Loading ...

Home Education

ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ലയനപ്രക്രിയക്ക് വേഗതയേറുന്നു

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം ഈ അക്കാദമിക് വര്‍ഷം തന്നെ നടക്കും.ഇതിന്റെ ആദ്യപടി എന്ന നിലക്ക് ഡിപിഐ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വിഎച്ച്‌എസ്‌ഇ എന്നിവ ഒന്നാക്കി പൊതു ഡയറക്ടര്‍ക്ക് കീഴിലാക്കും. നിലവിലുള്ള വിഎച്ച്‌എസ്‌ഇ ഹയര്‍സെക്കന്‍ഡറി റീജണല്‍ ഓഫീസുകള്‍ ഇല്ലാതാവും .ഇതിനുപകരം ഡിഡിഇ ഓഫീസിന് കീഴില്‍ ആകും ഹയര്‍സെക്കന്‍ഡറി വിഭാഗം അടക്കമുള്ള സ്കൂളുകള്‍ ഉണ്ടാവുക. എന്നാല്‍ ഈ ഓഫീസുകള്‍ പ്രവര്‍ത്തനം ഉടനെ നിര്‍ത്തുകയില്ല. സാവധാനത്തില്‍ ഈ മേഖലാ ഓഫീസുകളിലെ സെക്ഷനുകള്‍ ഡിഡിഇ ഓഫീസിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഡിഇഒ ഓഫീസുകള്‍ക്ക് തല്‍ക്കാലം മാറ്റമുണ്ടാവില്ല. ഹൈസ്കൂള്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് പുറമേ ഹയര്‍ സെക്കണ്ടറിയുടെ സെക്ഷനുകളും ഇവിടെ തുടങ്ങും. പ്രിന്‍സിപ്പല്‍മാര്‍ക്ക് 25% ഡിഇഒ തസ്തികകള്‍ നല്‍കും. ഇതിനായി 10% ഡിഇഒ തസ്തികകള്‍ താല്‍കാലികമായി സൃഷ്ടിക്കും. സ്കൂളുകളുടെ ചുമതല ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കാവും. അതോടൊപ്പം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്‍റെ അക്കാദമിക് ഹെഡും പ്രിന്‍സിപ്പല്‍ തന്നെ ആയിരിക്കും. സ്കൂള്‍ കെട്ടിടങ്ങള്‍, മറ്റു ഭൗതികസൗകര്യങ്ങള്‍, പ്രിന്‍സിപ്പലിന്റെ അഭാവത്തില്‍ പ്രിന്‍സിപ്പലിന്റെ അക്കാദമിക് ഹെഡ് എന്ന ചുമതല ഒഴികെയുള്ള അധികാരങ്ങള്‍ എന്നിവ വൈസ് പ്രിന്‍സിപ്പലിനായിരിക്കും. ഈ ചുമതലകള്‍ക്ക് പുറമേ ഹൈസ്കൂള്‍ അക്കാദമിക് ഹെഡ് എന്ന ചുമതല കൂടി വൈസ് പ്രിന്‍സിപ്പല്‍ വഹിക്കും.ഉച്ചക്കഞ്ഞി ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങള്‍ വൈസ് പ്രിന്‍സിപ്പല്‍ കൈകാര്യം ചെയ്യും. സ്റ്റാഫിന്‍റെ നിയമനം പ്രിന്‍സിപ്പലില്‍ നിക്ഷിപ്തമായിരിക്കും. ഹാജര്‍, ലീവ് തുടങ്ങിയവയുടെ നിയന്ത്രണം വൈസ് പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കാനായിരുന്നു ആദ്യധാരണയെങ്കിലും പിന്നീട് അതത് അക്കാദമിക് ഹെഡ് തന്നെ കൈകാര്യം ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.ഏകീകരണം കാരണമുള്ള വിവാദം ഒതുങ്ങുന്നതോടെ വൈസ് പ്രിന്‍സിപ്പലിലേക്ക് നല്‍കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
