Loading ...

Home Europe

വീട്ടിലിരിക്കൂ, ജീവൻ രക്ഷിക്കൂ, ബിട്ടീഷുകാരോട് അഭ്യര്‍ഥിച്ച്‌ ബോറിസ് ജോണ്‍സണ്‍

ലണ്ടണ്‍: എല്ലാ ബ്രിട്ടീഷ് പൗരന്മാരും വീടുകളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ഥിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടണിലെ മൂന്നുകോടിയോളം വരുന്ന കുടുംബങ്ങള്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍ കത്തയയ്ക്കും. കൈകള്‍ കഴുകുക, വീടിനുള്ളില്‍ തന്നെ കഴിയുക, ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവയടങ്ങിയ ലഘുലേഖയടക്കമുള്ള കത്താണ് ബോറിസ് ജോണ്‍സണിന്റെ പേരില്‍ വീടുകളിലെത്തുക. പൊതുജനത്തെ രോഗത്തേപ്പറ്റി ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 70 ലക്ഷം ഡോളറാണ് ഇതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എല്ലാം ശരിയാകുന്നതിന് മുമ്ബ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് നമുക്കറിയാം.എന്നാല്‍ നമ്മള്‍ നിയമങ്ങള്‍ പാലിക്കുകയും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുമുണ്ട്. ജനജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്നും ബോറിസ് ജോണ്‍സണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലാണ് ഇദ്ദേഹം. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഇദ്ദേഹം അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തേ കൂടാതെ രോഗം സ്ഥിരീകരിച്ച ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കും വീട്ടില്‍ ഇരുന്ന് ജോലികള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ബ്രിട്ടണിലാകെ 17,089 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,019 പേര്‍ ഇതിനോടകം രോഗബാധയേ തുടര്‍ന്ന് മരിച്ചു. അടുത്ത കുറച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ രോഗപ്പകര്‍ച്ച അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വേണ്ടി പബ്ബുകള്‍, കഫേകള്‍, റെസ്റ്റൊറന്റുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News