Loading ...

Home Education

ഇന്ത്യയുടെ സമ്ബത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേണ്ട തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായം

വെള്ളാശേരി ജോസഫ് ഇന്‍ഡ്യാക്കാര്‍ക്ക് വിദ്യാഭ്യാസത്തെയും തൊഴിലിനേയും കുറിച്ച്‌ പല മൂഢ സങ്കല്‍പ്പങ്ങളും ഉണ്ട് - ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്തതാണ് ഈ സങ്കല്‍പങ്ങള്‍. വിദ്യാഭ്യാസ യോഗ്യതകള്‍ ഒക്കെ പ്രദര്‍ശിപ്പിക്കുന്നത് ഇന്‍ഡ്യാക്കാരുടെ വലിയ 'വീക്ക്നെസ്സ്' ആണ്. തമിഴ്നാട്ടില്‍ ആണെങ്കില്‍ BA; MA - എന്നൊക്കെ പേരിന്‍റ്റെ കൂടെ എത്ര വേണമെങ്കിലും കാണാന്‍ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഓരോ തൊഴിലിനും വേണ്ട 'സ്കില്‍സ്' അല്ലെങ്കില്‍ പാടവമുണ്ടോ എന്നതാണ് മുഖ്യമായ വിഷയം - അല്ലാതെ വെറുതെ ഡിഗ്രി പ്രദര്‍ശിപ്പിക്കുന്നതില്‍ കാര്യമില്ല. തൊഴില്‍ ദാതാക്കള്‍ ഓരോ തൊഴിലിനും വേണ്ട 'സ്കില്‍സ്' ആണ് ഉദ്യോഗാര്‍ഥിയില്‍ ഉറ്റു നോക്കുന്നത്. സാങ്കേതിക മേഖലയില്‍ ഐ.ഐ.ടി., എന്‍ .ഐ.ടി. - എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നല്ല ജോലി സാധ്യതയും, ശമ്ബളവും മുന്‍പരിചയം ഒന്നും നോക്കാതെ ഇപ്പോഴും ഉണ്ട്. പോളിടെക്നിക്കുകളില്‍ നിന്ന് വരുന്ന സൂപ്പര്‍വൈസര്‍മാര്‍ ഐ.ടി.ഐ., ഐ.ടി.സി എന്നിവയില്‍ നിന്ന് വരുന്ന ടെക്നീഷ്യന്മാര്‍/ക്രഫ്റ്റ്മാന്മാര്‍, എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്ന് വരുന്ന എന്‍ജിനീയര്‍മാര്‍, വൊക്കേഷനല്‍ ഡിഗ്രീ, ഡിപ്ലോമ നേടിയവര്‍ എന്നീ വിവിധങ്ങളായ തട്ടിലുള്ളവരെയും ഇന്നത്തെ ലേബര്‍ മാര്‍ക്കറ്റില്‍ ആവശ്യമുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ പ്രശ്നം ഇവിടെയൊന്നും അല്ല. ഇനി ഇന്ത്യയില്‍ 'സ്കില്‍സ്' നേടുന്നതാണ് പ്രധാനം. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ എന്‍ജിനീയര്‍മാര്‍ ആവശ്യത്തിലധികം ആണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗ്രെയിറ്റര്‍ നോയിഡയിലെ യമഹാ ഫാക്റ്ററിയില്‍ ഇന്‍ഡസ്ട്രിയല്‍ സര്‍വേ നടത്തിയപ്പോള്‍ അവിടെ 'സ്കില്‍ഡ് തൊഴിലാളിക്ക്' തുടക്കത്തില്‍ തന്നെ 40,000 രൂപയായിരുന്നു ശമ്ബളം. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലെല്ലാം ഇത്തരത്തില്‍ ശമ്ബളം കൂടിയിട്ടുണ്ട്. കമ്ബനികള്‍ക്ക് 'സ്കില്‍ഡ്' തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നതിലാണ് ഉല്‍ക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെന്‍റ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. ഡല്‍ഹി മെട്രോയും അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കില്‍ഡ്' ആകാന്‍ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാര്‍ത്ഥികളും ശ്രമിക്കുകയാണ് വേണ്ടത്; അല്ലാതെ വെറുതെ എന്‍ജിനീയര്‍മാരെ സൃഷ്ടിച്ചിട്ട് കാര്യമൊന്നും ഇല്ലാ. ഓരോ തൊഴിലിനും വേണ്ട 'സ്കില്‍സ്' ഉണ്ടെങ്കില്‍ അവര്‍ക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്ബളവും ലഭിക്കും. ഇന്ന് നമ്മുടെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ യുവാക്കള്‍ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷില്‍ 'ഡെമോഗ്രാഫിക് ഡിവിഡന്‍റ്റ്' എന്ന് പറയുന്നത്. ചൈനയില്‍ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയില്‍ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകള്‍ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കര്‍മശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ നയിക്കാന്‍ ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉണ്ടാവണം. ഇന്ത്യക്ക് നിര്‍ഭാഗ്യവശാല്‍ അത്തരം നല്ല രാഷ്ട്ര ശില്‍പികള്‍ ഇപ്പോള്‍ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. മോദിയാണെങ്കില്‍ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെല്‍ഫ് ഗോളുകള്‍ അടിച്ച്‌ ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. 'ജോബ് ക്രീയേഷന്‍' രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയില്‍ തൊഴിലിനെ കുറിച്ചുള്ള നാഷണല്‍ സാമ്ബിള്‍ സര്‍വേ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ പൂര്‍ത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പുറത്തിറക്കിയില്ലാ. അതില്‍ പ്രതിഷേധിച്ച്‌ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ ആക്റ്റിങ് ചെയര്‍മാന്‍ പി.സി. മോഹനന്‍ കുറെ നാള്‍ മുമ്ബ് രാജി വെച്ചത് ഇതിനോട് ചേര്‍ത്തു വായിക്കണം. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍റ്റെ തീവ്രവാദത്തെ അനുകൂലിക്കുന്ന ചൈനയെ തടയിടണമെങ്കില്‍ ആദ്ദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കല്‍പങ്ങള്‍ മാറ്റുക എന്നതാണ് വേണ്ടത്. ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേര്‍ക്ക് തൊഴില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്ബോള്‍ നമ്മള്‍ സര്‍ക്കാര്‍ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനല്‍ എജുക്കേഷന്‍' എന്നത് ഇന്ത്യയില്‍ സ്കൂള്‍ തലത്തില്‍ തന്നെ പ്രോല്‍സാഹിപ്പിക്കേണ്ടിയിരിക്കുന്നു. 'പ്ലസ് റ്റു' തലത്തില്‍ നിന്നെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായം ആണ് നമുക്ക് വേണ്ടത്. നേരത്തെ 'വൊക്കേഷനല്‍ എജുക്കേഷന്‍' എന്നത് ഇന്ത്യയില്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ വേണ്ടി ഡോക്റ്റര്‍ മന്‍മോഹന്‍ സിങ് പ്രധാന മന്ത്രി ആയപ്പോള്‍ മുതല്‍ ആസൂത്രണ കമ്മീഷന്‍ ധാരാളം പഠനങ്ങള്‍ നടത്തിയിരുന്നു. പഠനങ്ങളും ആസൂത്രണവും നടന്നതല്ലാതെ 'ഇബ്ബ്ളിമെന്‍റ്റേഷന്‍' എന്ന തലത്തിലേക്ക് വന്നപ്പോള്‍ നാം പിന്നോക്കം പോയി. 