പ്രിന്‍സിപ്പലിന് ക്ലാസ് ചാര്‍ജ് തല്‍ക്കാലം തുടരേണ്ടിവരും, വൈസ് പ്രിന്‍സിപ്പലിന് ഇനി മുതല്‍ അവര്‍ക്ക് നിശ്ചയിച്ച ക്ലാസില്‍ പോകേണ്ടിയും വരും.
ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ സ്റ്റാഫിന്റെ കണ്‍ട്രോളിങ്ങ് ഓഫീസര്‍ പ്രിന്‍സിപ്പല്‍ ആയിരിക്കുമെങ്കിലും അവര്‍ ഇപ്പോള്‍ ചെയ്തുവരുന്ന ജോലികള്‍ മാത്രം ചെയ്താല്‍ മതിയാകും. ലാബുകള്‍ ലൈബ്രറികള്‍ തുടങ്ങിയവ പങ്കുവെക്കുന്നത് ഇപ്പോള്‍ ഉണ്ടാവില്ല. ഇനി മുതല്‍ സ്കൂള്‍ അസംബ്ലികള്‍ ഒന്നിച്ച്‌ നടത്താനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ യോജിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം. പരീക്ഷകളും ഒന്നിച്ച്‌ നടത്തും. എന്നാല്‍ വാലുവേഷന്‍, ടാബുലേഷന്‍ എന്നിവ ഇപ്പോഴുള്ളത് പോലെ തുടരും.സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, എന്‍എസ്‌എസ് എന്നിവ ഇപ്പോള്‍ ഉള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കും. മറ്റു പൊതുവായ ക്ലബ്ബുകള്‍ ഈ അക്കാദമിക് വര്‍ഷം തന്നെ ഏകീകരിക്കും. കാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പുതിയ തസ്തികകളും ഓഫീസുകളും ഈ വര്‍ഷം ഉണ്ടാവില്ല. എഇഒ പ്രൊമോഷന്‍ വൈസ് പ്രിന്‍സിപ്പലിന് മാത്രമായിരിക്കും. പിജി എടുത്തവര്‍ക്ക് പീജിടി എന്നതും പഞ്ചായത്ത് തലത്തിലുള്ള ഓഫീസുകള്‍ നിര്‍മ്മിച്ച്‌ യുപി അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കുക എന്നുള്ളതും ഈ സര്‍ക്കാര്‍ സാമ്ബത്തിക ബാധ്യത മൂലം നടപ്പാക്കുന്നതല്ല എന്നാല്‍ ഈ തസ്തികകള്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ട് അടുത്ത ഭരണത്തില്‍ പ്രതിപക്ഷത്തിരുന്നു ശക്തമായ സമര സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അന്നത്തെ സര്‍ക്കാരിനെ കൊണ്ട് ഉണ്ടാക്കിയെടുക്കും. നിലവിലുള്ള ആര്‍ ഡിഡി മാര്‍ക്ക് ഡയറക്ടറേറ്റില്‍ ജെ ഡി തസ്തിക സൂപ്പര്‍ ന്യൂമററി വ്യവസ്ഥയില്‍ ഇതില്‍ നിര്‍മ്മിച്ചു നല്‍കും. ഏകീകരണം നടത്തുന്നതുമൂലം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നടത്താന്‍ ഇരിക്കുന്ന നിസ്സഹകരണ സമരം മുന്‍കൂട്ടി കണ്ട് ഈ വര്‍ഷത്തെ അഡ്മിഷന്‍ നേരത്തെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിനുശേഷം അധ്യാപക സംഘടനകളുടെ മീറ്റിംഗ് ഉണ്ടായിരിക്കും എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജൂണ്‍ 3ന് പുതിയ ഡയറക്ടറുടെ കീഴിലായിരിക്കും സ്കൂളുകള്‍ തുറക്കുക.

Related News