Loading ...

Home Education

ഓസോണിൽ അസാധാരണ മാറ്റങ്ങൾ; ഭൂമിയിൽ ചൂടേറും

എല്ലാ വർഷവും സെപ്റ്റംബറിൽ അന്റാർട്ടിക്കയ്ക്കു മുകളിലെ ഓസോൺ പാളിയിൽ വൻതോതിൽ സുഷിരമുണ്ടാകുന്നത് പതിവാണ്. ആ സുഷിരമങ്ങനെ വികസിച്ച് ഒടുവിൽ ഒക്ടോബർ ഒന്നോടെ അതിന്റെ പാരമ്യതയിലെത്തും. എന്നാൽ ഇത്തവണ പണി പാളിയെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഓസോൺ ശോഷിക്കുന്നത് ഇത്തവണ ഒക്ടോബർ ഒന്നിനു നിലച്ചില്ല. മാത്രവുമല്ല പ്രതീക്ഷിച്ചതിലും രണ്ടാഴ്ചയിലും അധികം ഓസോൺ പാളിയിലെ സുഷിരം വലുതായിക്കൊണ്ടേയിരുന്നു.ഒടുവിൽ ഒക്ടോബർ പതിനഞ്ചോടെ സുഷിരത്തിന്റെ വലിപ്പം അതിന്റെ പാരമ്യതയിലെത്തിയപ്പോൾ ഓസോൺ പാളിയുടെ 95 ശതമാനവും നഷ്ടമായ അവസ്ഥയായിരുന്നു. അതായത് 1991 മുതലുള്ള കണക്കെടുത്താൽ ഇന്നേവരെ ഓസോണിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ നാലാമത്തെ സുഷിരം. ഏകദേശം 2.82 കോടി ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഓസോണാണ് നശിച്ചു പോയത്. റഷ്യയും കാനഡയും കൂടി ചേർത്തുവച്ചാലുള്ള വലുപ്പത്തേക്കാൾ അധികം വരും ഇത്. സാധാരണ ഈ സുഷിരം പതിയെപ്പതിയെ ചുരുങ്ങേണ്ടതാണ്. എന്നാൽ ഇത്തവണ ഓസോൺ വിള്ളൽ അതിന്റെ പാരമ്യത്തിൽത്തന്നെ വിചാരിച്ചതിലും അധികം സമയം തുടർന്നതാണ് അസാധാരണമായ സാഹചര്യത്തിലേക്കു നയിച്ചത്. ഇതിന്റെ പരിണിതഫലം വരുംനാളുകളിലായിരിക്കും അനുഭവപ്പെടുക.

