Loading ...

Home India

സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ സ്വപ്‌ന പദ്ധതിയെ കൂട്ടുപിടിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ കൂട്ടുപിടിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. തുടര്‍ച്ചയായി യു.പി.എ സര്‍‌ക്കാരിനെ അധികാരത്തിലേറാന്‍ സഹായിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയൊണ് മോദി സര്‍ക്കാര്‍ ആശ്രയിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പണലഭ്യത കൂട്ടുന്നതിലൂടെ സാധാരണക്കാരുടെ വാങ്ങല്‍‌ ശേഷി ഉയരുമെന്നും ഗ്രാമീണ സമ്ബദ് രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നുമാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പണലഭ്യതയും തൊഴില്‍ അവസരങ്ങളും കുറഞ്ഞതോടെ ഗ്രാമീണ മേഖലയിലെ സമ്ബദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. വലിയ ജനസ്വീകാര്യത നേടിയ പദ്ധതി വന്‍ വിജയമായിരുന്നു. 2006ല്‍ നടപ്പിലാക്കിയ പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നാണ് പേരിട്ടത്. എന്നാല്‍ 2014ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ പദ്ധതിയോട് മുഖം തിരിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മാസങ്ങളോളം കോടിക്കണക്കിന് രൂപയാണ് കുടിശിക വരുത്തിയത്. പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പണം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെ മറികടക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. അംഗങ്ങളുടെ വേതനം കൂട്ടുന്നതോടെ പദ്ധതിച്ചെലവില്‍ 10 ശതമാനം വര്‍ദ്ധന വരുമെന്നാണ് സൂചന. ഈ സാമ്ബത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം വകയിരിത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സെപ്തംബര്‍ 17 വരെ 46,486 കോടി വിതരണം ചെയ്തു. അധികമായി 15,000 കോടി മുതല്‍ 20,000 കോടി വരെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ തുക ഗ്രാമങ്ങളില്‍ എത്തുന്നതോടെ സാധാരണക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഗ്രാമങ്ങളിലെ ജനങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പണം വിപണിയിലേക്ക് എത്തിയാല്‍ നിലവിലെ മാന്ദ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related News