Loading ...

Home sports

സഞ്ജു വി സാംസണ്‌ അഭിനന്ദനങ്ങൾ

മലയാളിയായ സഞ്ജു വി സാംസൺ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത്‌ സ്പോർട്ട്സിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ആഹ്ലാദിപ്പിക്കുന്ന വാർത്തയാണ്‌. കഴിഞ്ഞ വർഷമാണ്‌ സഞ്ജുവിന്‌ ഇന്ത്യൻ ടീമിലേക്ക്‌ ആദ്യവിളിയെത്തിയത്‌. ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള എം എസ്‌ ധോണി നായകനായ ടീമിൽ ഇടംപിടിച്ച സഞ്ജു 2015 ലെ ലോക കപ്പ്‌ ക്രിക്കറ്റിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സാധ്യതാപട്ടികയിലും ഇടം പിടിച്ചിരുന്നു. എന്നാൽ പിന്നീട്‌ പുറത്തിരിക്കേണ്ടി വന്ന സഞ്ജുവിന്‌ വീണ്ടും സിംബാബ്‌വേക്കെതിരായ അവസാന ഏകദിനമത്സരത്തിനുള്ള ടീമിലേക്കാണ്‌ വീണ്ടും വിളിയെത്തിയത്‌. മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതിനാൽ യുവതാരങ്ങളുടെ ടീമിൽ സഞ്ജുവിന്‌ ഇത്തവണ ഇന്ത്യയുടെ കുപ്പായം അണിയാൻ സാധ്യതയേറിയിട്ടുണ്ട്‌. ഇന്ന്‌ നടക്കുന്ന ഏകദിനത്തിലും രണ്ട്‌ ട്വന്റി ട്വന്റി മത്സരങ്ങളുമുള്ള പരമ്പരയിലുമാണ്‌ അദ്ദേഹം കളിക്കാനിറങ്ങുന്നത്‌. ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ മലയാളിയാണ്‌ സഞ്ജു. നേരത്തേ ടിനുയോഹന്നാനും എസ്‌ ശ്രീകാന്തും ഇന്ത്യൻ ടീമിൽ അംഗങ്ങളായ മലയാളികളായിരുന്നു.
നിരന്തരമായ പരിശ്രമത്തിലൂടെയാണ്‌ സഞ്ജു രാജ്യാന്തര ക്രിക്കറ്റിൽ ഇടം നേടുന്നത്‌. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ട്‌ പര്യടനത്തിനായുള്ള ടീമിൽ അംഗമായ ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയില്ലെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങളിൽ ഉൾപ്പെടെ നല്ല കളി കാഴ്ചവെച്ച സഞ്ജു കേരള ക്രിക്കറ്റ്‌ ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌.
തിരുവനന്തപുരത്തെ സാധാരണ ഗ്രൗണ്ടുകളിൽ ബാറ്റേന്തി കളി തുടങ്ങിയ ഈ ഇരുപതുകാരന്‌ നാട്ടുകാരുടെയും വീട്ടുകാരുടെയും നിർലോഭമായ പ്രേരണയും പ്രോൽസാഹനവും ലഭിച്ചിട്ടുണ്ട്‌. നേരത്തേ ഇന്ത്യൻ ടീമിൽ ഇടം നേടാൻ അവസരമുണ്ടായ ടിനുവും ശ്രീശാന്തും ബൗളിങ്ങിലാണ്‌ പ്രാഗൽഭ്യം കാട്ടിയിരുന്നതെങ്കിൽ ബാറ്റിങ്ങിലുള്ള വൈദഗ്ധ്യവുമായാണ്‌ സഞ്ജു ഇന്ത്യൻ ടീമിലെത്തിയത്‌. ഇത്രയും ചെറുപ്പത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടുന്ന കളിക്കാരനെന്ന പ്രത്യേകതയും സഞ്ജുവിനുണ്ട്‌.
