Loading ...

Home youth

കൈല്‍ മേനാര്‍ഡ്: കൈകാലുകളില്ലാതെ 19340 അടി ഉയരത്തില്‍ കിളിമഞ്ചാരോ കീഴടക്കിയ യുവാവ്

ഇരുകൈയും കാലുകളുംവെച്ചുതന്നെ ഇനി ഒരടി വയ്യെന്നു പരാതി പറയുന്നവരുടെ ലോകത്താണു കൈല്‍ മേനാര്‍ഡ് ജീവിക്കുന്നത്. കൈകളും കാലുകളും മുട്ടിനു താഴെ ഇല്ലാതെ, തന്റെ പരിമിതികളെയെല്ലാം ഒന്നൊന്നായി മറികടന്ന് ദുര്‍ഘടമായ 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ പര്‍വതനിരകള്‍ ആ യുവാവ് കീഴടക്കിയത് ഒരു കൃത്രിമ കൈയോ കാലോകൂടി ഇല്ലാതെയാണ്. ഇഴഞ്ഞുകയറി ചരിത്രം സൃഷ്ടിച്ചു. ആര്‍നോള്‍ഡ് ഷ്വെസ്നെഗര്‍, താന്‍ ഇന്നോളം കണ്ടതില്‍ ഏറ്റവുംവലിയ മോട്ടിവേറ്ററായി അടയാളപ്പെടുത്തിയത് മേനാര്‍ഡിനെയാണ്. ഒരേസമയം എഴുത്തുകാരനും സംരംഭകനും അത്ലറ്റും പ്രഭാഷകനും ഒക്കെയായി അദ്ദേഹം തന്റെ മുപ്പതുകളില്‍ ലോകത്തു നിറഞ്ഞുനില്‍ക്കുകയാണ്; എല്ലാവര്‍ക്കും പ്രചോദനമായി. ഒരഭിമുഖത്തില്‍ പരാജയത്തെപ്പറ്റി അദ്ദേഹം പറയുന്നത് വിജയത്തിലേക്ക് നയിക്കാത്ത ഒരു പരാജയം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ എന്നറിയില്ല എന്നാണ്. വിജയത്തില്‍നിന്ന് വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞിരിക്കുന്ന ഒന്നാണു പരാജയം എന്നദ്ദേഹം നിരീക്ഷിക്കുന്നു. നിസ്സാരമെന്നു തോന്നുന്ന ഒരു ബാല്യകാല അനുഭവം അദ്ദേഹം പങ്കുവെച്ചിരുന്നു. കുട്ടിയായിരുന്ന സമയത്ത് മുത്തശ്ശി കൈലിനോട് ഭരണിയില്‍നിന്ന് ഒരു സ്‌കൂപ്പു പഞ്ചസാര എടുത്തുകൊടുക്കാന്‍ പറയുമായിരുന്നു. കൈകളില്ലാത്ത കുഞ്ഞു കൈല്‍ തന്റെ കൈത്തണ്ടയുടെ കുറ്റികള്‍ക്കിടയില്‍ ഒരു കരണ്ടി പിടിപ്പിക്കാനുള്ള ശ്രമം നടത്തും. ഒട്ടേറെത്തവണ പാഴായിപ്പോയ ശ്രമങ്ങള്‍. നൂറുകണക്കിനു ശ്രമങ്ങളിലെ പരാജയവും അവഗണിച്ചു കൈല്‍ തന്റെ ശ്രമം തുടര്‍ന്നു. അങ്ങനെ കരണ്ടി കൈത്തണ്ടയുടെ കുറ്റികള്‍ക്കിടയില്‍ നില്‍ക്കുന്ന ബാലന്‍സിങ് സാധ്യമാക്കിയ കുഞ്ഞു കൈലിന്റെ അടുത്ത ശ്രമം ആ കരണ്ടിയെ ഭരണിയിലേക്കിറക്കി പഞ്ചസാര കോരുവാനുള്ളതായിരുന്നു. അവന്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി രണ്ടു കൈകളുടെ കുറ്റികള്‍ക്കിടയിലായി ബാലന്‍സ്ചെയ്യുന്ന കരണ്ടി കൈയടക്കം ഭരണിക്കുള്ളിലേക്കിറക്കി വേണം പഞ്ചസാര കോരിയെടുക്കാന്‍. പക്ഷേ, ഒരു കൈത്തണ്ട ഇറക്കാനുള്ള വിസ്താരമേ ഭരണിമുഖത്തിനു ഉണ്ടായിരുന്നുള്ളൂ. അവന്‍ വീണ്ടും പരിശ്രമം ആരംഭിച്ചു. സാധ്യമല്ലെന്നു കണ്ടുനില്‍ക്കുന്നവര്‍ക്കു തോന്നിയേക്കാവുന്ന അത്രയും പരാജയങ്ങള്‍ക്കു ശേഷവും തുടര്‍ന്ന കഠിന പരിശ്രമം അവനെ അതിനു സാധ്യമാക്കി. അന്നു ആദ്യ നല്ല പാഠം അവനു പകര്‍ന്ന ആ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ടാവണം. നമ്മളുടെ പരിമിതികളെ അറിയുക നല്ലതാണ്, പക്ഷേ, അതു മറികടക്കാനുള്ള നിതാന്ത പരിശ്രമം തുടരേണ്ടതാണെന്നു ഓര്‍മിപ്പിക്കുകയാണ് കൈലിന്റെ ജീവിതം

Related News