'ജാപ്പനീസ് മോഡലും', 'ജര്‍മ്മന്‍ മോഡലും' ഒക്കെ പറഞ്ഞു കേട്ടതല്ലാതെ ഒന്നും നടപ്പായില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഇന്‍ഡ്യാക്കാര്‍ എന്നും 'ഇബ്ബ്ളിമെന്‍റ്റേഷന്‍' തലത്തിലാണല്ലോ എപ്പോഴും പിന്നോക്കം പായുന്നത്. ചുരുക്കം പറഞ്ഞാല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായം ഇന്ത്യയില്‍ നടപ്പിലാകുന്നില്ല. തൊഴില്‍ ദാതാക്കള്‍ ഓരോ തൊഴിലിനും വേണ്ട 'സ്കില്‍സ്' ആണ് ഉദ്യോഗാര്‍ഥിയില്‍ ഉറ്റു നോക്കുന്നത്. 'ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്' പാസായ ഇഷ്ടം പോലെ ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയില്‍ ഉള്ളപ്പോഴും തൊഴിലിനു വേണ്ട 'സ്കില്‍' അതല്ലെങ്കില്‍ 'പാടവം സിദ്ധിച്ച' ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയില്‍ ഇപ്പോഴും നന്നേ ചുരുക്കം. മോദിയുടെ ഇന്ത്യയില്‍ തൊഴിലിന്‍റ്റെ കാര്യത്തിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റ്റെ കാര്യത്തിലും 'വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ' എന്ന മട്ടിലാണ്. നോട്ട് നിരോധനം മൂലം പല അസംഘടിത മേഖലകളിലെയും വിപണി സാധ്യത നഷ്ടപ്പെട്ടു; പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് 1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത്. 2017 -18 കാലഘട്ടത്തില്‍ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെച്ച നാഷണല്‍ സാമ്ബിള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരത്തേ സെന്‍റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതില്‍ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ല്‍ ഏതാണ്ട് 11 മില്യണ്‍ അതല്ലെങ്കില്‍ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും എന്ന് CMIE പ്രവചിച്ചിരുന്നു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ നിന്നും, ചൈനയുടെ വികസനത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. ചൈനയെ അപേക്ഷിച്ചു നോക്കുമ്ബോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്‍റ്റെ കാര്യത്തില്‍ നാം ഇനി ഒട്ടും അമാന്തിച്ചു കൂടാ. അത് പോലെ തന്നെ ഇന്‍ഫ്രാസ്ട്രക്ചര്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലെങ്കില്‍ വ്യവസായവും, വാണിജ്യവും ഒന്നും പുഷ്ടിപ്പെട്ടില്ല. അതുപോലെ നമ്മള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങളുടെ ക്വാളിറ്റിയും, വിലക്കുറവും നിലനിര്‍ത്തിയില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങളോട് മല്‍സരിക്കുവാന്‍ നമുക്ക് ആവില്ല. നമ്മുടെ എച്.എം.ടി. വാച്ചും, അംബാസിഡര്‍ കാറും ഒക്കെ ക്വാളിറ്റിയില്‍ മോശക്കാരല്ലായിരുന്നു. പക്ഷെ കാലത്തിന്‍റ്റെ കുത്തൊഴുക്കില്‍ പുതിയ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊണ്ടില്ല എന്നു മാത്രം. ചൈന തൊഴില്‍ സൃഷ്ടിക്കുന്ന കാര്യം പറയുമ്ബോള്‍ ചൈനീസ് തൊഴില്‍ മേഖലയില്‍ നിലനിന്നിരുന്ന ചൂഷണം പലരും ചൂണ്ടി കാട്ടും. ഇങ്ങനെ ചൂണ്ടി കാട്ടുന്നവര്‍ക്ക് ഇന്ത്യയിലെ അസംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണത്തെ കുറിച്ച്‌ ഒരു രൂപവുമില്ല. 8-10 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ 'മെറ്റല്‍ ഇന്‍ഡസ്ട്ട്രിയില്‍' ഒരു സര്‍വേ നടത്തിയിരുന്നു അന്ന് 2000-3000 രൂപയായിരുന്നു ഡ്രില്‍ മെഷീനും, വെല്‍ഡിങ് മെഷീനും ഉപയോഗിച്ച്‌ ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികള്‍ക്കും ശമ്ബളം. ഇന്ത്യയിലെ തുകല്‍, ടെക്സ്റ്റയില്‍ മേഖലയിലും ചൂഷണത്തിന് ഒരു കുറവും ഇല്ലാ. അസംഘടിത മേഖലയാണ് ഇന്ത്യന്‍ സമ്ബത് വ്യവസ്ഥയുടെ ഗതി നിര്‍ണയിക്കുന്ന പ്രധാന ചാലക ശക്തി. ഇന്ന് നമ്മുടെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ യുവാക്കള്‍ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യയില്‍ ഈ 'ഡെമോഗ്രാഫിക് ഡിവിഡന്‍റ്റ്' നാം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തണം. ചൈനയില്‍ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയില്‍ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകള്‍ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. യുവതീ-യുവാക്കളുടെ ഈ കര്‍മശേഷിയെ അസംഘടിത മേഖലയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കൂടുകയുള്ളൂ. അപ്പോഴേ ഇന്ത്യന്‍ സമ്ബത് വ്യവസ്ഥയും ശക്തി പ്രാപിക്കുകയുള്ളൂ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായം പോലെ തന്നെ ഇന്ത്യയില്‍ ഗവേഷണവും ശക്തി പെടുത്തേണ്ടതുണ്ട്. ഇതിലും ചൈനയില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ പോലെ ഒരു ഇലക്രോണിക്സ്-ഡിജിറ്റല്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റെലിജെന്‍സ് മേഖലയിലെ വളര്‍ച്ച ആധുനിക രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഇന്ന് വളരെ അത്യന്താപേക്ഷിതമാണ്. മോഡി വലിയ വാചകമടിക്കുന്നതല്ലാതെ ഇന്ത്യയില്‍ അതൊന്നും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റെലിജെന്‍സ് മേഖലക്ക് ഇന്ത്യയില്‍ വന്‍ തുക മാറ്റിവെച്ചത്. ചൈനയില്‍ ഇതു നേരത്തെ തന്നെ സംഭവിച്ചു കഴിഞ്ഞു. റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്റില്‍ ചൈന അവരുടെ GDP - യുടെ 2.1 ശതമാനം ഉപയോഗിക്കുമ്ബോള്‍ ഇന്ത്യ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്റിന് മുടക്കുന്ന തുക GDP- യുടെ കേവലം 0.65 ശതമാനം മാത്രമാണ്. ഡിജിറ്റല്‍ ടെക്നോളജി കുതിച്ചുയര്‍ന്നപ്പോള്‍ ഗൂഗിള്‍, യാഹൂ, ഫെയിസ്ബുക്ക് - മുതലായ സംരഭങ്ങളിലൂടെ അമേരിക്കയാണ് ആദ്യം മുന്നില്‍ വന്നത്. പക്ഷെ ഇപ്പോള്‍ ചൈന അവരുടെ GDP - യുടെ 2.1 ശതമാനം റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്റില്‍ ഉപയോഗിക്കുകയാണ്. 2030 ആകുമ്ബോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റെലിജെന്‍സ് മേഖലയില്‍ ലോകത്തിലെ 'സൂപ്പര്‍ പവര്‍' ആകാനുള്ള ദീര്‍ഘ കാല ശ്രമങ്ങളാണ് ഇപ്പോള്‍ ചൈനയില്‍ നടക്കുന്നത്. 