Loading ...

Home Europe

ഒടുവില്‍ ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്ത്; ആഘോഷവും പ്രതിഷേധവും ഒരുക്കി ജനങ്ങള്‍

ലണ്ടന്‍: നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്‌സിറ്റ് നടപ്പായത്. ബ്രെക്‌സിറ്റിനായി ഏറെ വാദിച്ച്‌ ഭരണത്തിലേറിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രതികരിച്ചു. മൂന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും ശേഷമാണ് ബ്രെക്‌സിറ്റ് നടപ്പായത്. ബ്രിട്ടണ്‍ പടിയിറങ്ങിയതോടെ ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബര്‍ 31 നാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാകുക. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമായതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിച്ചത്. അതുവരെ വ്യാപാര കരാറുകളും പൗരത്വവും നിലനില്‍ക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കും. അതേസമയം, ലോകം ആകാംക്ഷയോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടനെ നോക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി സാധിക്കും.

Related News