍ മരുന്ന്‌ നേരാംവണ്ണം കഴിക്കുന്നത്‌ വഴി ഇല്ലാതാക്കാം. ഏത്‌ കാരണം കൊണ്ട്‌ ഉണ്ടായതായാലും ജന്മനാലുള്ള ഹൈപ്പോതൈറോയ്‌ഡിസം ഇല്ലാതാക്കാന്‍ കുഞ്ഞിന്‌ കൃത്യമായി ഡോക്ടര്‍ പറയുന്ന അളവില്‍ തൈറോക്‌സിന്‍ സപ്ലിമെന്റ്‌ നല്‍കണം. ഈ അവസ്‌ഥ ഉണ്ടോ എന്നറിയാന്‍ കൂടിയാണ്‌ ജനിച്ച ഉടനെ പൊക്കിള്‍ക്കൊടിയില്‍ നിന്ന്‌ രക്‌തമെടുത്ത്‌ പരിശോധിക്കുന്നത്‌. ഒരു വയസ്സ്‌ കഴിഞ്ഞ്‌ ഈ അവസ്‌ഥ ചികിത്സിച്ച്‌ മാറ്റാനാവില്ല. എന്നാല്‍ സമയത്തിന് ചികിത്സിച്ചാല്‍ പൂര്‍ണമായും പ്രതിരോധിക്കാനാവുന്ന അവസ്‌ഥയാണിത്‌.

Related News