Loading ...

Home sports

സ്പാനിഷ് ലീഗില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; വലന്‍സിയ താരം ഐസൊലേഷനില്‍

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വലന്‍സിയയുടെ അര്‍ജന്റീന താരം എസിക്വല്‍ ഗരായിയുടെ പരിശോധനാ ഫലങ്ങളാണ് പോസിറ്റീവായിരിക്കുന്നത്. തന്റെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശമനുസരിച്ച്‌ ഇപ്പോള്‍ ഐസൊലേഷനിലാണെന്നും ഗരായ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം വ്യക്തമാക്കി.

33-കാരനായ താരം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ചികിത്സയിലാണ്. അതേസമയം വലന്‍സിയയുടെ മറ്റ് അഞ്ചു താരങ്ങള്‍ കൂടി നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലോകമെമ്പാടും കോവിഡ്-19 ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തിവെക്കാനാണ് ലാ ലിഗ ഭരണസമിതി തീരുമാനിച്ചത്.


Related News