Loading ...

Home parenting

കുട്ടികള്‍ക്ക് സൗജന്യമല്ലാത്ത വാക്‌സിനുകള്‍ നിര്‍ബന്ധമായും കൊടുക്കണോ?

പലപ്പോഴും അച്ഛനമ്മമാരില്‍നിന്ന് കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. സൗജന്യമായി ലഭിക്കാത്ത കുത്തിവെപ്പുകളുടെ കാര്യത്തിലാണ് നിര്‍ബന്ധമായും കൊടുക്കണോ എന്ന സംശയമുയരുന്നത്. പക്ഷേ, നമ്മുടെ മക്കള്‍ക്ക് ഒരു അസുഖവും വരരുത് എന്നത് നമ്മുടെ നിര്‍ബന്ധമല്ലേ? അപ്പോള്‍ അത് വരാതിരിക്കാനുള്ള കുത്തിവെപ്പെടുക്കേണ്ടതും ആവശ്യമാണ്. പക്ഷേ, ഇതിന് പല തടസ്സവുമുണ്ട്. ഒന്നാമത്തെ തടസ്സം സാമ്ബത്തികംതന്നെയാണ്. ഈ കുത്തിവെപ്പുകളില്‍ പലതും വില കൂടിയവയാണ്. മാത്രമല്ല, പലതിനും ഒന്നില്‍ക്കൂടുതല്‍ ഡോസും ആവശ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും സാമ്ബത്തികമായി ഇത് താങ്ങാനാവണമെന്നില്ല. അതുകൊണ്ട് എന്നോട് ചോദിക്കുന്ന അച്ഛനമ്മമാരോട് ഞാന്‍ പറയാറുള്ളത് ഇതാണ്: 'ഈ കുത്തിവെപ്പുകളെടുത്താല്‍ ഇപ്പറഞ്ഞ അസുഖങ്ങള്‍ വരാനുള്ള സാധ്യത നന്നേ കുറവാണ്. സാമ്ബത്തികമായി നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ കൊടുക്കുക.'' ഒരിക്കലും ഈ കുത്തിവെപ്പുകളുടെ ഗുണഫലങ്ങള്‍ അറിയാത്തതുകൊണ്ടുമാത്രം അച്ഛനമ്മമാര്‍ ഇവ കൊടുക്കാതിരിക്കരുതെന്ന് ഞാന്‍ ഉറപ്പുവരുത്താറുണ്ട്. എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല? ഈ പ്രത്യേക വാക്‌സിനുകള്‍ വില കൂടിയവയാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ എല്ലാ കുട്ടികള്‍ക്കും ഇപ്പറഞ്ഞ വാക്‌സിനുകള്‍ സൗജന്യമായി കൊടുക്കാന്‍ സര്‍ക്കാരിനുകഴിയില്ല. എന്നാല്‍ത്തന്നെയും, മുമ്ബ് സ്‌പെഷ്യല്‍ വാക്‌സിനുകളായിരുന്ന പല കുത്തിവെപ്പും ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സൗജന്യമായി കൊടുക്കുന്നത് ഏറ്റവും അപകടകാരികളായ അസുഖങ്ങള്‍ക്കെതിരേയുള്ളതാണ്. ഇവയില്‍ പലതിനും ചികിത്സതന്നെ ബുദ്ധിമുട്ടാണ്. മരണമാകാം ഫലം. ഉദാഹരത്തിന് തൊണ്ടമുള്ള് പോലുള്ള അസുഖങ്ങള്‍. അതുകൊണ്ട് സര്‍ക്കാര്‍ തരുന്ന കുത്തിവെപ്പുകള്‍ എടുക്കേണ്ടതാണോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എടുത്തേ തീരൂ. എന്നാല്‍, സ്‌പെഷ്യല്‍ വാക്‌സിനുകള്‍ തടയുന്ന അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാണ്. അവയില്‍ പലതും മാരകവുമല്ല. ഉദാഹരണത്തിന് ചിക്കന്‍ പോക്‌സ്. കുട്ടികള്‍ക്കുവന്നാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ, കുറച്ച്‌ പാടുകള്‍മാത്രം ബാക്കിയാക്കി ഭേദപ്പെടാറുണ്ട്. എന്നാല്‍, എല്ലാകുട്ടികളിലും അങ്ങനെയല്ല. ഇതേ ചിക്കന്‍ പോക്‌സ് ചില കുട്ടികളില്‍ മരണത്തിനും കാരണമാവാറുണ്ട്. ചിക്കന്‍പോക്‌സ് വൈറസുകള്‍ തലച്ചോറിലെത്തിയാല്‍ അവിടെ നീര്‍ക്കെട്ടുണ്ടാക്കുകയും തത്ഫലമായി മരണംവരെ സംഭവിക്കുകയും ചെയ്യാം. അല്ലെങ്കില്‍ കുട്ടിയുടെ ബുദ്ധിവികാസത്തെ സാരമായി ബാധിച്ചേക്കാം. കുഴപ്പക്കാരല്ലെന്ന് നാം കരുതുന്ന പല അസുഖങ്ങളും ഏതുകുട്ടിയില്‍ ഉഗ്രരൂപമെടുക്കുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഇവയെ പ്രതിരോധിക്കാന്‍ പറ്റുമെങ്കില്‍ അതാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഉത്തമം. ഈ അസുഖങ്ങളൊക്കെ കുട്ടികള്‍ക്ക് വരേണ്ടതല്ലേ? ഈ വാദത്തിനും ഉത്തരം മുകളില്‍പ്പറഞ്ഞതുതന്നെ. ചിക്കന്‍ പോക്‌സ്, ടൈഫോയ്ഡ് എന്നീ അസുഖങ്ങള്‍ വന്നാല്‍ കുട്ടികള്‍ക്ക് പ്രകൃത്യാലുള്ള പ്രതിരോധശക്തി ലഭിക്കുമെന്നത് ശരിതന്നെയാണ്. എന്നാല്‍, അതിനുവേണ്ടി നാം രോഗം വരണമെന്ന് വാശിപിടിക്കുന്നത് മണ്ടത്തരമായിരിക്കും. കാരണം, മുമ്ബ് പറഞ്ഞതുതന്നെ. കുഞ്ഞിന് രോഗം മൂര്‍ച്ഛിച്ച്‌ വേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവില്ലെന്ന് നമുക്ക് എങ്ങനെ പറയാന്‍കഴിയും. അതുകൊണ്ടുതന്നെ ഒരു ഭാഗ്യപരീക്ഷണം വേണോയെന്നുള്ള വലിയൊരു ചോദ്യം നമുക്കുമുന്നിലുണ്ട്. ഇങ്ങനെ സംഭവിച്ച ധാരാളം കുട്ടികളെ കണ്ടിട്ടുള്ളതുകൊണ്ടാകാം, ആ ഭാഗ്യപരീക്ഷണം ഒഴിവാക്കണം. കുത്തിവെപ്പുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലല്ലേ? തെറ്റായ ചിന്തയാണിത്. ഇവയ്ക്ക് അപകടകരമായ പാര്‍ശ്വഫലമൊന്നുമില്ല. ഒരു ഇന്‍ജെക്ഷന്‍കൊണ്ട് വരാവുന്ന അലര്‍ജിയാണ് നാം ഭയപ്പെടുന്ന ഏക പാര്‍ശ്വഫലം. അത് നാം കൊടുക്കുന്ന ഏതൊരു കുത്തിവെപ്പിനുമുണ്ട്. ഇതെല്ലാം വളരെ അപൂര്‍വമായേ കാണാറുള്ളൂ. ഈ പേടികാരണം ആരും കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പുകള്‍ കൊടുക്കാതിരിക്കരുത്. കാരണം, ഈ പാര്‍ശ്വഫലങ്ങളെക്കാള്‍ എത്രയോ അപകടകാരികളാണ് ഈ കുത്തിവെപ്പുകള്‍ എടുക്കാതിരുന്നാല്‍ വന്നേക്കാവുന്ന രോഗങ്ങള്‍. കാര്‍ഡില്‍ പറഞ്ഞ സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യും ? കാര്‍ഡില്‍ പറഞ്ഞ സമയമാണ് ഉത്തമമെങ്കിലും പിന്നീടും ഈ വാക്‌സിനുകള്‍ നല്‍കാവുന്നതാണ്. എന്നാല്‍, ഇതിനായി ഒരു ശിശുരോഗവിദഗ്ധനെക്കണ്ട് കൊടുക്കേണ്ട ഷെഡ്യൂള്‍ എഴുതിവാങ്ങണം. ഇതിന് 'ക്യാച്ച്‌ അപ്പ്' വാക്‌സിനേഷന്‍ എന്നുപറയും. അതുകൊണ്ട് മിസ്സായി എന്ന കാരണത്താല്‍ കൊടുക്കാതിരിക്കേണ്ടതില്ല. ഇത് സ്വകാര്യാശുപത്രികള്‍ ലാഭമുണ്ടാക്കാനായി ചെയ്യുന്നതാണോ? എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണയാണിത്. സ്‌പെഷ്യല്‍ വാക്‌സിനുകള്‍ മക്കള്‍ക്ക് കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനങ്ങള്‍ നടത്തുന്നതും വേണ്ട മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതും ലോകാരോഗ്യസംഘടനയും അതത് രാജ്യങ്ങളിലെ ശിശുരോഗവിദഗ്ധരുടെ കൂട്ടായ്മയും ചേര്‍ന്നാണ്. ഇന്ത്യയില്‍ അത് ചെയ്യുന്നത് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്ന സംഘടനയാണ്. ഭാരതത്തിലെത്തന്നെ ഏറ്റവും പ്രഗല്ഭരായ ശിശുരോഗവിദഗ്ധരുടെ കൂട്ടായ്മയാണ് ഇതിനെല്ലാം മേല്‍നോട്ടംവഹിക്കുന്നത്. നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ ആരോഗ്യംമാത്രം മുന്നില്‍ക്കണ്ടാണ് അവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവക്കുന്നത്. ആ മാര്‍ഗനിര്‍ദേശമനുസരിച്ചേ ഇന്ത്യയില്‍ ഏതൊരു സ്വകാര്യാശുപത്രിക്കും ഡോക്ടര്‍ക്കും ഇതെല്ലാം ചെയ്യാന്‍ സാധിക്കൂ.

Related News