Loading ...

Home cinema

പാഠപുസ്തകം പോലൊരു സിനിമാ ജീവിതം by കെ.എ. സൈഫുദ്ദീന്‍

ചെയ്തുവെച്ച സിനിമകള്‍ ഓരോന്നും ഓരോ പാഠപുസ്തകമാക്കിയ ഒരേയൊരു സംവിധായകനേ മലയാളത്തിലുള്ളു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയും സിനിമ എന്ന മാധ്യമത്തിന്‍െറ സാധ്യതകള്‍ മലയാളത്തിന് ചൊല്ലിക്കൊടുക്കുകയും ചെയ്ത കെ.ജി. ജോര്‍ജ്. 18 വര്‍ഷം മുമ്പ് തന്‍െറ ഒടുവിലത്തെ ചിത്രം സംവിധാനം ചെയ്ത ശേഷം സിനിമയുടെ ലോകത്തില്‍ നിന്നകന്നു നിന്ന ജോര്‍ജിനെത്തന്നെ ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയല്‍ പുരസ്കരത്തിന് കെ.ജി ജോര്‍ജിനെ തെരഞ്ഞെടുക്കുമ്പോള്‍ ആ തീരുമാനത്തിന്‍െറ ഒൗചിത്യത്തെ നിരാകരിക്കാന്‍ ആര്‍ക്കും കഴിയില്ല.മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ ഏതെന്നു ചോദിച്ചാല്‍ ചാടിക്കയറി പറയാനൊരു ഉത്തരമുണ്ട്. ‘പഞ്ചവടിപ്പാലം’. ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമ ഏതെന്നു ചോദിച്ചാല്‍ അതിന്‍െറ ഉത്തരം ‘ആദാമിന്‍െറ വാരിയെല്ല്’ എന്നായിരിക്കും. കാലത്തിനും മുമ്പേ പറക്കുക എന്നത് ആലങ്കാരികമായൊരു പ്രയോഗമല്ലെന്ന് നമ്മള്‍ അമ്പരപ്പോടെ കണ്ടിരിക്കുക, വീണ്ടും ജോര്‍ജിന്‍െറ സിനിമകളിലൂടെ പോകുമ്പോഴാണ്. മലയാള സിനിമയുടെ ഫ്ലാഷ്ബാക്ക് ആണ് ഒരര്‍ത്ഥത്തില്‍ കെ.ജി. ജോര്‍ജിന്‍െറ സിനിമകള്‍.

മുഹമ്മദ് ബാപ്പു, രാമചന്ദ്രബാബു, കബീർ റാവുത്തർ, ജിതിൻ ശ്യാം എന്നിവരോടൊപ്പം കെ.ജി ജോർജ് (photo courtesy: ramachandrababu.blogspot.com)
 

കാലമിത്രയായിട്ടും പിടികിട്ടാതെ ചാഞ്ചക്കം ചാടുന്ന അതിശയ പ്രതിഭാസമാണ് മനുഷ്യമനസ്സ്. അതിനിഗൂഢമായ മനോവ്യാപാരങ്ങളെ അതിസമര്‍ഥമായി വാക്കുകളില്‍ ആവഹിച്ച എഴുത്തുകാര്‍ മലയാളത്തിലും ഏറെയുണ്ട്. പക്ഷേ, വ്യാഖ്യാന ശാസ്ത്രത്തിന്‍െറ വാഗ് വിലാസങ്ങള്‍ക്ക് വഴങ്ങാതെ ബലംപിടിച്ചുനിന്ന തിരഭാഷ്യത്തിലേക്ക് മനസ്സുകളുടെ സൂക്ഷ്മ സഞ്ചാരങ്ങളെ വിദഗ്ധമായി പരിഭാഷപ്പെടുത്തിയത് കെ.ജി. ജോര്‍ജ് മാത്രമായിരുന്നു.
മരംചുറ്റി വലഞ്ഞ പ്രണയ തീരങ്ങളില്‍ കറുപ്പിലും വെളുപ്പിലുമായി കറങ്ങിത്തിരിഞ്ഞ സിനിമാ കാലത്തായിരുന്നു ‘സ്വപ്നാടനം’ (1975) എന്ന തന്‍െറ കന്നിച്ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് കെ.ജി. ജോര്‍ജ് സിനിമക്കാരനായി കയറിവന്നത്. കലാ മൂല്യങ്ങള്‍ കൈമോശം വരാതെ മികച്ച കച്ചവട സിനിമയും എങ്ങനെ സൃഷ്ടിക്കാമെന്ന് രാമു കാര്യാട്ടെന്ന ചലച്ചിത്ര ഗുരുവില്‍നിന്ന് പഠിച്ച പാഠങ്ങള്‍ കുറച്ചുകൂടി മിഴിവോടെ അവതരിപ്പിക്കുകയായിരുന്നു ജോര്‍ജ്. മനുഷ്യ ജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങളോട് കെ.ജി. ജോര്‍ജ് ആവര്‍ത്തിച്ച ഒബ്സെഷന്‍ തന്‍െറ ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ച് വിജയിച്ചതായിരുന്നു. ‘സ്വപ്നാടനം’ പേരുപോലെ പുറംലോകത്തിന് പിടി കൊടുക്കാത്ത മന:സംഘര്‍ഷങ്ങളിലൂടെ സഞ്ചരിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ടായിരുന്നു ഈ പുതുക്കക്കാരന്‍ മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ചത്.
രാമചന്ദ്രബാബു, ഭരത് ഗോപി, കെ.ജി ജോർജ്
 

മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ചെറുപ്പക്കാര്‍ കൂപ്പുകുത്തി വീണ എഴുപതുകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്കായിരുന്നു ജോര്‍ജിന്‍െറ ‘രാപ്പാടികളുടെ ഗാഥ’ (1977) ക്യാമറ തിരിച്ചത്.  അസംതൃപ്തമായ ദാമ്പത്യത്തിന്‍െറ ഉള്‍പ്പിരിവുകള്‍ അധികമൊന്നും പ്രമേയമാകാതിരുന്ന കാലത്തായിരുന്നു à´† ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്. നായകന്മാര്‍ക്ക് മാത്രം പ്രാധാന്യമുള്ള സിനിമകളുടെ സ്ഥിരം പാറ്റേണില്‍ ജോര്‍ജ് മാറ്റം വരുത്തിയത് ശ്രദ്ധാപൂര്‍വമായിരുന്നു.  നായകനില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്തത്രയും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയും ജോര്‍ജ് സൃഷ്ടിച്ചു. ‘മണ്ണി’ല്‍ ശാരദയും ‘ഉള്‍ക്കടലി’ല്‍ ശോഭയും ‘മേള’യില്‍ അഞ്ജലിയും ‘യവനിക’യില്‍ ജലജയും ‘ആദാമിന്‍െറ വാരിയെല്ലി’ല്‍ ശ്രീവിദ്യയും സുഹാസിനിയും സൂര്യയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്ത്രീ കഥാപാത്രങ്ങളുടെ ചിരപരിചിതമായ വഴികളില്‍ നിന്ന് വേറിട്ടവയായിരുന്നു.
1980ല്‍ മേളയെന്ന ചിത്രത്തിലൂടെ സര്‍ക്കസ് കൂടാരത്തിലെ കുള്ളന്മാരുടെ ജീവിതത്തിലേക്ക് കടന്നുചെന്ന ജോര്‍ജ്, മമ്മൂട്ടി എന്ന നടനെ മലയാള സിനിമക്ക് ധൈര്യപൂര്‍വം വെച്ചുനീട്ടി. ‘യവനിക’യിലൂടെ മമ്മൂട്ടി അനിഷേധ്യ നടനായി മാറി. തിലകന്‍ എന്ന നടനെ മലയാളം അംഗീകരിച്ചതും യവനികയിലൂടെയായിരുന്നു. ഈ ചിത്രത്തിലെ നാടക മുതലാളിയുടെ വേഷത്തിന് മികച്ച സഹനടനുള്ള പുരസ്കാരം തിലകന് ലഭിച്ചു. സസ്പെന്‍സ് ത്രില്ലറിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി നിസ്സഹായരായ മനുഷ്യര്‍ പെട്ടുപോയ സങ്കീര്‍ണ ജീവിതത്തിന്‍െറ ഗദ്ഗദങ്ങളായിരുന്നു ആ സിനിമ പറഞ്ഞത്.
ഫെഫ്കയുടെ മാസ്റ്റർ അവാർഡ് കെ.ജി ജോർജിന് സമ്മാനിച്ചപ്പോൾ (photo courtesy: blog.meerasahib.com)
 

