Loading ...

Home cinema

മോഹന്‍ലാല്‍ ഇന്‍ശങ്കര്‍ ഔട്ട്‌...

നിലവിലെ സൂപ്പര്‍താരം ഔട്ടാവുകയും മറ്റൊരാള്‍ സൂ്‌പ്പര്‍താര പദവിയിലെത്തുകയും ചെയ്‌ത അപൂര്‍വ്വതയാണ്‌ 1983-ല്‍ പുറത്തിറങ്ങിയ 'എങ്ങനെ നീ മറക്കും' എന്ന ചിത്രം മലയാളസിനിമാ ചരിത്രത്തില്‍ ഇടം നേടാനുള്ള കാരണം.പ്രിയദര്‍ശന്‍ കഥയും തിരക്കഥയുമെഴുതി സുനിതാ പ്ര?ഡക്‌്ഷന്‍സിന്റെ ബാനറില്‍ എം. മണി സംവിധാനം ചെയ്‌ത 'എങ്ങനെ നീ മറക്കും' എന്ന ചിത്രത്തിലെ ശംഭു എന്ന ശക്‌തമായ കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ തനതായ അഭിനയശൈലിയില്‍ അഗ്രഗണ്യനാണെന്ന്‌ തെളിയിച്ചു. ചിത്രമിറങ്ങിയ ദിവസംകൊണ്ട്‌ ലാല്‍ യുവാക്കളുടെ ആരാധനാപാത്രമായി.ഒറ്റനോട്ടത്തില്‍ ഒരു മ്യസിക്കല്‍- റൊമാന്റിക്കല്‍ ത്രില്ലറാണ്‌ 'എങ്ങനെ നീ മറക്കും.' പ്രേംകുമാറും ശംഭുവുമാണ്‌ ഈ ചിത്രത്തിലെ നായകന്മാര്‍. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ജന്മനാട്ടില്‍ ശംഭുവെത്തുന്നതോടെയാണ്‌ ചിത്രം ആരംഭിക്കുന്നത്‌.റെയില്‍വേ സ്‌റ്റേഷനില്‍ ശംഭുവിനെ കാത്ത്‌ ബാല്യകാല സുഹൃത്ത്‌ പ്രേംകുമാര്‍ ഉണ്ടായിരുന്നു.ഗ്രാമത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ ശംഭുവിന്റെ മനസ്‌ പഴയകാലത്തേക്ക്‌ സഞ്ചരിക്കുന്നു. പിഴച്ചുപെറ്റ സന്തതിയാണവന്‍. ഗ്രാമത്തിലെ തമ്പുരാനാണ്‌ അവന്റെ അമ്മയയെ പിഴപ്പിച്ചത്‌.തന്തയില്ലാത്തവനായി ശംഭു വളര്‍ന്നു. അമ്മ ശംഭുവിനെ പഠിക്കാനായി സ്‌കൂളിലാക്കി. എന്നാല്‍ അവര്‍ണ്ണനായ ശംഭുവിനെ പഠിപ്പിക്കരുതെന്ന്‌ തമ്പുരാന്‍ വിലക്കി. ഇത്‌ ചോദ്യം ചെയ്യാനെത്തിയ ശംഭുവിന്റെ അമ്മയെ തമ്പുരാനും അനുയായികളും ചേര്‍ന്ന്‌ മര്‍ദ്ദിച്ചു.ഇതിനു പ്രതികാരമായി കൊച്ചുശംഭു തമ്പുരാനെ കല്ലെറിഞ്ഞ്‌ മുറിപ്പെടുത്തി. തമ്പുരാന്റെ അനുയായികളില്‍ നിന്നും രക്ഷപ്പെട്ട്‌ ശംഭുവെത്തിയത്‌ പ്രേംകുമാറിന്റെ വീട്ടിലാണ്‌.പ്രേംകുമാറിന്റെ അമ്മയും അച്‌ഛനും ശംഭുവിനെ വീട്ടിനകത്ത്‌ ഒളിപ്പിച്ചു. തമ്പുരാനെ എറിഞ്ഞതിന്‌ പ്രതികാരമായി ശംഭുവിന്റെ വീട്‌ തമ്പുരാന്‍ തീയിട്ടു. അതിനുള്ളില്‍ കിടന്ന്‌ അവന്റെ അമ്മ വെന്തുമരിച്ചു.തമ്പുരാനോടുള്ള പ്രതികാരവുമായെത്തുന്ന ശംഭു കണ്ടത്‌ ജീവിതത്തിലെ ആസക്‌തികളെല്ലാം നശിച്ച്‌ മതിച്ചതിനൊപ്പം ജീവിച്ചിരിക്കുന്ന തമ്പുരാനെയാണ്‌. അതോടെ അവന്റെ പ്രതികാരഭാവം ഒഴിഞ്ഞു.