Loading ...

Home sports

ഒളിമ്ബിക്‌സിന്റെ കാര്യത്തില്‍ തീരുമാനം നാലാഴ്ചയ്ക്കകം; റദ്ദാക്കില്ല, മാറ്റിവെച്ചേക്കും

ആതന്‍സ്: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് 2020-ലെ ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ഒളിമ്ബിക്‌സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച്‌ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്ബിക്‌സ് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാച്ച്‌ ഞായറാഴ്ച വ്യക്തമാക്കി. ടോക്കിയോ ഒളിമ്ബിക്‌സിന് വെറും നാലു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോവിഡ്-19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഒളിമ്ബിക്‌സ് മാറ്റിവെയ്ക്കാന്‍ വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്‌ലറ്റുകളില്‍ നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്. നോര്‍വേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ബ്രസീലും ഗെയിംസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജൂലായ് ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്ബത് വരെയാണ് ഒളിമ്ബിക്‌സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒളിമ്ബിക്‌സ് റദ്ദാക്കുന്നത് 206 ഓളം ദേശീയ ഒളിമ്ബിക്‌സ് കമ്മിറ്റികളില്‍ നിന്നുള്ള 11,000 ഓളം അത്‌ലറ്റുകളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മറ്റും ഒളിമ്ബിക്‌സ് സ്വപ്‌നത്തെയാണ് ഇല്ലാതാക്കുകയെന്ന് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച്‌. ഈ ഒരു ധര്‍മസങ്കടത്തിലാണ് താനെന്നും പ്രസിഡന്റ് പറയുന്നു. കോവിഡ് 19 ഭീതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും നേരത്തെ പറഞ്ഞിരുന്നു. ഒളിമ്ബിക്‌സ് റദ്ദാക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും എന്നാല്‍ ഗെയിംസ് നടത്തുന്നതിന് കാലതാമസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച മാത്രം കൊറോണ വൈറസ് ബാധിച്ച്‌ 37 പേരാണ് ജപ്പാനില്‍ മരണപ്പെട്ടത്.

Related News