1984ല്‍ ഇറങ്ങിയ പഞ്ചവടിപ്പാലം മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായി. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ രാഷ്ട്രീയ തിരിമറികളുടെ പിന്നാമ്പുറ കസര്‍ത്തുകള്‍ പഞ്ചവടി പഞ്ചായത്തിന്‍െറ ഭരണ കുതന്ത്രങ്ങളിലൂടെ ജോര്‍ജ് തെളിച്ചു കാണിച്ചപ്പോള്‍ മലയാളികള്‍ ആര്‍ത്തു ചിരിക്കുക മാത്രമായിരുന്നില്ല, ഭരണപക്ഷവും പ്രതിപക്ഷവും വേദിക്കു പുറത്ത് കെട്ടിപ്പുണരുന്ന സര്‍വകാലിക രാഷ്ട്രീയത്തിന്‍െറ പ്രതിരൂപം കണ്ടു ഞെട്ടിത്തരിക്കുക കൂടിയായിരുന്നു.
രാഷ്ട്രീയം അതിനെക്കാള്‍  ആക്ഷേപഹാസ്യമായ കാലങ്ങള്‍ നിരവധി ആവര്‍ത്തിച്ചിട്ടും പഞ്ചവടിപ്പാലത്തെ മറികടക്കാന്‍ പോന്ന ഒരു കറുത്ത ഹാസ്യ ചിത്രം ഉണ്ടായില്ല എന്നതാണ് ജോര്‍ജ് എത്രയോ കാലങ്ങള്‍ക്കു മുന്നില്‍ സഞ്ചരിച്ച സംവിധായകനായിരുന്നു എന്നതിന് ഏറ്റവും മികച്ച തെളിവ്. ഭരത് ഗോപി, തിലകന്‍, നെടുമുടി വേണു, ശ്രീവിദ്യ, ജഗതി ശ്രീകുമാര്‍, സുകുമാരി, വേണു നാഗവള്ളി എന്നിവര്‍ മത്സരിച്ചഭിനയിച്ച സിനിമ വന്‍ ഹിറ്റായിരുന്നപ്പോഴും കലാമൂല്യത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്തില്ല. നടന്‍ സുകുമാരന്‍ നിര്‍മിച്ച് ജോര്‍ജ് സംവിധാനം ചെയ്ത  ‘ഇരകള്‍’ മനുഷ്യ മനസ്സിന്‍െറ ഇരുണ്ട ഗര്‍ത്തങ്ങളെക്കുറിച്ചാണ് പറഞ്ഞത്. യവനിക പോലെ മറ്റൊരു സസ്പെന്‍സ് ത്രില്ലറായിരുന്നു ‘ഈ കണ്ണികൂടി’.
കെ.ജി ജോർജും ഭാര്യ സൽമയും (photo courtesy: www.newindianexpress.com)
 

ജോര്‍ജിന്‍െറ സിനിമകളില്‍ പ്രമേയങ്ങളുടെ വൈവിധ്യം മാത്രമായിരുന്നില്ല, ഓരോ സിനിമയും ചലച്ചിത്ര പഠിതാക്കള്‍ക്കുള്ള എക്കാലത്തെയും മികച്ച പാഠപുസ്തകവുമായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വായത്തമാക്കിയ സിനിമയുടെ നല്ല പാഠങ്ങളെ കോംപ്രമൈസുകള്‍ക്ക് കീഴടങ്ങാതെ കച്ചവട സിനിമയിലേക്കും കൊണ്ടുപോയി എന്നതാണ് കെ.ജി. ജോര്‍ജിന്‍െറ മിടുക്ക്. അദ്ദേഹത്തിന് ആകെ പാളിയത് ‘ഇലവങ്കോട് ദേശം’ എന്ന ഒടുവിലത്തെ സിനിമയായിരുന്നു. സമകാലികമായ ജീവിതങ്ങളെ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി പഴങ്കാലത്തിന്‍െറ കെട്ടുകഥയിലേക്ക് മമ്മൂട്ടിയെ കെട്ടിയിറക്കാന്‍ നടത്തിയ ശ്രമമായിരുന്നു കെ.ജി. ജോര്‍ജിന്‍െറ പാളിപ്പോയ ആ ചലച്ചിത്ര പരീക്ഷണം. നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്തു പോയതാണ് ആ ചിത്രമെന്ന് അദ്ദേഹം തന്നെ തുറന്നു കുറ്റസമ്മതം നടത്തി ആ പാപത്തിന്‍െറ പുറംതോട് പൊളിച്ചു കളഞ്ഞിട്ടുമുണ്ട്.
സിനിമയില്‍ തന്‍െറ ചുവടു പിഴയ്ക്കുന്നുവെന്ന് തോന്നിയതു കൊണ്ടാവണം ‘ഇലവങ്കോട് ദേശ’ത്തിനു ശേഷം (1998) മറ്റൊരു സിനിമ ചെയ്യാന്‍ നില്‍ക്കാതെ സിനിമയിലെ തന്‍െറ നല്ലകാലങ്ങളുടെ ഫ്ലാഷ്ബാക്ക് ഓര്‍ത്ത് അദ്ദേഹം ഒതുങ്ങിക്കൂടുകയായിരുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ ജീവിച്ചിച്ചിരിക്കുന്നവരില്‍ സമഗ്ര സംഭാവനക്കുള്ള പരമോന്നത പുരസ്കാരം ലഭിക്കാന്‍ എന്തു കൊണ്ടും യോഗ്യരായ രണ്ടുപേരില്‍ ഒരാളാണ് കെ.ജി. ജോര്‍ജ്്. മറ്റൊരാള്‍ ഇനിയും പുരസ്കാരം പുണരാത്ത ശ്രീകുമാരന്‍ തമ്പി.

Related News