Loading ...

Home cinema

ഞാന്‍ മലയാള സിനിമയുടെ ആരാധകന്‍ by ഒ.പി. ഷാനവാസ്

ദോഹ: മലയാള സിനിമകളുടെയും മലയാളത്തിലെ അഭിനേതാക്കളുടെയും ആരാധകനാണ് താനെന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ ഒട്ടേറെ മികച്ച സിനിമകള്‍ പിറന്നത് മലയാളത്തിലാണ്. 
മലയാള സിനിമ മേഖലയുമായി ഹൃദയബന്ധമാണ് തനിക്കുള്ളതെന്നും കല്യാണ്‍ ജ്വല്ളേഴ്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബോളിവുഡിലെ ‘ബിഗ് ബി’ പറഞ്ഞു. 
മോഹന്‍ലാലിനോടൊപ്പം കാണ്ഡഹാറില്‍ അഭിനയിച്ചത് മഹത്തായ അനുഭവമായിരുന്നു. എന്‍െറ ആദ്യ സിനിമയില്‍ മലയാളത്തിലെ മഹാനായ നടന്‍ മധുവുമുണ്ടായിരുന്നു. 
മമ്മൂട്ടിയുടെ സിനിമകള്‍ ആരാധനയോടെയാണ് ഞാന്‍ കാണാറുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിന്‍െറ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍െറ പ്രകടനവും നല്ല മതിപ്പാണ്. 
മലയാളത്തിലെ മറ്റ് നിരവധി നടന്‍മാരെയും സംവിധായകരെയും ഏറെ വിലമതിക്കുന്നു. 
അറബ് ആരാധകര്‍ക്ക് സ്നേഹാദരം
ഖത്തറിലെ തന്‍െറ ആരാധകരോട് ഏറെ കടപ്പാടുണ്ടെന്നും അറബികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ബച്ചന്‍ പറഞ്ഞു. ആദ്യമായി ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകള്‍ അറിയിക്കുകയാണ്. ഖത്തരികള്‍ക്കിടയില്‍ ബോളിവുഡ് എന്നാല്‍ ഇപ്പോഴും ‘അമിതാഭ്’ ആണെന്ന് സൂചിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ സിനിമയില്‍ മറ്റനേകം മഹാന്‍മാരായ കലാകാരന്‍മാരുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം.
ഇന്ത്യന്‍ സിനിമ 
വളരുന്നു
ഇന്ത്യന്‍ സിനിമ നൂറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും നമ്മുടെ സിനിമ വളര്‍ന്നുവെന്നതാണ്. ഇന്ത്യന്‍ സിനിമയെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് തീരങ്ങള്‍ക്കപ്പുറത്തുള്ള ഈ സ്വീകാര്യത. വരും വര്‍ഷങ്ങളിലും നമ്മുടെ സിനിമയുടെ പ്രയാണം മുമ്പോട്ടുതന്നെയായിരിക്കും. പ്രേക്ഷകര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും നമ്മുടെ സര്‍ഗാത്മകതയുടെയും സൃഷ്ടിപരതയുടെയും വ്യാപ്തിയുമാണ് ഇന്ത്യന്‍ സിനിമ പിന്നിട്ട നൂറ്റാണ്ട് വിളിച്ചോതുന്നത്. സാങ്കേതികമായി സിനിമ വളരെയധികം വികസിച്ചിട്ടുണ്ട്. മുമ്പ് സിനിമയില്‍ ഇല്ലാത്ത ഒട്ടേറെ സൗകര്യങ്ങളും സാങ്കേതികസംവിധാനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അതിനനുസരിച്ച് പ്രേക്ഷകരുടെ ചിന്താധാരയിലും അഭിരുചിയിലും മാറ്റമുണ്ടായിട്ടുണ്ട്.
സിനിമ തന്നെ ജീവിതം
സിനിമയാണ് എന്‍െറ സര്‍വസ്വവും. അതുകൊണ്ടാണ് ഒരേ സമയത്ത് ഒട്ടേറെ സിനിമകളുമായി സഹകരിക്കാന്‍ കഴിയുന്നത്. എന്നോടൊപ്പം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകര്‍ à´•à´¥ പറയുമ്പോള്‍, താല്‍പര്യമുള്ളതാണെങ്കില്‍ ഞാനൊരിക്കലും ‘നോ’ പറയില്ല. എന്‍െറ സമയലഭ്യതയും ജോലിയും അനുസരിച്ച് അവര്‍ക്ക് ഷെഡ്യൂള്‍ നല്‍കുകയാണ് ചെയ്യാറുള്ളത് - 73ാം വയസില്‍  Te3n, ബുദ്ധന്‍ ശരണം ഗച്ചാമി, à´¦ ലെജന്‍ഡ് ഓഫ് കുനാല്‍, ജെവല്‍ ഓഫ് ഇന്ത്യ എന്നീ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ സിനിമ ‘വസീര്‍’ ഏറെ വ്യത്യസ്തവും ആസ്വാദ്യവുമായിരുന്നു. വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ചെസ് ഗ്രാന്‍ഡ് മാസ്റ്ററുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മലയാളിയായ ബിജോയ് നമ്പ്യാര്‍ എന്ന യുവ സംവിധായകന്‍െറ പ്രതിഭ വെളിവാക്കുന്ന സിനിമയാണത്. 
എന്നോടൊപ്പം വേഷമിട്ട ഫര്‍ഹാന്‍ അക്തറും അദിതി റോയിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 
സോഷ്യല്‍ മീഡിയ പേഴ്സണ്‍
ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്. പുതിയ മുഖങ്ങളെ പരിചയപ്പെടാനും ആളുകളെ അറിയാനുമാണ് ഇവ ഞാന്‍ ഉപയോഗപ്പെടുത്തുന്നത്. അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിരല്‍ത്തുമ്പില്‍ ലഭിക്കുന്നുവെന്നത് ഏറെ ആവേശമുളവാക്കുന്നതാണ്. ‘വകാഉ’ എന്ന നവമാധ്യമത്തിലൂടെ ആരാധകരുമായി ലൈവായി സംവദിക്കാന്‍ കഴിയുന്നത് ഏറെ ത്രില്ലുണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം ‘സോഷ്യല്‍ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട ബച്ചന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വ്യവസായ സംരംഭകരായ കല്യാണിന് വേണ്ടിയാണ് ഇപ്പോള്‍ ഖത്തറില്‍ എത്തിയിരിക്കുന്നതെന്നത് ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Related News