Loading ...

Home cinema

വേദനിക്കുമ്പോഴും പുഞ്ചിരി മാത്രം സമ്മാനിച്ച നടൻ by കെ.ഷബിൻ മുഹമ്മദ്

അർബുദം ശരീരം കാർന്ന് തിന്നുമ്പോഴും ജിഷ്ണുവിന്‍റെ മനസിനെ രോഗം കീഴടക്കിയിരുന്നില്ല. ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അയാൾ ചിരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. പുതിയ തലമുറയെ പോലെ ആശുപത്രിക്കിടക്കയിൽ കിടന്ന് അയാളുടെ വികാരങ്ങൾ സ്മൈലികളും വാക്കുകളുമായി  ഫേസ്ബുക്കിലൂടെ ഒാരോ മലയാളിയുടെയും മനസിനെ തൊട്ടു. വെർച്വൽ ലോകമെന്ന മിഥ്യയിലൂടെ ഒരു പക്ഷേ യഥാർഥ ലോകത്തിന്‍റെ പ്രതീതി സൃഷ്ടിക്കാൻ  ശ്രമിക്കുകയായിരുന്നിരിക്കാം ജിഷ്ണു. മലയാള സിനിമയിൽ നിറഞ്ഞ് നിന്നില്ലെങ്കിൽ കൂടി മലയാളിയുടെ മനസിൽ അയാൾ നിറഞ്ഞ് നിന്നതിന്‍റെ കാരണവും ഇതാവാം.

ഒാരോ സിനിമക്കാരനും അവരുടെ സ്വത്വത്തെ ഫേസ്ബുക്കിൽ കൂടി ആഘോഷിക്കുമ്പോൾ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജിഷ്ണു വാചാലനായി. നല്ല ഭക്ഷണത്തെ കുറിച്ചും നല്ല കാര്യങ്ങളെ കുറിച്ചും അയാൾ സംസാരിച്ച് കൊണ്ടിരുന്നു. സിനിമയിലെ കഥാപാത്രങ്ങളേക്കാൾ ഒരുപക്ഷേ മലയാളികൾ സ്നേഹിച്ചത് ഫേസ്ബുക്കിലെ ജിഷ്ണുവിനെയാണെന്ന് തോന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പുകൾക്ക് വന്ന മറുപടികൾ വായിച്ചാൽ. സ്നേഹത്തോടെയല്ലാതെ, പുഞ്ചിരിയോടെയല്ലാതെ അദ്ദേഹം കുറിപ്പുകളെഴുതിയിരുന്നില്ല.''താൻ ഇപ്പോൾ ഐ.സി.യുവിലാണ്. പേടിക്കേണ്ടതില്ല, അതെന്‍റെ രണ്ടാമത്തെ വീടാണ്. 'ഇവിടെ ഞാൻ സന്തോഷവാനാണ്. ഡോക്ടർമാർ റൗണ്ട്സിന് വരുമ്പോൾ ഞാൻ മയക്കത്തിലായിരിക്കും. പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരി നൽകും. അവരും തിരിച്ച് അതുപോലെ പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. ‌‌ തീർച്ചയായും ഇതൊരുപാട് മാറ്റങ്ങളുണ്ടാക്കും. അതിനാൽ തന്നെ ഞാൻ നന്നായി പുഞ്ചിരിക്കാറുണ്ട്. പ്രത്യേകിച്ച് എന്നെ പരിചരിക്കാൻ വരുന്ന നഴ്സിനും പുഞ്ചിരി സമ്മാനിക്കാൻ മടിക്കാറില്ല. എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകും. പുഞ്ചിരി ഇവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. പലപ്പോഴും പലരും പുഞ്ചിരിക്കാൻ മറക്കും. ഇതൊരു ഉപദേശമല്ല, എന്‍റെ അനുഭവമാണ്'' -അദ്ദേഹത്തിന്‍റെ അവസാന കുറിപ്പുകളിൽ ഒന്നായിരുന്നു ഇത്. ഇതുമാത്രം മതി അദ്ദേഹം അർബുദമെന്ന മാറാരോഗത്തിെന്‍റ പിടിയിലിരുന്നപ്പോഴും എത്ര ആത്മവിശ്വാസത്തോടെയാണ് ജീവിതത്തെ ജിഷ്ണു സമീപിച്ചിരുന്നതെന്ന് മനസിലാക്കാൻ.
'കിളിപ്പാട്ട്' എന്ന ചലച്ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജിഷ്ണു കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്. 2002ലാണ് നമ്മൾ പുറത്തിറങ്ങുന്നത്. പിന്നീട് ഒാരോ വർഷങ്ങളിലും ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞ് നിന്നു. ജിഷ്ണുവിന്‍റെ തുടക്കകാലത്ത് മലയാള സിനിമ ന്യൂജനറേഷൻ തരംഗത്തിലേക്ക് എത്തിയിരുന്നില്ലെന്നത് അദ്ദേഹത്തിന്‍റെ കരിയറിനെയും ബാധിച്ചുവെന്ന് പറയാം. ആദ്യം നായകവേഷങ്ങളാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് സഹനടനും വില്ലനുമായി ജിഷ്ണു തിരശ്ശീലയിൽ പിടിച്ചു നിന്നു. ഉസ്താദ് ഹോട്ടലിലേയും ഒാർഡിനറിയിലേയും വേഷങ്ങൾ ജിഷ്ണു എന്ന നടന് മലയാള സിനിമയിൽ ഇനിയും തിളങ്ങാനേറെയുണ്ടെന്നതിന് തെളിവായിരുന്നു. നിദ്രയുടെ റീമേക്കിൽ സിദ്ധാർഥ് പ്രധാന വേഷം ചെയ്യാൻ തന്‍റെ കൂട്ടുകാരനെ തന്നെ തെരഞ്ഞെടുത്തതും ഇതിനാലാണ്.
എന്നാൽ മലയാളിക്ക് മികച്ച വേഷങ്ങൾ നൽകുന്നതിന് മുമ്പേ വിധി അയാളെ അർബുദമായി ആക്രമിച്ചു. രോഗത്തിന്‍റെ കരാള ഹസ്തത്തിന് മുന്നിലും വിനയാന്വിതനായിരുന്നു അദ്ദേഹം. ഇടക്ക് ആശുപത്രിക്കിടക്കയിൽ കിടക്കയിലേക്ക് വന്ന മരണത്തിനോടും അയാൾ പുഞ്ചിരിച്ചു. നിഷ്കളങ്കനായ ഒരു യുവാവിന്‍റെ സ്നേഹത്തിൽ പൊതിഞ്ഞുള്ള ചിരിയും ഊർജസ്വലതയും കണ്ടിട്ടാകാം, മരണം കുറച്ചുകാലം അയാൾക്ക് മുന്നിൽ നിസഹായനായ കാഴ്ചക്കാരനായത്. സാമൂഹ്യമാധ്യമങ്ങൾ കൊന്ന് കൊലവിളിച്ചപ്പോൾ എനിക്കൊന്നും പറ്റിയിട്ടില്ലെന്നും ഞാനിവിടെ തന്നെയുണ്ടെന്ന കുറിപ്പും ചിത്രങ്ങളുമായി ജിഷ്്ണു തന്നെ രംഗത്തെത്തി. എങ്കിലും അയാൾക്ക് പരിഭവമുണ്ടായിരുന്നില്ല. തന്നെ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ സ്നേഹമായി കടന്ന് വന്ന് ആശ്വാസവും ഊർജവും പകർന്ന് ജിഷ്ണു യാത്രയായി.

Related News