150 ബില്യണ്‍ ഡോളറിന്‍റ്റെ വന്‍ നിക്ഷേപമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റെലിജെന്‍സ് മേഖലക്ക് വേണ്ടി 2030 ലക്ഷ്യം വെച്ച്‌ ചൈന ഒരുക്കുന്നത്. ഇങ്ങനെ 11 വര്‍ഷങ്ങള്‍ക്കപ്പുറം ലക്ഷ്യം കണ്ടുകൊണ്ട് ദീര്‍ഘ കാല ആസൂത്രണ പ്രക്രിയ ചൈനയില്‍ നടക്കുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശാസ്ത്ര ലേഖനങ്ങള്‍ വരുന്നതും ചൈനയില്‍ നിന്ന് തന്നെ. ലോകത്തിലെ ഏറ്റവും മുന്തിയ രണ്ടു 'സ്റ്റാര്‍ട്ട്-അപ്പുകള്‍' ചൈനയില്‍ നിന്നാണ്. 15000 ബിസിനെസ്സ് സംരഭങ്ങളാണ് ഓരോ വര്‍ഷവും ചൈനയില്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ത്യക്ക് ചൈനയുമായി കിടപിടിക്കാം എന്ന തോന്നലുണ്ടായിരുന്നു. ഇന്ത്യ ഉദാരവല്‍ക്കരണം നടപ്പിലാക്കിയ 1990-കളില്‍ പലരും ഇതു സ്വപ്നം കണ്ടിരുന്നു. ഇന്നിപ്പോള്‍ അത്തരം സ്വപ്നങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ലാത്ത സ്ഥിതി കൈവന്നിരിക്കയാണ്. റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്റിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റെലിജെന്‍സിലും, ഇന്‍ഫ്രാആസ്ട്രക്ച്ചറിലും ഒക്കെ ചൈന നേടിയ നേട്ടം തന്നെ കാരണം. ചൈന 'മെരിറ്റോക്രസിക്ക്' സ്ഥാനം കൊടുത്തു. ചൈനയുടെ 'മെരിറ്റോക്രസിയില്‍' നിന്ന് വ്യത്യസ്തമായി ബഡായികളിലൂടെ മനുഷ്യനെ വടിയാക്കുന്ന രാഷ്ട്രീയ നെത്ര്വത്ത്വവും ആ രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ചുറ്റുമുള്ള സ്തുതി പാഠക വൃന്ദവും ആണ് ഇന്ന് ഈ രാജ്യത്തുള്ളത്. തൊഴിലിനേയും, സമ്ബത് വ്യവസ്ഥയുടെ വളര്‍ച്ചയെയും കുറിച്ച്‌ പറയുമ്ബോള്‍ ഇപ്പോഴത്തെ മോഡി സര്‍ക്കാര്‍ ഉള്ളതും കൂടി കുളമാക്കിയത് കാണാതിരിക്കരുത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ കുത്തുപാളയെടുപ്പിച്ചത് അന്തരാഷ്ട്ര മാര്‍ക്കറ്റിലുള്ള ക്രൂഡ് ഓയിലിന്‍റ്റെ വില കയറ്റമായിരുന്നു. തദനുസൃതമായി ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നു; അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു. മോഡി വന്നപ്പോള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്‍റ്റെ വില ഗണ്യമായി താഴ്ന്നു. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെ ആയി. ഇങ്ങനെ നോക്കുമ്ബോള്‍ മോഡി സര്‍ക്കാരിന് ഒരു സുവര്‍ണാവസരം ആണ് വീണു കിട്ടിയത്; എല്ലാ അര്‍ത്ഥത്തിലും അതൊരു 'ബംമ്ബര്‍ ലോട്ടറി' ആയിരുന്നു. ശരിക്കും സമ്ബത് വ്യവസ്ഥയിലും ഇന്ത്യയുടെ എല്ലാ മേഖലകളിലും ഒരു 'ക്വാണ്‍ഡം ജംപ്പ്' വേണമെങ്കില്‍ മോദിക്ക് നടത്താമായിരുന്നു. പക്ഷെ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെല്‍ഫ് ഗോളുകള്‍ അടിച്ച്‌ ഒള്ളതും കൂടി മോഡി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. ആ വകുപ്പില്‍ തൊഴില്‍ രംഗത്തുണ്ടായ മാന്ദ്യത്തില്‍ നിന്നും, സമ്ബദ് വ്യവസ്ഥക്കേറ്റ തിരിച്ചടിയില്‍ നിന്നും കര കേറാന്‍ ഇന്‍ഡ്യാ മഹാരാജ്യം ഇനിയും പല വര്‍ഷങ്ങള്‍ എടുക്കും.

Related News