Loading ...

Home Europe

സൈനികശക്തി കൂട്ടാന്‍ പതിനായിരം കോടി യൂറോ മുടക്കാനൊരുങ്ങി ജര്‍മ്മനി

ബെര്‍ലിന്‍: റഷ്യയുടെ യുക്രെയിന്‍ അധിനിവേശം യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിരോധ നയങ്ങളെപ്പോലും മാറ്റിമറിക്കുന്നു.യൂറോപ്പും ആയുധമത്സരത്തിനും സൈനിക ശക്തി പെരുപ്പിക്കുന്നതിനും മത്സരിക്കാനൊരുങ്ങുമെന്നാണ് പുതിയ സൂചന.

ഏറെക്കാലത്തിനു ശേഷം ജര്‍മനി അതിന്‍റെ പ്രതിരോധ മേഖലയ്ക്കായി വന്‍ തുക നീക്കിവച്ചുകൊണ്ടു നിര്‍ണായക പ്രഖ്യാപനം നടത്തി. യുക്രെയിനില്‍ റഷ്യ നടത്തുന്ന കടന്നുകയറ്റവും ആക്രമണവുമാണ് തങ്ങളുടെ സൈനിക ശക്തി അടിയന്തരമായി വര്‍ധിപ്പിക്കാന്‍ ജര്‍മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. അടിയന്തര പാര്‍ലമെന്‍റ് സമ്മേളനം ചേര്‍ന്നുകൊണ്ടാണ് സുപ്രധാന പ്രഖ്യാപനം ജര്‍മനി നടത്തിയിരിക്കുന്നത്.

പ്രതിരോധ നയങ്ങളിലെ ചരിത്രപരമായ മാറ്റം ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ചു. പഴയകാല യുദ്ധാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധരംഗത്തോടു വിമുഖത പ്രഖ്യാപിച്ചിരുന്ന ജര്‍മനി കുറെക്കാലമായി പ്രതിരോധ രംഗത്തു സാധാരണയുള്ള ഇടപാടുകളും ഇടപെടലുകളും മാത്രമാണ് നടത്തിയിരുന്നത്. ഇതിനാണ് അപ്രതീക്ഷിത മാറ്റം വന്നിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയിനിയിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം തങ്ങള്‍ക്കുമുള്ള ഭീഷണിയായി കരുതുന്നു എന്നു വേണം ഇതില്‍നിന്നു മനസിലാക്കാന്‍. ഞായറാഴ്ച നടന്ന അടിയന്തര പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഷോള്‍സ് പ്രഖ്യാപിച്ചത് റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിനു ശേഷം നമ്മള്‍ പുതിയൊരു യുഗത്തിലാണെന്നാണ്.

സംഘര്‍ഷ മേഖലകളിലേക്കു മാരകായുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു നിലനിര്‍ത്തിയിരുന്ന നിരോധനം നാടകീയമായി പിന്‍വലിച്ചതിനു പിന്നാലെയാണ് പ്രതിരോധ രംഗത്തു വന്‍ വിഹിതം ജര്‍മനി പ്രഖ്യാപിച്ചത്. 2022ല്‍ മാത്രം സൈനിക രംഗത്തു പതിനായിരം കോടി യൂറോ ചെലവഴിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചിരിക്കുന്നത്. സുശക്തവും സുരക്ഷ നല്‍കുന്നതുമായ സൈന്യത്തെ സജ്ജമാക്കാനാണ് ഈ നയം മാറ്റം.

യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥയായ ജര്‍മനി ഇനി മുതല്‍ വര്‍ഷാവര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ രണ്ടു ശതമാനത്തിലധികം പ്രതിരോധ രംഗത്തു നിക്ഷേപിക്കും. ഇതു നാറ്റോ പ്രഖ്യാപിച്ച രണ്ടു ശതമാനം എന്ന ലക്ഷ്യത്തിനും മുകളിലാണ്. നാറ്റോയുടെ ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ജര്‍മനി പിന്നാക്കം നിന്നതിന്‍റെ പേരില്‍ മുന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്ന ഡോണള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related News