Loading ...

Home sports

ജപ്പാന്റെ ആശങ്ക കൂട്ടി കൊറോണ

ടോക്യോ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് രണ്ടാഴ്ച കായികമത്സരങ്ങളും സാംസ്‌കാരിക പരിപാടികളും റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ആഹ്വാനം. വൈറസ് ബാധ തടയുന്നതില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്. കായികമത്സരങ്ങളും സാംസ്‌കാരിക പരിപാടികളും ആളുകള്‍ ഒരുമിച്ചുകൂടുന്നതും അപകടകരമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജപ്പാനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ജെ ലീഗിലെ മത്സരങ്ങള്‍ കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. എന്നാല്‍, ചില കായികയിനങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ അസോസിയേഷനുകള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആബെയുടെ ആഹ്വാനം. അതേസമയം, ടോക്യോ ഒളിമ്ബിക്‌സിനെച്ചൊല്ലിയുള്ള ആശങ്ക കൂടുകയാണ്. അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അംഗം ഡിക് പോണ്ട് ഇതുസംബന്ധിച്ച സൂചന നല്‍കി. ഒളിമ്ബിക്‌സ് റദ്ദാക്കുന്നതിനേക്കാള്‍, മാറ്റിവെക്കുകയോ മറ്റൊരു വേദിയിലേക്ക് മാറ്റുകയോ ആണ് അഭികാമ്യം എന്നായിരുന്നു പോണ്ടിന്റെ വാക്കുകള്‍. മേയ് മാസത്തിനുള്ളില്‍ അവസാന തീരുമാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒളിമ്ബിക്‌സ് നിശ്ചയിച്ചപ്രകാരംതന്നെ നടക്കുമെന്നാണ് ജപ്പാന്‍ പറയുന്നത്. പോണ്ടിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഐ.ഒ.സി.യുടേത് അല്ലെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ വ്യക്തമാക്കി. അതേസമയം, ഒളിമ്ബിക്‌സിന്റെ ഒരുക്കങ്ങളെ വൈറസ്ബാധ അവതാളത്തിലാക്കിയിട്ടുണ്ട്. വൊളന്റിയര്‍മാര്‍ക്കുള്ള പരിശീലനപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related News