Loading ...

Home Business

മൊറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടിയതോടെ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി ഭീഷണിയില്‍

ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്‌പക്കാര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ആശങ്കയിലാണ്. 2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ നിഷ്‌ക്രിയ ആസ്തിയില്‍ (എന്‍‌പി‌എ) ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധ ബാങ്കുകള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അവരുടെ കുടിശ്ശികയുള്ള വായ്‌പകളില്‍ 25 മുതല്‍ 30 ശതമാനം വരെ മൊറട്ടോറിയത്തിന് കീഴിലാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, എന്‍‌ബി‌എഫ്‌സി, ഹൗസിംഗ് ഫിനാന്‍സ് കമ്ബനികള്‍, സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ തുടങ്ങിയവയാണ് ഇതില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വന്‍കിട വായ്‌പക്കാരുടെ മൊറട്ടോറിയത്തിന് കീഴിലുള്ള വായ്പകള്‍ 30 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ മൈക്രോ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കുന്നതിനാല്‍ ബന്ദന്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇത് 71 ശതമാനമാണ്. ഐസിഐസിഐ ബാങ്കിന്റെ കാര്യത്തില്‍ റീട്ടെയില്‍ വായ്‌പ വിഭാഗത്തില്‍ കൂടുതല്‍ ഉപഭോക്താക്കളും മൊറട്ടോറിയം തിരഞ്ഞെടുത്തിരുന്നു. അതായത് വാണിജ്യ വാഹന വായ്‌പക്കാര്‍, ഇരുചക്ര വാഹന ഉപഭോക്താക്കള്‍, ഗ്രാമീണ വായ്‌പക്കാര്‍ തുടങ്ങി നിരവധി പേര്‍ മൊറട്ടോറിയം തിരഞ്ഞെടുത്തു. കൊട്ടക് മഹീന്ദ്ര ബാങ്കിനെ സംബന്ധിച്ചിടത്തോളം മൊത്തവ്യാപാര വിഭാഗത്തേക്കാള്‍ റീട്ടെയില്‍ വിഭാഗത്തിലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ മൊറട്ടോറിയം തിരഞ്ഞെടുത്തത്. മിക്ക ബാങ്കുകളുടേയും റീട്ടെയില്‍ വിഭാഗത്തിലെ വായ്‌പകളില്‍ നല്ലൊരു ശതമാനം മൊറട്ടോറിയത്തിന് കീഴിലാണ്.സെപ്‌റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയില്‍ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്. ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തിക് ഏവിയേഷന്‍, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ശമ്ബളം വെട്ടിക്കുറയ്‌ക്കലിനൊപ്പം പിരിച്ചുവിടലുകളും നടക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ തുടര്‍ന്നും മൊറട്ടോറിയം സൗകര്യം തിരഞ്ഞെടുക്കുമെന്നാണ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സെപ്റ്റംബറിന് ശേഷം അതായത് മൊറട്ടോറിയം ആനുകൂല്യങ്ങള്‍ അവസാനിച്ചതിന് ശേഷം മാത്രമേ നിഷ്‌ക്രിയ ആസ്തിയെക്കുറിച്ചുള്ള യഥാര്‍ത്ഥ കണക്ക് ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയം വീണ്ടും നീട്ടിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മൂന്ന് മാസമായിരുന്നു മൊറട്ടോറിയം കാലാവധി. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് ആര്‍ബിഐ വീണ്ടും മൊറട്ടോറിയം നീട്ടിയത്.

Related News