Loading ...

Home Business

സാധനങ്ങള്‍ക്കൊപ്പം ബില്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വരുന്നു; ഒരു കോടി രൂപ വരെ സമ്മാനം ലഭിക്കുന്ന ജിഎസ്ടി ലോട്ടറി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍

കൊച്ചി: 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ സമ്മാനം ലഭിക്കുന്ന ജിഎസ്ടി ലോട്ടറി തുടങ്ങാന്‍ കേന്ദ്രം. സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ബില്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി ലോട്ടറി ആരംഭിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സേഷന്‍ ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അംഗം ജോണ്‍ ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ പര്‍ച്ചേസിനും ബില്‍ ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്കു പ്രത്യേക സമ്മാനം നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി റിട്ടേണ്‍ ഫയലിങ് ലളിതമാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു പ്രഖ്യാപനം.
ജിഎസ്ടി രേഖപ്പെടുത്തിയ ഓരോ ബില്ലും ലോട്ടറി അടിക്കാനുള്ള സാധ്യതയാണ് ഉപയോക്താവിനു നല്‍കുക. ഓരോ ബില്ലും ലോട്ടറി ടിക്കറ്റായി മാറും. നറുക്കെടുപ്പിലൂടെയാകും വിജയിയെ കണ്ടെത്തുക. നറുക്കുവീണാല്‍ ഉപയോക്താവിനെ വിവരം അറിയിക്കും. ബില്ലുകള്‍ അപ്പപ്പോള്‍ അപ്‌ലോഡ് ആകുന്നത് നികുതി റിട്ടേണുകളുടെ സങ്കീര്‍ണത കുറയ്ക്കാന്‍ വ്യാപാരികളെ സഹായിക്കുകയും ചെയ്യും. എത്ര രൂപയുടെ ബില്ലിലാണ് ലോട്ടറി സംവിധാനം തുടങ്ങുകയെന്നതിനെ സംബന്ധിച്ചും ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കും. ഉപയോക്തൃ ക്ഷേമ ഫണ്ടില്‍‌ നിന്നും കേന്ദ്ര അമിതലാഭവിരുദ്ധ (ആന്റി പ്രോഫിറ്റീറിങ്) ഫണ്ടില്‍ നിന്നും ലോട്ടറിക്കുള്ള പണം കണ്ടെത്തും. ലോട്ടറിക്കൊപ്പം ബജറ്റില്‍ പ്രഖ്യാപിച്ച പ്രത്യേക ക്യുആര്‍ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടുകളും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. ക്യുആര്‍ കോഡിലൂടെ പേയ്മെന്റ് നടത്തുമ്ബോള്‍ ജിഎസ്ടി വിവരങ്ങള്‍ രേഖപ്പെടുത്തും .ഇതും ജിഎസ്ടി റിട്ടേണ്‍ ഫയലിങ് ലളിതമാക്കും. ജിഎസ്ടി വരുമാനം ഉയര്‍ത്താനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Related News