Loading ...

Home youth

അധ്യാപനത്തില്‍ താല്‍പര്യമുണ്ടോ; ഓണ്‍ലൈനായി പഠിപ്പിച്ച്‌ കാശുവാരാം

അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഉന്നതപഠന നിലവാരം പുലര്‍ത്തിയിട്ടും മികച്ച വരുമാനമുള്ള ജോലി നേടാന്‍ കഴിയാതെ പോയവരില്‍ ചിലര്‍ ചെറു സംരംഭങ്ങളുമായി മുന്നോട്ട് പോകാറുണ്ടെങ്കിലും ഭൂരിഭാഗത്തിനും അതിന് കഴിയാറില്ല. മൂലധനത്തിന്റെ അഭാവവും ബിസിനസ് പ്രാവീണ്യം ഇല്ലാത്തതുമെല്ലാം ഇതിന് കാരണങ്ങളാണ്. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഓണ്‍ലൈന്‍ കോച്ചിങ്ങ്. കഷ്ടപ്പെട്ട് പഠിച്ച്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടി തൊഴിലില്ലായ്മയുടെ വറചട്ടിയിലേക്ക് വീഴുന്നവര്‍ക്ക് അതില്‍ നിന്ന് കരകയറാനുള്ള വഴിയാണിത്. എന്താണ് ഓണ്‍ലൈന്‍ കോച്ചിങ്? ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള പഠിപ്പിക്കലാണിത്. ലളിതമായിപ്പറഞ്ഞാല്‍ ഒരു ട്യൂഷന്‍ സംവിധാനം. ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ചുള്ള ആധികാരിക വിവരം കാഴ്ചക്കാരന് മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് നിങ്ങള്‍ പഠിപ്പിക്കാനുദ്ദേശിക്കുന്ന വിഷയം ഗണിതത്തിലെ ലസാഗുവും ഉസാഘയുമാണെങ്കില്‍, എങ്ങനെ അവ കണ്ടെത്താമെന്ന് ചിത്രങ്ങളോ ചാര്‍ട്ടുകളോ ഉപയോഗിച്ച്‌ ലളിതമായി പറഞ്ഞു കൊടുക്കാം. ഈ ക്ലാസ്സിന്റെ വീഡിയോ യുട്യൂബ് അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് പോലെയൊരു സമൂഹമാധ്യമത്തില്‍ പങ്കുവെക്കാം. അതുവഴി ലോകത്ത് എവിടെയുള്ളവര്‍ക്കും നിങ്ങളുടെ വീഡിയോ ക്ലാസ്സുകള്‍ കാണാം. എത്ര പേര്‍ വീഡിയോ കാണുന്നു എന്നതിനെ ആശ്രയിച്ച്‌ ലഭിക്കുന്ന വരുമാനത്തിലും വ്യത്യാസം വരും. മികച്ച ഉള്ളടക്കമാണ് നിങ്ങള്‍ പ്രദാനം ചെയ്യുന്നതെങ്കില്‍ കൂടുതല്‍ കാഴ്ചക്കാര്‍ നിങ്ങളിലേക്കെത്തും. അപ്പോള്‍ പെയ്ഡ് ക്ലാസ്സ് സംവിധാനത്തിലേക്കും നിങ്ങള്‍ക്ക് മാറാം. പ്രയാസമേറിയ വിഷയങ്ങള്‍ എളുപ്പത്തില്‍ പഠിക്കാനുള്ള നുറുങ്ങു വിദ്യകള്‍ പഠിപ്പിക്കുന്നതും നിങ്ങളുടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. ഓണ്‍ലൈന്‍ യുഗത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്ന മാര്‍ഗമാണിത്. ഏത് വിഷയത്തിലാണോ നിങ്ങള്‍ക്ക് പ്രാവീണ്യം, ആ വിഷയം മറ്റൊരാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്നിടത്താണ് ഓണ്‍ലൈന്‍ കോച്ചിങ്ങിന്റെ വിജയം. എന്ത് കാര്യമറിയാനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന തലമുറയ്ക്കിടയില്‍ ഏറ്റവും സാധ്യതയുള്ള വരുമാന മാര്‍ഗമാണിത്. മികച്ച അധ്യാപന പാഠവമുള്ളവര്‍ക്ക് തിളങ്ങാവുന്ന മേഖല കൂടിയാണിത്. ബൈജൂസ് ആപ്പ് പോലെയുള്ള പഠന ആപ്പുകളുടെ വളര്‍ച്ച, ഇതിന്റെ നേര്‍ സാക്ഷ്യമാണ്. കേരളത്തില്‍ത്തന്നെ ഇന്ന് ഈ മേഖലയില്‍ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസ്സ് ആരംഭിക്കുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വിഷയത്തിന്റെ തിരഞ്ഞെടുപ്പാണ്. പ്രാവീണ്യമുള്ള, പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ആവശ്യമെങ്കില്‍ ലൈവ് ക്ലാസ്സുകള്‍ നല്‍കാം.
വീഡിയോയ്ക്ക് താഴെ വരുന്ന കമന്റിലൂടെ ക്ലാസ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഏകദേശ ധാരണ വരും. അതനുസരിച്ച്‌ മുന്നോട്ട് പോകുക.

Related News