Loading ...

Home youth

കെ.എ.എസ് പ്രിലിമിനറി ഫലം വൈകിയേക്കും; മുഖ്യപരീക്ഷ ജൂലായില്‍

കേരള ഭരണ സര്‍വീസിന്റെ മുഖ്യപരീക്ഷ ജൂലായില്‍ നടത്തുമെന്ന് പി.എസ്.സി. അറിയിച്ചു. രണ്ടുദിവസങ്ങളായിട്ടായിരിക്കും പരീക്ഷ. തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് മുഖ്യപരീക്ഷ നടത്തുന്നത്. ഇതിന് അര്‍ഹത നേടുന്നവരുടെ പട്ടിക ഏപ്രില്‍ ആദ്യം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ്-19 വ്യാപനത്തിനെതിരേയുള്ള അവധി പ്രഖ്യാപിച്ചതിനാല്‍ ഇത് വൈകാനിടയുണ്ട്. 200 മാര്‍ക്കിനുള്ള പ്രാഥമികപരീക്ഷയുടെ ഏഴ് ചോദ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അതിനാല്‍ 193 മാര്‍ക്കിനാണ് മൂല്യനിര്‍ണയം നടത്തുന്നത്. അതിന്റെ ആദ്യഘട്ടം തുടങ്ങിയപ്പോഴേക്കും സര്‍ക്കാരിന്റ അവധി പ്രഖ്യാപനമെത്തി.അതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടിരിക്കുകയാണ്. മുഖ്യപരീക്ഷയ്ക്ക് മൂന്ന് പേപ്പറാണുള്ളത്. ഓരോന്നിനും 100 മാര്‍ക്ക്. മൂന്നിനും വിവരണാത്മകരീതിയിലാണ് ഉത്തരമെഴുതേണ്ടത്. രണ്ടുമണിക്കൂര്‍വീതമാണ് പരീക്ഷാസമയം. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കണം. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി എഴുതാനാകില്ല. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് എന്ന ഒ.എസ്.എം. സംവിധാനത്തിലൂടെയായിരിക്കും മുഖ്യപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്നത്. ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ലഭ്യമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്. അതിനാല്‍ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് റാങ്കിര്‍ണയത്തിന് പരിഗണിക്കില്ല. മുഖ്യ പരീക്ഷ, അതിനുശേഷം നടത്തുന്ന അഭിമുഖം എന്നിവയുടെ മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക് നിര്‍ണയിക്കുന്നത്. മുഖ്യപരീക്ഷയ്ക്ക് 300, അഭിമുഖത്തിന് 50 എന്നിങ്ങനെയാണ് പരമാവധി മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. റാങ്ക്പട്ടിക നവംബര്‍ 1-ന് പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി. അറിയിച്ചിട്ടുള്ളത്.

Related News