Loading ...

Home Business

അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കര്‍ശനമാക്കുന്ന ചട്ടങ്ങള്‍ വരുന്ന മാര്‍ച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് ചട്ടം കൊണ്ടുവരുന്നത്. ഗുണനിലവാരം കര്‍ശനമാക്കുന്നതിലൂടെ ചൈനയില്‍നിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മുന്‍വര്‍ഷത്തേതില്‍നിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ല്‍ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതില്‍ ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കായികോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കര്‍ശനമാക്കുന്നത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനകള്‍ക്കുവിധേയമായി നടപ്പാക്കുന്ന ഗുണനിലവാരനിയന്ത്രണം ഇന്ത്യന്‍ വ്യവസായികള്‍ക്കും ബാധകമായിരിക്കും. 371 ഇനങ്ങളില്‍ 111 എണ്ണം രാസവസ്തു, പെട്രോകെമിക്കല്‍ വകുപ്പിനുകീഴില്‍ വരുന്നവയാണ്. 68 എണ്ണം ഘനവ്യവസായ വകുപ്പിനും 62 എണ്ണം ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും 61 എണ്ണം വ്യവസായ വകുപ്പിനും 44 എണ്ണം ഉരുക്കുമന്ത്രാലയത്തിനും 25 എണ്ണം ടെലികോം വകുപ്പിനും കീഴില്‍ വരുന്നതാണ്. ചൈനയില്‍നിന്നുള്ള അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം കണക്കാക്കുന്നത്.

Related News