വീട്ടുകാരും നാട്ടുകാരുമെല്ലാം ഒരുക്രിക്കത്താരമാകണമെന്ന ആഗ്രഹത്തോടൊപ്പം നിന്നതുകൊണ്ടാണ്‌ സഞ്ജുവിന്‌ ഇത്തരത്തിൽ ഉയരാൻ സാധിച്ചതെന്ന്‌ ഒരു വർഷം മുമ്പ്‌ അദ്ദേഹം പത്രക്കാരോട്‌ പറഞ്ഞിട്ടുണ്ട്‌. സഞ്ജു അന്ന്‌ തന്റെ സഹപാഠികളോടും പത്രക്കാരോടും പറഞ്ഞ വാക്കുകൾ അഭിനന്ദനാർഹമാണ്‌. എന്നെ ദയവായി ഒരു സെലിബ്രിറ്റിയാക്കരുത്‌ എന്നായിരുന്നു ആ വാക്കുകൾ. ആ വാക്കുകളിൽ സഞ്ജു ഉറച്ചുനിൽക്കുമെന്നാണ്‌ കഴിഞ്ഞ ഒരു വർഷത്തെ അദ്ദേഹത്തിന്റെ കളിജീവിതം വീക്ഷിക്കുന്നവർക്കു മനസ്സിലാക്കാൻ സാധിക്കുക.
നമ്മുടെ ചില കളിക്കാർക്കെങ്കിലും ഉയരത്തിലെത്തുമ്പോൾ വിനയവും മറ്റും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായതിന്റെ ഉദാഹരണങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ ഉന്നതങ്ങൾ ചവിട്ടിക്കയറുമ്പോൾ വിനയവും സാധാരണത്തവും കൈവെടിയില്ലെന്നാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌.
ഉത്തരേന്ത്യൻ ലോബിയും വൻകിട കോർപ്പറേറ്റുകളും പിടിമുറുക്കിയ ഒരുകായിക വിനോദമാണ്‌ ക്രിക്കേറ്റ്ന്നത്‌ എപ്പോഴും വിവാദത്തിന്റെ കളിയാക്കി അതിനെ മാറ്റിയിട്ടുണ്ട്‌. അതിസമ്പന്നരുടെ ഇഷ്ട വിനോദമായല്ല, അവർക്ക്‌ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായും ക്രിക്കറ്റ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌. വാതുവെയ്പ,്‌ അതേ തുടർന്നുള്ള ഒത്തുകളികൾ എന്നിങ്ങനെയുള്ള ആരോപണങ്ങൾ എന്നും ക്രിക്കറ്റിനെ വിടാതെ പിന്തുടരുന്നുണ്ട്‌. ക്രിക്കറ്റ്‌ എന്നത്‌ ഒരുകളിയല്ലെന്നും തൊഴിലാണെന്നുള്ള ആക്ഷേപവും ചിലർ ഇതിനെതിരെ ഉന്നയിക്കുന്നുണ്ട്‌.
വിവാദങ്ങളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളുമായാണ്‌ ഓരോ ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങളും അവസാനിക്കുന്നത്‌. അങ്ങിനെയൊരിടത്തേക്കാണ്‌ ഒരു വർഷം മുമ്പ്‌ സഞ്ജു എത്തപ്പെട്ടത്‌. എന്നാൽ ഇംഗ്ലണ്ട്‌ ടീമിൽ ഇടം നേടുകയും ലോകകപ്പ്‌ സാധ്യത പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത സഞ്ജു പിന്നീട്‌ പരിഗണിക്കപ്പെട്ടില്ലെന്നത്‌ ക്രിക്കറ്റ്‌ പ്രേമികളെ വേദനിപ്പിച്ചുവെങ്കിലും ടീമിൽ എങ്ങിനെയെങ്കിലും ഉൾപ്പെടാനുള്ള ഉപജാപങ്ങളിൽ അദ്ദേഹം ഭാഗഭാക്കായില്ലെന്നത്‌ ആശ്വാസകരമാണ്‌. അതുകൊണ്ടുതന്നെ ഈ ചെറുപ്പക്കാരനിൽ നമുക്ക്‌ പ്രതീക്ഷ വർധിക്കുന്നു. നേരത്തേ ഇന്ത്യൻ ടീമിലെത്തിയ ശ്രീശാന്തിന്‌ സംഭവിച്ച ദുര്യോഗം നമ്മുടെയെല്ലാം മുന്നിലുണ്ട്‌.
പ്രലോഭനങ്ങളും പ്രശസ്തിയും ഏറെ ലഭിക്കുന്ന ഒന്നാണ്‌ ഇന്ത്യയിൽ ക്രിക്കറ്റ്‌ എന്നതുകൊണ്ട്‌ തന്നെ തന്റെ വാക്കുകൾക്കനുസരിച്ച്‌ നിലനിൽക്കുക എന്നത്‌ വലിയ വെല്ലുവിളിയാണ്‌. ആ വെല്ലുവിളി നേരിടാൻ സഞ്ജുവിന്‌ സാധിക്കട്ടെ എന്നും കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

Related News