Loading ...

Home cinema

സിനിമയൊണ്ട്....ചിരിയൊണ്ട്...കോട്ടയം പ്രദീപൊണ്ട്.... by മിഥുന്‍ കൃഷ്ണ

കോട്ടയം പ്രദീപ് വെറൊരു ലെവലാണ്. മുഖത്ത് എപ്പോഴും വിടര്‍ന്നുനില്‍ക്കുന്ന ചിരി. വ്യത്യസ്തമായ ഡയലോഗ് പ്രസന്റേഷന്‍. കൊടുംവിറ്റുകള്‍ പറയാതെ തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന നടന്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയുടെ അവിഭാജ്യഘടകം. പ്രേക്ഷകര്‍ക്ക് ന്യൂജെന്‍കാലത്തെ നടനായാണ് പരിചയമെങ്കിലും പ്രദീപ് സിനിമയിലെത്തിയിട്ട് വര്‍ഷം പതിനേഴായി.

1999ല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് തുടക്കം. നടനാകണമെന്ന മോഹമായിരുന്നില്ല അതിനു പിന്നില്‍. ഇഷ്ടനടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാനായി സെറ്റുകളിലെത്താനുള്ള എളുപ്പവഴി. ഐ വി ശശിയുടെ à´ˆ നാട് ഇന്നലെവരെ എന്ന ചിത്രത്തില്‍ പാര്‍ടി പ്രവര്‍ത്തകന്റെ റോളിലായിരുന്നു തുടക്കം. ഒറ്റ ഡയലോഗുമില്ല. പിന്നീട് എട്ടുവര്‍ഷക്കാലം സിനിമയിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒന്നുംമിണ്ടാതെ നിന്നു. 

പച്ചപിടിക്കാന്‍ തമിഴിലെത്തേണ്ടിവന്നു. "ചിലമ്പരശനെ നായകനാക്കി ഗൌതം മേനോന്‍ ഒരുക്കിയ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രമാണ് എനിക്ക് ബ്രേക്കായത്. അതില്‍ നായിക തൃഷയുടെ അമ്മാവന്റെ വേഷമായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനുകളില്‍ ഒന്ന് ആലപ്പുഴയായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നന്ദു പൊതുവാളും ശശി പൊതുവാളുമാണ് ചിത്രത്തില്‍ അവസരമൊരുക്കിയത്''– പ്രദീപ് പറഞ്ഞു. 

തുടര്‍ന്ന് മലയാളത്തില്‍ പ്രദീപിന്റെ രാശി തെളിഞ്ഞു. വീനിത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് ഇവിടെയുണ്ട്. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്ന പ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, à´…à´Ÿà´¿ കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. 

തമിഴില്‍ ഗൌതംമേനോനു പുറമെ തെരിയുടെ സംവിധായകന്‍ ആറ്റ്ലിയും തനിക്ക് നല്ല പിന്തുണ നല്‍കുന്നുവെന്ന് പ്രദീപ്. "തെരിയില്‍ കഥാപാത്രമേതെന്നുപോലും ചോദിക്കാതെയാണ് അഭിനയിക്കാന്‍ പോയത്. വേഷം മോശമായതുമില്ല. രാജറാണി, നന്‍പെട എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്റെ വ്യത്യസ്തമായ ഡയലോഗ് പ്രസന്റേഷന്റെ ക്രെഡിറ്റ് ഗൌതം മേനോനുള്ളതാണ്. അദ്ദേഹമാണ് എന്റെ സംഭാഷണശൈലിയിലെ വ്യത്യസ്തത സിനിമയില്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. അതോടെ വിണ്ണൈത്താണ്ടി വരുവായയില്‍ സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാനും ഭാഗ്യമുണ്ടായി. 'ചിക്കനൊണ്ട്,  മട്ടനൊണ്ട്, ഫിഷൊണ്ട്... കരിമീന്‍ വുറത്തതൊണ്ട്' എന്ന ഡയലോഗ് വൈറലായി. ചിത്രത്തില്‍ എന്റെ ശബ്ദംതന്നെ വേണമെന്ന് പറഞ്ഞ് ഗൌതം മേനോന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് ഹിന്ദി പതിപ്പുകളിലും അഭിനയിച്ചു. 

കുട്ടിക്കാലത്ത് കോട്ടയം തിരുവാതിക്കലിലെ വീടിനു സമീപമുള്ള രാധാകൃഷ്ണ തിയറ്ററാണ് എന്നിലെ കലാകാരനെ ഉണര്‍ത്തിയത്. അന്ന് സ്കൂളില്ലാത്ത ദിവസങ്ങളില്‍ തിയറ്ററിലെത്തി മൂന്ന് ഷോയും കാണുമായിരുന്നു. വീട്ടിലിരുന്നാല്‍ ഡയലോഗ് കേള്‍ക്കാം. അതിനാല്‍ ജീവിതത്തില്‍ സിനിമ പ്രധാന കഥാപാത്രമായി. സ്കൂളില്‍ ഏതു പരിപാടിക്കും പങ്കാളിത്തം ഉറപ്പാക്കി. സമ്മാനമായിരുന്നില്ല അന്നൊന്നും ലക്ഷ്യം. കലയോട് ആത്മബന്ധമുള്ള അമ്മാവന്‍മാരുടെ പിന്തുണയുമുണ്ടായി. 

പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കാലത്ത് നാട്ടുകാരുടെ ഏറെ പരിഹാസശരങ്ങള്‍ ഏറ്റു. എല്‍ഐസിയില്‍ നല്ലൊരു ജോലിയുള്ള താനെന്തിനാ സിനിമയില്‍ ഡയലോഗുപോലുമില്ലാതെ അവിടെയും ഇവിടെയും നില്‍ക്കാന്‍മാത്രം പോകുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. അന്നും ഭാര്യ മായയും മക്കളായ വിഷ്ണുവും വൃന്ദയും പൂര്‍ണ പിന്തുണ തന്നു. ജോലിയും എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അത് ഉപേക്ഷിച്ചില്ല. ലീവെടുത്താണ് സിനിമാഭിനയം.'' മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുക എന്നതിലപ്പുറം കൂടെ അഭിനയിക്കാനും തനിക്ക് കഴിഞ്ഞെന്നു പറയുമ്പോള്‍ പ്രദീപിന്റെ മുഖത്തെ à´šà´¿à´°à´¿ ഒന്നുകൂടി വിശാലമാകുന്നു. 

തോമസ് ലിജു തോമസ് സംവിധാനംചെയ്യുന്ന കവി ഉദ്ദേശിച്ചത്, സുന്ദര്‍ദാസിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ദീപു കരുണാകരന്റെ കരിങ്കുന്നം സിക്സ്സ്, സജിത് ജഗനാഥന്റെ ഒരേമുഖം എന്നിവയാണ് പ്രദീപിന്റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനംചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വാറ്റുകാരന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രമാണ് ഇതില്‍. 

കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തിനു സമീപം കറുകപ്പുറം വീട്ടിലാണ് താമസം. ഫാഷന്‍ ഡിസൈനറായ മകന്‍ വിഷ്ണു സിനിമയിലേക്ക് നോട്ടമിട്ടുകഴിഞ്ഞു. അടുത്തിടെ രണ്ട് ഷോട്ട് ഫിലിമുകള്‍ സംവിധാനംചെയ്തു. മകള്‍ വൃന്ദ ബിടെക് കഴിഞ്ഞ് സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്നു. ടൈപ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗൌരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന മോഹവുമായി പ്രദീപ് വീട്ടില്‍ നില്‍ക്കാന്‍ സമയമില്ലാതെ സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാണ്.

Related News