Loading ...

Home sports

സഞ്ജു ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും; ആദ്യ ട്വന്റി20 വൈകിട്ട് 4.30ന്

ഇംഗ്ലണ്ട് യാത്രയിൽ ടീമിനൊപ്പം പോയെങ്കിലും ഒരു മൽസരം പോലും കളിക്കാതെ തിരിച്ചുപോരേണ്ടിവന്ന സഞ്ജുവിനെ കളിപ്പിക്കുന്നത് ആ താരത്തോടു കാണിക്കേണ്ട മര്യാദ കൂടിയാണ്. ടീമിലെടുത്തിട്ടും കളത്തിലിറങ്ങാൻ അവസരം ലഭിക്കാത്തതിന്റെ വേദന രഹാനയെപ്പോലെ തിരിച്ചറിയുന്നവർ ഏറെയുണ്ടാവില്ല. ഏറെക്കാലം ടീമിനൊപ്പം യാത്രക്കാരൻ മാത്രമായിരുന്നല്ലോ രഹാനെ. സഞ്ജു ഇന്നലെ ടീമിനൊപ്പം ചേർന്നു.

അവസാന രണ്ട് ഏകദിനങ്ങളിലെ ആധികാരിക ജയത്തോടെ സിംബാബ്‌വെയ്ക്കെതിരായ മൂന്നു മൽസര പരമ്പര തൂത്തുവാരിയ ഇന്ത്യ ഇന്ന് ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിനിറങ്ങുമ്പോൾ മലയാളികളായ ക്രിക്കറ്റ് പ്രേമികളുടെയെങ്കിലും പ്രധാന ആകാംക്ഷ സഞ്ജു സാംസന്റെ അരങ്ങേറ്റം സംബന്ധിച്ചാണ്. പരമ്പരയിൽ രണ്ടു മൽസരങ്ങളുണ്ട്. ഒന്നിലെങ്കിലും സഞ്ജുവിനു ക്യാപ്റ്റൻ രഹാനെ അവസരം ഒരുക്കുമെന്നു തന്നെ പ്രതീക്ഷിക്കപ്പെടുന്നു. വൈകിട്ട് 4.30ന് മൽസരം ആരംഭിക്കും. ടെൻ ക്രിക്കറ്റിൽ തൽസമയം കാണാം.

അമ്പാട്ടി റായുഡുവിനു പരുക്കേറ്റത് സഞ്ജുവിനു ഭാഗ്യം കൊണ്ടു വന്നെങ്കിൽ കേദാർ ജാദവിന്റെയും മനീഷ് പാണ്ഡെയുടെയും മിന്നുന്ന ഫോം ‘നിർഭാഗ്യമായി.’ രണ്ടുപേരെയും ആദ്യ മൽസരത്തിൽ നിന്നെങ്കിലും മാറ്റിനിർത്താൻ കഴിയില്ല. എങ്കിലും റോബിൻ ഉത്തപ്പയെ മാറ്റിനിർത്തിയാൽ വിക്കറ്റ് കീപ്പർ–ബാറ്റ്സ്മാനായി സഞ്ജുവിന് അരങ്ങേറാം. റോബിൻ ഉത്തപ്പയെ ബാറ്റ്സ്മാനായി പരിഗണിച്ചാൽപോലും സഞ്ജുവിന് അവസാന ഇലവനിൽ സ്ഥാനം നൽകാവുന്നതേയുള്ളു. രാജസ്ഥാൻ റോയൽസിൽ ഒരുമിച്ചു കളിക്കുന്ന ക്യാപ്റ്റൻ രഹാനെയുമായുള്ള അടുപ്പവും രാഹുൽ ദ്രാവിഡിന്റെ മാനസപുത്രനാണെന്നതും സഞ്ജുവിനെ ഈ പരമ്പരയിൽ തുണച്ചേക്കും.


Related News