ഭൂമിയിലേക്ക് പതിക്കുന്ന കനത്ത അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് അന്റാർട്ടിക്കയ്ക്കും ദക്ഷിണാർധഗോളത്തിലെ രാജ്യങ്ങൾക്കും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ‘ഓസോണിൽ എല്ലാവർഷവും ശോഷണം സംഭവിക്കാറുണ്ട്. എന്നാൽ ഇത്തവണ നമ്മളൽപം മുൻകരുതലെടുക്കേണ്ട വിധത്തിലാണ് കാര്യങ്ങൾ‍..’ എന്നാണ് പത്രക്കുറിപ്പിൽ ഡബ്ല്യുഎംഒ വ്യക്തമാക്കിയത്.ഭൗമോപരിതലത്തിൽനിന്ന് 15 - 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലെ അസാധാരണമായ തണുപ്പാണ് ഇത്തവണ പ്രശ്നം വഷളാക്കിയത്. സാധാരണ ഗതിയിൽ സ്‌ട്രാറ്റോസ്‌ഫിയറിൽ അനുഭവപ്പെടുന്ന ഉയർന്ന സൂര്യതാപം ആണ് അവിടെയുള്ള ഓക്‌സിജൻ തന്മാത്രകളെ (o2) വിഘടിപ്പിച്ച് ഓക്‌സിജൻ (o) ആറ്റങ്ങളാക്കുന്നത്. സ്‌ഥിരത കുറഞ്ഞ ഈ ഓക്‌സിജൻ ആറ്റങ്ങൾ തൊട്ടടുത്തുള്ള ഓക്‌സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ (o3) രൂപംകൊള്ളുന്നു. അൾട്രാവയലറ്റ് രശ്‌മികൾ വന്നിടിക്കുമ്പോൾ ഈ ഓസോൺ തന്മാത്രകൾ വീണ്ടും ഓക്‌സിജൻ തന്മാത്രയും (o2) ഓക്‌സിജൻ ആറ്റവുമായി (o) മാറും. പക്ഷേ അൾട്രാവയലറ്റ് രശ്മികൾ അവിടെവച്ച് നശിപ്പിക്കപ്പെടും. ഓസോൺ ഉണ്ടാകാൻ ഇടയാക്കുന്നത് സൂര്യതാപമാണെന്നു ചുരുക്കം.
glacier
അന്റാർട്ടിക്കയുടെ മുകളിലെ സ്ട്രാറ്റോസ്ഫിയറിൽ സെപ്റ്റംബർ സമയത്ത് കൊടുംതണുപ്പായിരിക്കും. അന്നേരവും പക്ഷേ അൾട്രാവയലറ്റ് രശ്മികൾ വന്നു കൊണ്ടേയിരിക്കും. തണുപ്പുകാരണം ഓസോൺ നിർമിക്കപ്പെടാതാകുന്നതോടെ രശ്മികളേറ്റ് പാളിയിൽ വിള്ളലുണ്ടായിക്കൊണ്ടേയിരിക്കും. തണുപ്പുമാറുമ്പോൾ പിന്നെയും ഓസോൺ രൂപീകരിക്കപ്പെടുകയും രശ്മികൾ തടയപ്പെടുകയുമാണ്. പതിവ്. എന്നാൽ ഇത്തവണ തണുപ്പ് വിചാരിച്ചതിലും ഏറെനാൾ നിന്നതോടെയാണ് പണിപാളിയത്. മാത്രവുമല്ല മനുഷ്യന്റെ തലതിരിഞ്ഞ വികസന നയങ്ങൾ കാരണം വൻതോതിലാണ് ക്ലോറോഫ്ലൂറോ കാർബണും മറ്റ് ഓസോൺ വിനാശകാരികളും സ്ട്രാറ്റോസ്ഫിയറിൽ എത്തുന്നത്. ഇതെല്ലാം വിഘടിച്ച് ഓസോണിനെ നശിപ്പിക്കാൻ ശേഷിയുള്ള ക്ലോറിനും ബ്രോമിനുമായി മാറുന്നതും ഏറുകയാണ്. ഓസോൺ പുന:സൃഷ്ടിക്കപ്പെടാൻ മനുഷ്യൻ ഒരുതരത്തിലും സമ്മതിക്കുന്നില്ലെന്നർഥം.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അന്റാർട്ടിക്കയ്ക്കു മുകളിൽ 2.41 കോടി ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഓസോൺ ശോഷണം സംഭവിച്ചത്. അന്ന് സെപ്റ്റംബർ 11നായിരുന്നു സുഷിരത്തിന്റെ വലിപ്പം പാരമ്യത്തിലെത്തിയത്. ഏറ്റവും ഭീകരമായ ഓസോൺ ശോഷണം സംഭവിച്ചത് 2000 സെപ്റ്റംബർ ഒൻപതിനായിരുന്നു. അന്ന് 2.99 കോടി ചതുരശ്ര കിലോമീറ്റർ ഭാഗത്തെ ഓസോൺപാളിയാണ് നഷ്ടമായത്. പക്ഷേ ഇത് പിന്നീട് ചുരുങ്ങുകയും ചെയ്തു. അപ്രകാരത്തിലൊരു ചുരുങ്ങൽ ഇത്തവണ ഉണ്ടാകാത്തതാണ് ശാസ്ത്രലോകത്തെ ആശങ്കാകുലരാക്കുന്നത്.
pollution-1
ബലൂണിൽ ഘടിപ്പിച്ച ഉപകരണങ്ങൾ വഴി പരിശോധിച്ചപ്പോൾ അന്റാർട്ടിക്കയിലെ ദക്ഷിണധ്രുവപ്രദേശത്തിനു മുകളിൽ ഏകദേശം മുഴുവനായിത്തന്നെ ഓസോൺ നഷ്ടമായിട്ടുണ്ട്. ഭൗമോപരിതലത്തിൽ നിന്ന് 14 മുതൽ 19 വരെ കി.മീ. ഉയരത്തിലാണ് ഇവിടെ ഓസോൺ പാളിയുടെ സ്ഥാനം.1987ലെ രാജ്യാന്തര കരാർ പ്രകാരം ലോകരാജ്യങ്ങൾ പ്രവർത്തിച്ചാൽ 2070 ആകുമ്പോഴേക്കും ഓസോൺ പാളിയെ 1980കളിലെ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വരാമെന്നാണു കരുതുന്നത്. അതിനിടെയാണ് ഇത്തരത്തിലുള്ള അസാധാരണ സാഹചര്യങ്ങളുണ്ടാകുന്നത്. ഇതിന്റെ കാരണത്തെപ്പറ്റി ശാസ്ത്രജ്ഞർ കൊണ്ടുപിടിച്ച അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. മാരക അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തിയാൽ സ്കിൻ കാൻസറും സൂര്യാതപവും പ്രതിരോധശേഷിയുടെ തകരാറും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് മനുഷ്യനെ കാത്തിരിക്കുന്നത്, മരണം വരെ സംഭവിക്കാം. അത് പരിസ്ഥിതിക്കുണ്ടാകുന്ന തിരിച്ചടിയുടെ കണക്ക് വേറെ.

Related News