Loading ...

Home Europe

കോവിഡ് മരണം ഏഴായിരം കടന്നു; ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി ഫ്രാന്‍സ്; സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. 7,007 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158പേര്‍ മരിച്ചു. ലോകത്താകെ കോവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റിമുപ്പത്തിയാറ് പേരാണ്. രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ നടപടി കടുപ്പിച്ച്‌ രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സര്‍ലന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗിതകള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. മരുന്നുകള്‍ക്ക് കടുത്തക്ഷാമമാണ് ഇറ്റലി നേരിടുന്നത്. ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച ഇറ്റലി, രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍.

പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോണ്‍ പ്രഖ്യാപിച്ചു. പരസ്പര സമ്ബര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസ-വ്യാപാര കേന്ദ്രങ്ങള്‍ അടച്ചു. ഇതിനിടെ മരുന്നും വാക്സിനും കണ്ടെത്താനുള്ള ഊ‌ര്‍ജിത ശ്രമം തുടരുകയാണ്. പരീക്ഷണ വാക്സിന്‍ അമേരിക്കയിലെ ആരോഗ്യ വൊളണ്ടിയര്‍മാരില്‍ കുത്തിവച്ചെങ്കിലും ഫലമറിയാന്‍ ഒരു മാസം കാക്കണം. ഓണ്‍ലൈന്‍ കോവിഡ് ടെസ്റ്റ് ടൂളുമായി ഗൂഗിളും രംഗത്തെത്തി. ആദ്യഘട്ടത്തില്‍ കാലിഫോര്‍ണിയയിലാകും സേവനം ലഭ്യമാവുക. രോഗത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ ഐക്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയരുകയാണ്. അടിയന്തരമായി മരുന്ന് വേണമെന്ന ഇറ്റലിയുടെ സഹായ അഭ്യര്‍ത്ഥനയോട് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെര്‍ബിയയും ഇതേ വിമര്‍ശനവുമായി രംഗത്തെത്തി. മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. അത്യാവശ്യക്കാരല്ലാത്ത യാതക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനും പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി.

Related News