Loading ...

Home sports

ശ്രീജേഷിന്റെ നായകപദവി പാറാട്ട് വീടില്‍ ആഹ്ളാദം

കോലഞ്ചേരി: ഒളിമ്പിക്സ് ഹോക്കി ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രീജേഷ് എത്തിയത് പാറാട്ട് വീടിനെ ആഹ്ളാദത്തിലാഴ്ത്തി. ബ്രസീലില്‍ നടക്കുന്ന റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി തന്നെ തെരഞ്ഞെടുത്ത വിവരം ചൊവ്വാഴ്ച പകല്‍ 12ന് ടീം പ്രഖ്യാപനത്തിനായി ഡല്‍ഹിയിലായിരുന്ന ശ്രീജേഷ്തന്നെയാണ് വീട്ടിലേക്ക് അറിയിച്ചത്.വിവരമറിഞ്ഞതോടെ പള്ളിക്കരയ്ക്കടുത്ത് പറക്കോടുള്ള വീടും പരിസരവും ആഹ്ളാദത്തിമിര്‍പ്പിലായി. തൊട്ടുപിന്നാലെ ടിവിയില്‍ വാര്‍ത്ത വന്നതോടെ അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലേക്കെത്തി. പിന്നാലെ മാധ്യമപ്രതിനിധികളും എത്തി. എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു അച്ഛന്‍ രവീന്ദ്രനും അമ്മ ഉഷയും. വീട്ടിലെത്തിയവര്‍ക്കെല്ലാം ശ്രീജേഷിന്റെ ഭാര്യ അനീഷ്യ മധുരം നല്‍കി.അച്ഛന്‍ ഇന്ത്യന്‍ ടീമിന്റെ നായകനായ വിവരമൊന്നും അറിവില്ലെങ്കിലും രണ്ടുവയസ്സുകാരി അനുശ്രീയും സന്തോഷത്തിലായിരുന്നു. രാജ്യം തന്റെ മകനു നല്‍കിയ അംഗീകാരത്തില്‍ എല്ലാ മലയാളികളോടുമൊപ്പം കുടുംബാംഗങ്ങളും അഭിമാനിക്കുന്നുവെന്ന് അച്ഛന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരിശീലത്തിന്റെ ഭാഗമായി ബംഗളൂരുവിലായിരുന്ന ശ്രീജേഷ് നാലിനാണ് വീട്ടില്‍ വന്നത്. ഒരാഴ്ച കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച ശേഷം ഞായറാഴ്ചയാണ് ഡല്‍ഹിയിലേക്കു മടങ്ങിയത്.2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ചിരന്തര വൈരികളായ പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്ത് 16 വര്‍ഷത്തിനുശേഷം ഇന്ത്യ സ്വര്‍ണം നേടിയത് ശ്രീജേഷിന്റെ മികവിലായിരുന്നു. ഈ ഏഷ്യന്‍ ഗെയിംസില്‍ ആറു കളികളില്‍ മൂന്നു ഗോള്‍ മാത്രമാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ശ്രീജേഷ് വഴങ്ങിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് ശ്രീജേഷായിരുന്നു.

Related News