പ്രേംകുമാര്‍ ഗായകനാണ്‌. പ്രേംകുമാറിനെ ഗായകനാക്കി ശംഭു നഗരത്തിലേക്ക്‌ കൊണ്ടുപോകുന്നു. നഗരത്തില്‍ പ്രേംകുമാര്‍ കാണുന്നത്‌ മറ്റൊരു ശംഭുവിനെയാണ്‌. പല തരം ബിസനസുകള്‍ അയാള്‍ക്കുണ്ട്‌. കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയും അവയെല്ലാം അവന്‍ ഒറ്റയ്‌ക്കു സമ്പാദിച്ചതാണ്‌.ഒറ്റയ്‌ക്കു ജീവിക്കുന്നതിന്റെ എല്ലാവിധ പ്രശ്‌നങ്ങളും ശംഭുവിനുണ്ട്‌. സ്‌ത്രീസേവയും മദ്യപാനവും ഒക്കെയായി താളം തെറ്റിയ ജീവിതം നയിക്കുന്ന ശംഭു സ്‌നേഹിച്ചത്‌ പ്രേംകുമാറിനെ മാത്രമായിരുന്നു.ജയരാജനായിരുന്നു നഗരത്തിലെ പ്രമുഖ ഗായകന്‍. തന്നില്‍ മാത്രമേ സംഗീതമുള്ളൂവെന്ന്‌ അഹങ്കരിച്ചിരുന്ന ജയരാജനും അയാളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയും തമ്മില്‍ തെറ്റി. കമ്പനി പ്രേംകുമാറിനെക്കൊണ്ട്‌ പാടിച്ചു.ആ ഒറ്റരാത്രിയോടെ ജയരാജന്റെ സാമാജ്യം തകര്‍ന്നു. പ്രേംകുമാര്‍ ഗാനാസ്വാദകര്‍ക്ക്‌ ആരാധ്യനായി.പ്രേംകുമാറിന്റെ ഗാനം കേള്‍ക്കാനെത്തിയ ശോഭ അയാളെ പ്രണയിച്ചു തുടങ്ങി.പ്രേംകുമാറിന്റെ പ്രശസ്‌തിയില്‍ കുപിതനായ ജയരാജന്റെ ഗുണ്ടകള്‍ അവനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ്‌ അവശനായി കിടന്ന പ്രേംകുമാറിനെ രക്ഷിക്കുന്നത്‌ ശോഭയാണ്‌. അതോടെ ഇരുവരും തമ്മില്‍ അടുത്തു.അപ്രതീക്ഷിതമായി ശോഭയെ കാണുന്ന ശംഭുവും അവളെ പ്രണയിച്ചു. അവളുടെ പ്രണയം സ്വന്തമാക്കാന്‍ വേണ്ടി അവന്‍ പലയിടത്തും കോമാളി വേഷം കെട്ടുന്നു. തന്റെ കാമുകിയെപ്പറ്റി ശംഭു പ്രേംകുമാറിനോട്‌ പറയുന്നു. ശോഭയാണ്‌ ശംഭുവിന്റെ ഹൃദയം കവര്‍ന്ന പെണ്ണെന്നറിയുന്ന പ്രേംകുമാര്‍ നടുങ്ങുന്നു.പ്രേംകുമാറിന്‌ ശോഭയെക്കാള്‍ വലുതായിരുന്നു ശംഭു. അതുകൊണ്ട്‌ ശോഭയെ ഒഴിവാക്കാനായി അവന്‍ തീരുമാനിച്ചു. മദ്യപാനിയായും ആഭാസനായും അവന്‍ ശോഭയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പ്രേംകുമാറിനെ വെറുക്കുന്ന ശോഭ ശംഭുവുമായുള്ള വിവാഹത്തിന്‌ സമ്മതിക്കുന്നു.വിവാഹദിനമായി. വിഷം കഴിച്ച്‌ വിഷാദഗാനമാലപിച്ച്‌ പ്രേംകുമാര്‍ വിവാഹമണ്ഡപത്തില്‍ ശ്രദ്ധ നേടി. ഈ സമയം ശംഭുവെത്തി ശോഭയെ പ്രേംകുമാറിന്റെ കൈകളിലേല്‍പ്പിക്കുന്നു.പ്രേംകുമാറും ശുഭയും തമ്മിലുള്ള ബന്ധം തനിക്ക്‌ നേരത്തെ അറിയാമായിരുന്നുവെന്ന്‌ ശംഭു പറയുന്നു. പ്രേംകുമാര്‍ വിഷം കഴിച്ചിട്ടില്ലെന്നും അവന്‍ നിറച്ചുവച്ച വിഷപാനീയം താന്‍ കുടിച്ചുവെന്നും ശംഭു പറയുമ്പോള്‍ പ്രേംകുമാറും ശോഭയും തകരുന്നു. ശംഭു മരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

