Loading ...

Home Business

മൊബൈല്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം ഉപഭോക്താവിനും സര്‍ക്കാരിനും ഗുണകരമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

ന്യൂഡൽഹി  : രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളുടെ താരിഫ് ഉയര്‍ത്താനുള്ള നീക്കം ആത്യന്തികമായി ഉപഭോക്താവിനും സര്‍ക്കാരിനും ഗുണം ചെയ്യുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി‌ഒഎഐ) വക്താവ് പറഞ്ഞു. ഉയര്‍ന്ന പ്ലാനുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം നെറ്റ്‌വര്‍ക്ക് ഗുണനിലവാരം, പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാമെന്നും പറഞ്ഞു.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച സേവനമാണ് ലഭിക്കുന്നത്. എന്നാല്‍ താരിഫ് വര്‍ധനവുണ്ടെങ്കില്‍ പോലും നാല് വര്‍ഷം മുന്‍പ് നല്‍കിയതിനേക്കാള്‍ കുറവ് നിരക്കാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സി‌ഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് ദേശീയ മാധ്യമത്തോടു പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ജിബി ഡേറ്റയ്ക്ക് 7.7 രൂപ നല്‍കിയിരുന്നത് നിലവില്‍ 11 രൂപയാകും. 2015 ല്‍ ഒരു ജിബിക്ക് 225 രൂപയും 2010 ല്‍ ഒരു ജിബിക്ക് 333 രൂപയുമാണ് നല്‍കിയിരുന്നത്. ഒരു ജിബിക്ക് 11 രൂപ എന്ന നിരക്ക് ഇപ്പോഴും ആഗോള ശരാശരി 8.5 ഡോളറിനേക്കാള്‍ വളരെ കുറവാണെന്നും കോയ് വക്താവ് പറഞ്ഞു. മൊത്തത്തില്‍ ശരാശരി എപി‌ആര്‍‌യു കുത്തനെ കുറഞ്ഞിട്ടുണ്ട്. 2010 ല്‍ 141 രൂപയായിരുന്ന എപിആര്‍യു 2017 ല്‍ 118 രൂപയായി കുറഞ്ഞു. പിന്നീട് ഇത് 80 രൂപയായി വരെ കുറഞ്ഞിട്ടുണ്ട്. നിരക്ക് വര്‍ധിപ്പിച്ചതിലൂടെ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡുകള്‍, വിഡിയോ സ്ട്രീമിങ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, 5ജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് ആത്യന്തികമായി നേട്ടമുണ്ടാകുമെന്നും മാത്യൂസ് പറഞ്ഞു. അതേസമയം വര്‍ധിച്ചുവരുന്ന ടെലികോം വ്യവസായ വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാരിനും ലഭിക്കും.

Related News