Loading ...

Home India

മോദിയുമായി സംസാരിച്ചു; ഉറപ്പും ലഭിച്ചു; ദേശീയ പൗരത്വ രജിസ്റ്ററില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ന്യൂദല്‍ഹി: അസമില്‍ നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇതു സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പില്‍ താന്‍ സംതൃപ്തയാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്ത്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയതാണ് ഹസീന. നരേന്ദ്ര മോദിയുമായി ഹസീന ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബംഗ്ലാദേശ് പ്രതിനിധി സയിദ് മൗസം അലി ഒരുക്കിയ വിരുന്നിനിടെയാണു ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചു ഹസീന തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു, എല്ലാം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും ഹസീന. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബംഗ്ലാദേശിന് വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ വച്ചു നരേന്ദ്ര മോദിയുമായി ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ വിഷമിക്കേണ്ടാതായി ഒന്നും വരില്ലെന്നും മോദി വ്യക്തമാക്കിയുരുന്നു. അസമില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 3.11 കോടി ആളുകള്‍ക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. 19 ലക്ഷം പേര്‍ ഇപ്പോഴും പൗരത്വത്തിനു പുറത്താണ്. ഇവര്‍ തിരികെ ബംഗ്ലാദേശിലേക്ക് പോകേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പൗരത്വ രജിസ്റ്റര്‍ തങ്ങള്‍ക്കു പ്രശ്‌നമാകില്ലെന്ന ഹസീനയുടെ നിലപാട്. അതേസമയം, ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും നുഴഞ്ഞു കയറ്റക്കാരെ തൂത്തെറിയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തിയില്‍ വ്യക്കമാക്കിയിരുന്നു.

Related News