Loading ...

Home youth

കെ.എ.എസ്: 6000ത്തോളം പേരുടെ പട്ടിക വരും

ഫെബ്രുവരി 22-ന് നടന്ന കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ പി.എസ്.സി. തുടങ്ങി. പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചിക സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച പരാതികള്‍ പരിശോധിച്ചു വരുകയാണ്. അന്തിമ ഉത്തരസൂചിക ഉടന്‍ പ്രസിദ്ധീകരിക്കും. അതിനുശേഷം മൂല്യനിര്‍ണയം ആരംഭിക്കും. മാര്‍ച്ച്‌ അവസാനമോ ഏപ്രില്‍ ആദ്യമോ വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പി.എസ്.സി. പ്രതീക്ഷിക്കുന്നത്. മൂന്ന് കാറ്റഗറികളിലുമായി 5000 മുതല്‍ 6000 വരെ ഉദ്യോഗാര്‍ഥികളായിരിക്കും മുഖ്യപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അത്രയും പേരെ ഉള്‍പ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും. സ്ട്രീം ഒന്നിലാവും ഉയര്‍ന്ന കട്ട് ഓഫ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സ്ട്രീം മൂന്നില്‍ പരീക്ഷയെഴുതിയവരില്‍ വലിയൊരു വിഭാഗം മുഖ്യപരീക്ഷയ്ക്കുള്ള പട്ടികയില്‍ ഇടം നേടിയേക്കും. മുഖ്യപരീക്ഷയെഴുതാനുള്ളവരുടെ പട്ടികയില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേ സമയം കെ.എ.എസ്. കേഡറില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ ഇപ്പോഴും വൈമുഖ്യം തുടരുകയാണ്. മിക്ക വകുപ്പുകളും ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യപരീക്ഷ എഴുതേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നതിന് ഇത് തിരിച്ചടിയാവും.

Related News