Loading ...

Home Education

പ്ലസ്‌ വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളും പരിഗണിച്ചാണ് ട്രയല്‍ അവലോട്ട്‌മെന്റ്. അപേക്ഷകരുടെ ജനന തീയതിയും ജില്ലയും അപേക്ഷാ നമ്ബറും അലോട്ട്‌മെന്റില്‍ പരിശോധിക്കാം. ഒപ്പം അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച്‌ ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ വരുത്തി തിരുത്തലിനുള്ള അപേക്ഷകള്‍ നാളെ വൈകുന്നേരം നാലിനുമുമ്ബ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണെന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. ഇത് സംബന്ധിച്ച്‌ പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കൗണ്‍സലിംഗിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിംഗ് സമിതിക്ക് മുന്നില്‍ നാളെ പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്ബര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പരിശോധനക്കായി നല്‍കാത്തവര്‍ക്ക് അവ എതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനക്കായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കുന്നുണ്ട്.
നാളെ വൈകീട്ട് നാലിനകം ഇത്തരം അപേക്ഷകര്‍ അനുബന്ധരേഖകള്‍ സഹിതം നല്‍കണമെന്നാണ് നിര്‍ദേശം. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
ഉപരിപഠന യോഗ്യതയുള്ള കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി സീറ്റുകള്‍ ലഭ്യമല്ലാത്ത വിദ്യാലയങ്ങളില്‍ 20 ശതമാനം സീറ്റ് കൂട്ടും. ആദ്യ അലോട്ട്‌മെന്റിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം.

Related News