Loading ...

Home sports

വിവാദങ്ങള്‍ക്ക് വിട, വനിതാ ലോകകപ്പ് നോക്‌ഔട്ട് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം

അടുത്ത വര്‍ഷം നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ നോക്‌ഔട്ട് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഏര്‍പ്പെടുത്തി ഐ.സി.സി. അടുത്തിടെ കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസം ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരം മഴ മൂലം നടന്നിരുന്നില്ല. റിസര്‍വ് ദിനം ഇല്ലാതിരുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ദിനം ഇല്ലാതിരുന്നതിനെ ചെല്ലി ഐ.സി.സിക്കെതിരെ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയത്. തുടര്‍ന്നാണ് അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച്‌ 7 വരെ നടക്കുന്ന ഏകദിന ലോകകപ്പിന്റെ നോക്‌ഔട്ട് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഏര്‍പ്പെടുത്താന്‍ ഐ.സി.സി തീരുമാനിച്ചത്. ഇത് പ്രകാരം സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഒരു ദിവസം റിസര്‍വ് ദിനമായി ഐ.സി.സി. നല്‍കിയിട്ടുണ്ട്. ആറ് വേദികളിലായാണ് 2021ലെ വനിതാ ഏകദിന ലോകകപ്പ് നടക്കുക. ഈഡന്‍ പാര്‍ക്ക്(ഓക്‌ലാന്‍ഡ്), ബേ ഓവല്‍(ടൗരങ്ങ), സെഡോണ്‍ പാര്‍ക്ക്(ഹാമില്‍ട്ടണ്‍) യൂണിവേഴ്സിറ്റി ഓവല്‍(ഡ്യൂണ്‍ഡിന്‍) ബേസിന്‍ റിസേര്‍വ്(വെല്ലിങ്ടണ്‍) ഹെഗ്ലി ഓവല്‍(ക്രൈസ്റ്റ്ചര്‍ച്ച്‌) എന്നീ വേദികളില്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച്‌ 7ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ വെച്ചാണ് ഫൈനല്‍. 8 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുകയും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്യും.

Related News