Loading ...

Home Business

പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പദ്ധതികളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്; ലക്ഷ്യമിടുന്നത് ചരക്കുനീക്ക വരുമാനം 100 കോടി രൂപയാക്കി വര്‍ധിപ്പിക്കാന്‍

ഭാവിയേക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്. എക്സ്പ്രസിന്റെ ചരക്കുനീക്ക വരുമാനം ഈ സാമ്ബത്തികവര്‍ഷം 100 കോടി രൂപയാക്കി വര്‍ധിപ്പിക്കാനാണ് മലയാളികളുടെ സ്വന്തമെന്നറിയപ്പെടുന്ന കമ്പനി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ വര്‍ഷം (ജനുവരി-‍ഡിസംബര്‍) എയര്‍ഇന്ത്യ എക്സ്പ്രസ് ചരക്കുനീക്കത്തിലൂടെ 78 കോടി രൂപയാണ് വരുമാനം നേടിയത്.
22666 ടണ്‍ ചരക്കുകളാണ് എക്സ്പ്രസ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കെത്തിച്ചത്. 2018ല്‍ ഇത് 16357 ടണ്‍ ആയിരുന്നു. വര്‍ധനവ് 39 ശതമാനം. ഈ വര്‍ഷം 40 ശതമാനത്തിലേറെ വര്‍ധനവു നേടാനാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ കയറ്റുമതി ലക്ഷ്യം 32,000 ടണ്‍ ആണ്. ബോയിങ് 737-800 വിമാനങ്ങളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസിനുപയോഗിക്കുന്നത്. ഓരോ വിമാനത്തിലും 2 ടണ്‍ വീതം ചരക്കു കയറ്റാനുള്ള ഇടമേ ഇത്തരം വിമാനത്തിലുള്ളൂ. ഓരോ വിമാനത്തിലെയും യാത്രക്കാരുടെ എണ്ണം കുറവാണെങ്കില്‍ അതില്‍ കൂടുതല്‍ ചരക്കുകള്‍ അനുവദിക്കും. കേരളത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ 20 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നാണ് എയര്‍ഇന്ത്യ സര്‍വീസുകളുള്ളത്. ദുബായ്, ഷാര്‍ജ, അബുദാബി, അല്‍ഐന്‍, റാസല്‍ഖൈമ, ബഹ്റൈന്‍, ദമാം, ദോഹ, കുവൈത്ത്, മസ്കത്ത്, സലാല, റിയാദ് എന്നീ ഗള്‍ഫ് നഗരങ്ങള്‍ക്കു പുറമെ സിംഗപ്പൂരിലേക്കും എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്.

Related News