ക്ലൈമാക്‌സ് ചുനക്കരയുടെ വക

എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന്റെ പ്രത്യേകത പ്രേക്ഷകഹൃദയത്തില്‍ ദുഃഖം വിതറുന്ന ക്ലൈമാക്‌സാണ്‌. ചിത്രത്തിന്റെ അതുവരെയുള്ള മൂഡിനെ ട്വിസ്‌റ്റ് ചെയ്യിച്ച്‌ ട്രാജഡിയിലേക്ക്‌ നയിക്കുന്ന ക്ലൈമാക്‌സിന്റെ ഉടമ കഥയെഴുതിയ പ്രിയദര്‍ശനല്ല. മറിച്ച്‌ ഈ ചിത്രത്തില്‍ ഗാനമെഴുതിയ ചുനക്കര രാമന്‍കുട്ടിയായിരുന്നു.ചുനക്കര രാമന്‍കുട്ടി അതേക്കുറിച്ച്‌ പറഞ്ഞതിങ്ങനെ:
''എങ്ങനെ നീ മറക്കും എന്ന ചിത്രമാണ്‌ മോഹന്‍ലാലിന്റെ ടേണിംഗ്‌ പോയിന്റിനും ശങ്കറിന്റെ വീഴ്‌ചയ്‌ക്കും കാരണമായത്‌. ശംഭുവായി മോഹന്‍ലാലും പ്രേംകുമാറായി ശങ്കറുമാണ്‌ ഈ ചിത്രത്തില്‍ വേഷമിട്ടത്‌. ക്ലൈമാക്‌സില്‍ പ്രേംകുമാര്‍ വിഷം കഴിച്ച്‌ മരിക്കുന്നതായിട്ടായിരുന്നു പ്രിയദര്‍ശന്‍ എഴുതിയത്‌.
എന്നാല്‍ അതിലേറെ തീവ്രത ശംഭു മരിക്കുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞു. എം. മണി എന്റെ ആശയം സ്വീകരിച്ചു. അതുവരെ നായകവേഷം ചെയ്‌തിട്ടില്ലാത്ത മോഹന്‍ലാല്‍ വിഷം കഴിച്ചു മരിക്കുന്ന രംഗം പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന്‌ പലരും പറഞ്ഞു. സിനിമ ഇറങ്ങുന്ന ദിവസം എനിക്ക്‌ ടെന്‍ഷനായി.ക്ലൈമാക്‌സ് പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ സിനിമയുടെ പരാജയകാരണം എന്റെ തലയില്‍ വീഴും. ഞാന്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ സിനിമ വിജയിക്കണേ എന്ന്‌ പ്രാര്‍ത്ഥിച്ചു. ടെന്‍ഷന്‍ തീരുവാന്‍ സിഗരറ്റുകള്‍ തുരുതുരെ വലിഞ്ഞുതള്ളി.എന്നാല്‍ ക്ലൈമാക്‌സ് പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമ റിലീസ്‌ ചെയ്‌ത് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ശങ്കര്‍ എന്നെ വിളിച്ചു. ഞാന്‍ ഔട്ടായി. മോഹന്‍ലാല്‍ ഇനി ഹീറോയാണ്‌. ശങ്കറിന്റെ വിഷമം എന്നെ പിടിച്ചുലച്ചു.ക്ലൈമാക്‌സ് മാറ്റിയതില്‍ എനിക്ക്‌ കുറ്റബോധം തോന്നി. ശങ്കര്‍ പറഞ്ഞത്‌ ശരിയായിരുന്നു. എങ്ങനെ നീ മറക്കും റിലീസ്‌ ചെയ്‌തശേഷം മലയാളത്തില്‍ മോഹന്‍ലാലിന്റെ യുഗം പിറന്നു. ശങ്കര്‍ ഫീല്‍ഡ്‌ ഔട്ടായി.ശോഭയായി അഭിനയിച്ചത്‌ മേനകയാണ്‌. തമ്പുരാനായി അടൂര്‍ ഭാസിയും ശോഭയുടെ പിതാവായി ശങ്കരാടിയും അഭിനയിച്ചു. വി.ഡി. രാജപ്പന്‍, പൂജപ്പുര രവി, സുകുമാരി എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു.

ദേവതാരു പൂത്തു

ഗാനങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുള്ള പ്രമേയമായിരുന്നു ഈ ചിത്രത്തിന്റേത്‌. ചുനക്കര-ശ്യാം ടീമിന്റെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. യേശുദാസ്‌ പാടിയ ദേവദാരു പൂത്തു, ശരത്‌കാല സന്ധ്യാ കുളിര്‍തൂകി നിന്നു, നീ സ്വരമായി ശ്രുതിയായി എന്നീ ഗാനങ്ങളും കൃഷ്‌ണചന്ദ്രനും എസ്‌. ജാനകിയും ചേര്‍ന്നു പാടിയ റോമിയോ ജൂലിയറ്റ്‌ എന്ന ഗാനങ്ങളും സൂപ്പര്‍ഹിറ്റായി.

കെ.എന്‍. ഷാജികുമാര്‍


Related News